കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ സ്‌ട്രോങ് റൂമിൽ പൂട്ടിയിട്ട ശേഷം നാലു കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെ ഉള്ളിൽ കയറിയ മോഷ്ടാവ്, സെക്യൂരിറ്റി ജീവനക്കാരൻ കിടന്നുറങ്ങിയിരുന്ന സ്‌ട്രോങ് റൂം പുറത്തു നിന്നു പൂട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കോട്ടയം ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങളിലെ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും സൂക്ഷിച്ചിരുന്ന മുറിയിലാണ് സെക്യൂരിറ്റിയെ പൂട്ടിയിട്ടത്. തുടർന്ന് കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചികളും ബലിക്കൽപ്പുരയ്ക്കു സമീപത്തെ രണ്ടു കാണിക്കവഞ്ചികളും തകർത്ത് പണമെടുത്തു. കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയുടെ പുറംപൂട്ട് പൊളിച്ചെങ്കിലും ഉള്ളിലെ പൂട്ട് പൊളിക്കാൻ കഴിയാതിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു.
കാണിക്കവഞ്ചികളിൽ നിന്ന് നോട്ടുകൾ മാത്രമാണ് കവർന്നത്. സി.സിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് സൂചന. ബർമുഡ മാത്രം ധരിച്ചിരുന്ന മോഷ്ടാവ് മങ്കി ക്യാപ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ പരതി നടന്ന ശേഷം മോഷണമുതലുമായി ഇതേ വഴിയിലൂടെ തന്നെ പുറത്തിറങ്ങി രക്ഷപ്പെട്ടു. പുലർച്ചെ പൂജാരിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ നിന്ന് മോചിപ്പിച്ചു. പുലർച്ചെ മൂന്നോടെ തോളിൽ ബാഗും തൂക്കി ഇയാൾ നടന്നു പോകുന്ന ദൃശ്യങ്ങൾ സമീപപ്രദേശത്തെ സി.സിടിവി കാമറകളിലുമുണ്ട്. ശിവരാത്രിക്ക് ശേഷം കാണിക്കവഞ്ചിയിൽ നിന്നു പണം എടുത്തതിനാൽ അയ്യായിരം രൂപയിൽ താഴെ മാത്രമേ നഷ്ടമായിട്ടുണ്ടാകൂവെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു ജീവനക്കാർക്കെതിരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.രാധാകൃഷ്‌ണപിള്ള അറിയിച്ചു.