panjab

ചരിത്രകാരൻ എം.ജി. ശശിഭൂഷൺ കേരളകൗമുദിയോട് പറഞ്ഞത്

സിക്ക് രാജാവായിരുന്നെങ്കിലും ഹിന്ദു മുസ്ളിം ഭേദമില്ലാതെ ഇന്ത്യൻ ജനതയുടെ പുനരുജ്ജീവനത്തിന് പരിശ്രമിച്ച മഹാനായ നേതാവായിരുന്നു മഹാരാജ് രഞ്ജിത് സിംഗ്. അദ്ദേഹത്തിന് ഒരു മലയാളി ബന്ധമുണ്ട്.

പയ്യന്നൂർ സ്വദേശിയായ ഒരു ബാലൻ കാശിയിൽ പിതൃതർപ്പണത്തിനെത്തി. അവിടെ വച്ച് അമ്മയും മരിച്ചതോടെ ബാലൻ അനാഥനായി. ഈ കുട്ടി മഹാരാജ രഞ്ജിത് സിംഗിന്റെ ശ്രദ്ധയിൽപ്പെട്ടു. ബാലന്റെ പ്രവചനാത്മക സംഭാഷണങ്ങളിൽ രാജാവിന് മതിപ്പ് തോന്നി. അവനെ തന്റെ മന്ത്രിസഭയിൽ ഉപദേഷ്ടാവായി നിയമിച്ചു. പിൽക്കാലത്ത് ശങ്കർനാഥ് ജ്യോത്സ്യർ എന്നറിയപ്പെട്ട ആ കുട്ടിയുടെ യഥാർത്ഥ പേര് ശങ്കർനാഥ് പണ്ഡിറ്റ് എന്നായിരുന്നു. യുദ്ധത്തിന് പോകുമ്പോൾ മഹാരാജാവ് ശങ്കർനാഥിന്റെ അഭിപ്രായം തേടിയിരുന്നു. വർഷം 3000 രൂപയായിരുന്നു അവന്റെ പ്രതിഫലം. രാജ്യതന്ത്രജ്ഞനെന്ന പ്രസിദ്ധി നേടിയതോടെ ലോർഡ് വില്യം ബന്റിക് ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ശങ്കർനാഥിന്റെ ഉപദേശം തേടിയെത്തി. അഫ്ഗാനുമായുള്ള യുദ്ധത്തിൽ ശങ്കർനാഥ് മഹാരാജാവിനൊപ്പം പങ്കെടുത്തിരുന്നു.

മഹാരാജാവിന്റെ മരണശേഷം അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ മകനുമായി നല്ല ബന്ധമുണ്ടാക്കാൻ ശങ്കർനാഥിന് കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കേരളത്തിലെത്തി. 1827ൽ സ്വാതിതിരുനാളിന്റെ സദർ കോടതിയിൽ ചീഫ് ജസ്റ്റിസായി. തുടർന്ന് കൊട്ടാരം ഫൗസദാരി കമ്മീഷണറുമായി. ആറ്റുകാൽ നിന്ന് വിവാഹം കഴിച്ചു. പാലക്കാട് വടക്കാഞ്ചേരിയിൽ ഒരു കാമാക്ഷി ക്ഷേത്രവും സത്രവും പണിയിച്ചു. 1858 ൽ മരിച്ചു.