മുംബയ്: യെസ് ബാങ്കിനായി രക്ഷാപാക്കേജ് തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾ, ബാങ്ക് ഓഹരി ഉടമകൾ, നിക്ഷേപകർ, ബാങ്കുകൾ തുടങ്ങിയവയിൽ നിന്ന് റിസർവ് ബാങ്ക് അഭിപ്രായങ്ങൾ ക്ഷണിച്ചു. മാർച്ച് ഒമ്പതുവരെ ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് രക്ഷാപാക്കേജ് തയ്യാറാക്കും.
അതിനിടെ, യെസ് ബാങ്കിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് എസ്.ബി.ഐ വ്യക്തമാക്കി. 2,450 കോടി രൂപ നിക്ഷേപിച്ച് 49 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള ശ്രമമാണെന്ന് അറിയുന്നു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട യെസ് ബാങ്കിനുമേൽ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തു. ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക പ്രതിദിനം 50,000 രൂപയായും നിശ്‌ചയിച്ചു.
റിസർവ് ബാങ്ക് ഇതിനകം കരട് രക്ഷാപാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം പുതിയ ഡയറക്‌ടർ ബോർഡിനെ നിയോഗിക്കും. ഓഹരി ഏറ്റെടുക്കുന്ന ബാങ്കിന്റെ രണ്ടു നോമിനികളും റിസർവ് ബാങ്ക് നിയോഗിക്കുന്ന സ്വതന്ത്ര ഡയറക്‌ടർമാരും ബോർഡിലുണ്ടാകും. ബാങ്കിലെ ഉന്നതരെ പുറത്താക്കാൻ ബോർഡിന് അധികാരം നൽകും. ജീവനക്കാർക്ക് പരമാവധി ഒരുവർഷത്തേക്ക് നിലവിലെ ശമ്പളം തുടരും. റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടപ്രകാരം പുതിയ ശാഖകൾ തുറക്കാനും നിലവിലെ ശാഖകൾ കുറയ്ക്കാനും ബാങ്കിന് അധികാരം നൽകും. യെസ് ബാങ്കിന്റെ ഓഹരി ഘടനയിലും റിസർവ് ബാങ്ക് മാറ്റം വരുത്തും. മാർച്ച് ഒമ്പതിന് ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ പാക്കേജ് ഒരുക്കുക.
''യെസ് ബാങ്ക് ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. ആർക്കും പണം നഷ്‌ടമാവില്ല. ബാങ്കിന്റെ പ്രശ്‌നങ്ങൾ പഠിച്ച്, റിസർവ് ബാങ്ക് രക്ഷാപാക്കേജ് തയ്യാറാക്കും"",
നിർമ്മല സീതാരാമൻ,
കേന്ദ്ര ധനമന്ത്രി