mahesh-narayanana

നടി പാർവതി തിരുവോത്തിന് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ.

ടേക്ക് ഓഫ് എന്ന സിനിമയുമായി ബന്ധപ്പെട്ട് പാർവതി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് മഹേഷ് നാരായണന്റെ വിമർ‌ശനം,​ ഇസ്ലാമോഫോബിയ എന്താണെന്ന് പാർവതിക്ക് അറിയില്ലെന്നും ഒരു മതത്തെയും സമുദായത്തെയും ടേക്ക് ഓഫിൽ പരിഹസിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണൻ നിലപാട് വ്യക്തമാക്കിയത്.എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ് എന്നിങ്ങനെ താൻ അഭിനയിച്ച സിനിമകളിൽ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന നടി പാർവതിയുടെ പരാമർശം നേരത്തെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ടേക്ക് ഓഫിനെ പാർവതി തന്റെ സിനിമ എന്ന് പറഞ്ഞതിനെതിനെയും സംവിധായകൻ വിമർശിച്ചു. സിനിമ എപ്പോഴും എഴുത്തുകാരന്റേയും സംവിധായകന്റേയുമാണെന്നും അഭിനേതാക്കൾക്ക് തന്റെ സിനിമ എന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.. സിനിമ റിലീസായതിന് ശേഷം അഭിനയിച്ചവർക്ക് ആർക്കും പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും എന്നാൽ തനിക്ക് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക രാജ്യമായ ഇറാനിലെ റെസിസ്റ്റൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ടേക്ക് ഓഫ് ആയിരുന്നു. തിരഞ്ഞെടുക്കുന്നതിന് മുമ്പ് ജൂറിക്ക് വേണ്ടി സ്‌ക്രീനിംഗ് നടത്തിയിരുന്നു. ടേക്ക് ഓഫിൽ ഇസ്ലാമോഫോബിയ ഉണ്ടെങ്കിൽ ഇറാനിൽ സിനിമ തിരഞ്ഞെടുക്കപ്പെടില്ലായിരുന്നു. ടേക്ക് ഓഫ് എപ്പോഴാണ് പാര്‍വതിയുടെ സിനിമ ആയതെന്ന് അറിയില്ല. സിനിമ സംവിധായകന്റെയാണ്, ഒരു തിരക്കഥ എഴുതി താത്പര്യം ഉണ്ടെങ്കിൽ ചെയ്താൽ മതിയെന്ന് പറഞ്ഞിട്ടാണ് കൊടുക്കുന്നത്. മാലിക്കിലും അങ്ങനെ തന്നെയാണ്. ആരെയും നിർബന്ധിച്ച് സിനിമ ചെയ്യാറില്ല. താത്പര്യമില്ലെങ്കിൽ ചെയ്യണ്ട. ടേക്ക് ഓഫിനെതിരെ സൗദിയിൽ നിന്നും ഒരു ഫത്‌വ ലഭിച്ചിരുന്നു. അത് ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ടല്ല. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യമായി സൗദിയെ അവതരിപ്പിച്ചു എന്നു പറഞ്ഞാണ്. ഒരു മതത്തെയും സമുദായത്തെയും ടേക്ക് ഓഫിൽ പരിഹസിച്ചിട്ടില്ല' മഹേഷ് നാരായണൻ പറഞ്ഞു.

മഹേഷിന്റെ പ്രതികരണം ചർചയായതോടെ അദ്ദേഹത്തിനെതിരേ വിമർശനവുമായി സിനിമ രംഗത്തുള്ളവർ തന്നെ രംഗത്തെത്തി. സംവിധായകൻ മുഹ്‌സിൻ പെരാരി, തിരക്കഥാകൃത്ത് ഇർഷാദ് എന്നിവരാണ് മഹേഷിന്റെ പ്രതികരണത്തിനെതിരേ രംഗത്തെത്തിയത്. താൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയയെ സംബന്ധിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ആർജവം കാണിച്ച പാർവതി തിരുവോത്തിനോട് ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും മഹേഷ് നാരായണൻ കാണിച്ചില്ല എന്ന് മുഹ്‌സിൻ പെരാരി ഫേസ്ബുക്കിൽ കുറിച്ചു. ഇസ്‌ലാമോഫോബിയയെ കുറിച്ച് മാത്രമല്ല സ്ത്രീവിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അജ്ഞനാണെന്നും മുഹ്‌സിൻ കുറിച്ചു.