siddique

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷികളായ നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ ഇന്ന് വിചാരണക്കോടതി വിസ്തരിക്കും. കുറ്റകൃത്യം നടത്തിയശേഷം പ്രതികൾ കടന്നു കളയാൻ ഉപയോഗിച്ച പെട്ടി ഓട്ടോയും ബൈക്കും ഇന്നലെ വിസ്തരിച്ച സാക്ഷികൾ തിരിച്ചറിഞ്ഞു. ഒന്നാം പ്രതി പൾസർ സുനിയുടെ അടുപ്പക്കാരായ മനു, നെൽസൺ, സാജൻ എന്നിവരെയാണ് ഇന്നലെ കോടതി വിസ്തരിച്ചത്. ഇവരാണ് പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞത്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ രഹസ്യ വിചാരണയാക്കിയിട്ടും സാക്ഷി മൊഴികളും മറ്റും മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നതിനെതിരെ പ്രതിഭാഗം ഹർജി നൽകി. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു കൂറു മാറിയെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നിരുന്നു.