ലണ്ടൻ : ലോകചരിത്രത്തിലെ എക്കാലത്തെയും മഹാനായ നേതാവായി ഇന്ത്യയിലെ സിക്ക് രാജാവായ മഹാരാജാ രഞ്ജിത്ത് സിംഗിനെ തിരഞ്ഞെടുക്കപ്പെട്ടത് എബ്രഹാം ലിങ്കൺ മുതൽ വിൻസ്റ്റന്റ് ചർച്ചിൽ വരെയുള്ള ലോകനേതാക്കളെ പിന്നിലാക്കിയാണ്. പട്ടികയിൽ യു.കെ, യുഎസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച 20 നേതാക്കളുണ്ടായിരുന്നു.
ആഗോള ചരിത്രകാരന്മാരായ മാത്യു ലോക്‌വുഡ്, റാണ മിറ്റർ, മാർഗരറ്റ് മാക്മില്ലൻ, ഗസ് കാസ്ലി-ഹെയ്ഫോർഡ് എന്നിവരാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ സിക്ക് സാമ്രാജ്യം സ്ഥാപിച്ച അദ്ദേഹം സഹിഷ്ണുതയിലൂന്നിയ പുതിയ രാജ്യം സൃഷ്ടിച്ചെന്ന് ലോകചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു.
പട്ടികയിലെ മറ്റ് സ്ഥാനക്കാർ
2. അമിൽകർ കബ്രാൾ (25 ശതമാനം വോട്ട്)
ആഫ്രിക്കൻ സ്വാതന്ത്ര്യസമര പോരാളി. പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നുള്ള മോചനത്തിനായി പൊരുതി രക്തസാക്ഷിയായ അനശ്വര വിപ്ളവകാരി.
3. വിൻസ്റ്റൻ ചർച്ചിൽ
ബ്രിട്ടീഷ് പ്രധാനമന്ത്രി (7 ശതമാനം വോട്ട്)
രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റലറോട് കീഴടങ്ങാതെ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി ( 1940 - 45). ഹിറ്റ്ലറുടെ ജർമ്മനി ഉൾപ്പെട്ട അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടന്റെ ദേശീയ വികാരം ജ്വലിപ്പിച്ച തകർപ്പൻ പ്രാസംഗികൻ. 1951 - 55ൽ വീണ്ടും പ്രധാനമന്ത്രി. സാഹിത്യത്തിനുള്ള നൊബൽ സമ്മാനം
4.എബ്രഹാം ലിങ്കൺ
മുൻ അമേരിക്കൻ പ്രസിഡന്റ് . അമേരിക്കയിലെ ആഭ്യന്തര യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി നയിച്ചു. അടിമത്തം നിരോധിച്ചു.
5. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 1 (4 ശതമാനം വോട്ട്)
പട്ടികയിൽ ഏറ്റവുമധികം വോട്ട് നേടിയ വനിത
കലാപരൂഷിത ഇംഗ്ളണ്ടിൽ സമാധാനവും ദേശീയതയും പുനഃസ്ഥാപിച്ച രാജ്ഞി.
ജൊവാൻ ഒഫ് ആർക്ക്
ചരിത്രത്തിലെ ഏറ്റവും ധീരയായ വനിത. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിന്റെ വീരവനിത. ഇംഗ്ലീഷ് ആധിപത്യത്തിൽ നിന്ന് ഫ്രാൻസിനെ രക്ഷിക്കാൻ 13-ാം വയസിൽ ആൺവേഷം കെട്ടി യുദ്ധം നയിച്ചു. വെളിപാടുകളുടെ അടിസ്ഥാനത്തിൽ സൈനികരെ പ്രചോദിപ്പിച്ചു. 19-ാം വയസിൽ ശത്രുക്കൾ പിടികൂടി ചുട്ടുകൊന്നു. 500 വർഷത്തിന് ശേഷം ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ജൊവാൻ ഒഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
കാതറിൻ ദ ഗ്രേറ്റ്
1762 ൽ ഭർത്താവ് പീറ്റർ മൂന്നാമനെ അട്ടിമറിച്ച് റഷ്യയുടെ അധികാരം പിടിച്ചെടുത്ത ചക്രവർത്തിനി. റഷ്യയെ യൂറോപ്പിലെ വൻശക്തിയാക്കി. കാതറിന്റെ ഭരണ കാലം റഷ്യൻ ചരിത്രത്തിലെ സുവർണകാലം.
പട്ടികയിലുള്ള മറ്റ് നേതാക്കളെപ്പോലെ പ്രശസ്തനല്ല മഹാരാജാ രഞ്ജിത്ത് സിംഗ്. എന്നിട്ടും അദ്ദേഹത്തിന്റെ നേതൃഗുണം ഈ 21-ാം നൂറ്റാണ്ടിലും ലോകജനതയെ പ്രചോദിപ്പിക്കുന്നു.ആഗോളരാഷ്ട്രീയ സമ്മർദ്ദങ്ങളുടെ കാലത്ത് രഞ്ജിത്ത് സിംഗിന്റെ ഭരണകാലത്തെ സഹിഷ്ണുത, സ്വാതന്ത്ര്യം, സഹകരണം എന്നിവ വിലമതിക്കാനാവാത്തതാണ്.
- മാറ്റ് എൽട്ടൺ,
ബി.ബി.സി വേൾഡ് ഹിസ്റ്ററി മാഗസിൻ എഡിറ്റർ