pinarayi-vijayan

തിരുവനന്തപുരം: കൊറോണ രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് പഠിക്കാൻ തെലങ്കാന ഉന്നത സംഘം കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കണ്ടു. രാജ്യത്ത് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് തെലങ്കാന ജി.എച്ച്.എം.സി അഡീഷണൽ കമ്മീഷണർ ബി. സന്തോഷ് ഐ.എ.എസ് പറഞ്ഞു. കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചത് കൊണ്ടാണ് മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടും രോഗം പകരാതെ തടയാൻ കഴിഞ്ഞതെന്ന് ആരോഗ്യമന്ത്രി സംഘത്തോട് വിശദീകരിച്ചു. രോഗത്തെ പ്രതിരോധിക്കുന്നതിനായി ഒഡിഷ, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങൾ സഹായം അഭ്യർത്ഥിച്ചിട്ടുള്ളതായും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

തുടർന്ന് കേരളം പിന്തുടർന്ന പ്രതിരോധ മാർഗങ്ങളെക്കുറിച്ചും സംവിധാനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് തെലങ്കാന സർക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തിയത്. രണ്ട് ദിവസം സന്ദർശനത്തിൽ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അടുത്തറിയാനുള്ള സൗകര്യങ്ങൾ ഇവർക്കായി കേരള സർക്കാർ ഒരുക്കിയിട്ടുണ്ട്.

'മൂന്ന് പേർക്ക് പോസിറ്റീവായിട്ട് പോലും ഒരാളിലും വ്യാപിക്കാതെ രോഗപ്പകർച്ച തടയാനായി. തെലങ്കാനയിലും മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഒരേ മാർഗ്ഗനിർദേശങ്ങളാണ് പിന്തുടരുന്നതെങ്കിലും അതിലുപരി കേരളത്തിന്റെ പ്രവർത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്ക് പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുന്നത്.' തെലങ്കാന ഉന്നത സംഘത്തിലെ പ്രതിനിധി പറഞ്ഞു. സർക്കാരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് തെലങ്കാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും സംഘം അറിയിച്ചു.