തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളായ ഏഷ്യാനെറ്റ് ന്യൂസിനും എതിരെ 48 മണിക്കൂർ വിലക്ക് ഏർപെടുത്തിയതിനെതിരെ പ്രതിഷേധം പുകയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ ഈ അങ്ങേയറ്റം മോശമായ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ, കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല, വി.ടി ബൽറാം എന്നിവരാണ് ഇതിൽ പ്രമുഖർ. കേന്ദ്ര സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണുള്ളതെന്നുമാണ് മന്ത്രി കടകംപള്ളി പ്രതികരിച്ചിരിക്കുന്നത്.
മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചപ്പോൾ ജനാധിപത്യ സ്നേഹികൾ ഈ നടപടിയെ ഒറ്റക്കെട്ടായി എതിർക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഭരണകൂട ഭീകരത ഉപയോഗിച്ച് വർഗീയ കലാപം നടത്തുന്നത് മറച്ചുവെക്കാനാണ് ഇത്തരം കുത്സിത ശ്രമങ്ങങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണനും പ്രതികരിച്ചു. ഭരണകൂടം നിശബ്ദതയും സമ്പൂർണ വിധേയത്വവുമാണ് ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമും പ്രതികരിച്ചു. നേതാക്കളുടെ പ്രതികരണങ്ങൾ ചുവടെ.
കോടിയേരി ബാലകൃഷ്ണൻ:
പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ, അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്.
ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് നടപ്പിലാക്കിയ ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വിലക്ക്. മിനിസ്റ്റ്രി ഓഫ് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് ഈ മലയാളം ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂർ വിലക്കിയിരിക്കുന്നത്. നേരത്തെ മോഡി സർക്കാർ എൻ ഡി ടി വിയെയും ഇത്തരത്തിൽ റദ്ദ് ചെയ്തിരുന്നു. ആർ എസ് എസിൻ്റെ താൽപ്പര്യത്തിനനുസരിച്ച് വാർത്താവിന്യാസം നടത്തിയില്ലെങ്കിൽ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന ഭീഷണിയാണ് മോഡി സർക്കാർ ഉയർത്തുന്നത്.
ഡൽഹി കലാപത്തിൽ കേന്ദ്രസർക്കാരും പൊലീസും കാണിക്കുന്ന നിസംഗതയും ആർ എസ് എസ് സംഘപരിവാരത്തിൻ്റെ വർഗീയ ഭ്രാന്തുമൊക്കെ ചാനലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. കലാപം റിപ്പോർട്ട് ചെയ്‌തപ്പോൾ സന്തുലിതമായി കാര്യങ്ങൾ അവതരിപ്പിച്ചില്ല, ഡൽഹി പൊലീസിനെയും ആർഎസ്‌എസിനെയും പ്രതിസ്ഥാനത്ത് നിർത്തി തുടങ്ങിയുള്ള കാരണങ്ങൾ പറഞ്ഞാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നീക്കം ഫാസിസ്റ്റ് രീതിശാസ്ത്രമല്ലാതെ മറ്റൊന്നല്ല.
ഭരണകൂട ഭീകരതയെ ഉപയോഗിച്ച് വർഗീയ കലാപം നടത്തുന്നത് മറച്ചുവെക്കാനാണ് ഇത്തരം കുത്സിത ശ്രമങ്ങൾ. പാർലമെൻ്റിൽ പോലും ഡൽഹി കലാപത്തെ കുറിച്ച് ചർച്ച നടത്താൻ മോഡി സർക്കാർ തയ്യാറാവുന്നില്ല. ജനങ്ങളിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് കേന്ദ്ര സർക്കാരിന് ഏറെ നാൾ മുന്നോട്ടു പോകാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരേണ്ടതുണ്ട്.
രമേശ് ചെന്നിത്തല:
മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റകെട്ടായി എതിർക്കണം. ഡൽഹി കലാപത്തിന്റെ വസ്തുതകൾ പുറംലോകത്തെ അറിയിച്ചതിൽ കലിപൂണ്ട ബിജെപി സർക്കാരിന്റെ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവർത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.കലാപത്തിന് ആഹ്വാനം ചെയ്തവർ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീർചിത്രങ്ങൾ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സർക്കാർ ചെയ്യുന്നത്.
ആർ. എസ്. എസിനെ വിമർശിച്ചത് പോലും കുറ്റമായി വാർത്താ പ്രക്ഷേപണമന്ത്രാലയം ചാനലുകൾക്ക് നൽകിയനോട്ടീസിൽ പറയുന്നത്. സംഘപരിവാറിനു മുന്നിൽ മാധ്യമങ്ങൾ കീഴടങ്ങണം എന്ന സന്ദേശമാണ് ഈ നോട്ടീസിന്റെ ഉള്ളടക്കം. മാധ്യമ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യത്തിന് നേരേ ഉയരുന്ന മഴുവാണ്.
സർക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിത്. രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടൻ അവസാനിപ്പിക്കണം.
കാനം രാജേന്ദ്രൻ:
ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസുപോലും നൽകാതെ നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണ്. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്ന് അഭ്യർഥിക്കുന്നു.
കടകംപള്ളി സുരേന്ദ്രൻ:
കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സൂചനയാണ് ഈ നടപടിയിലൂടെ ലഭിക്കുന്നത്.
വി.ടി ബൽറാം:
ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും 48 മണിക്കൂർ വിലക്ക്. ദില്ലി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ. ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത്, സമ്പൂർണ്ണ വിധേയത്വവും. തിരിച്ചെങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. ജനങ്ങൾ തീരുമാനിക്കണം.