തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റിസർവ് ബാങ്ക് ഏറ്റെടുത്ത യെസ് ബാങ്കിൽ കിഫ്ബിക്ക് ഉണ്ടായിരുന്നത് 268.47 കോടിയുടെ നിക്ഷേപം. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. എന്നാൽ യെസ് ബാങ്കിലെ പ്രതിസന്ധി തിരിച്ചറിഞ്ഞ് നിക്ഷേപം മുഴുവനായി ആഗസ്റ്റിൽ പിൻവലിച്ചത് വൻ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ കിഫ്ബിയെ തുണച്ചു. ബാങ്കിന്റെ റേറ്റിംഗ് ഇടിയുന്നത് കണ്ടാണ് നിക്ഷേപം പിൻവലിച്ചത്. ഏതു ബാങ്കിലാണ് നിക്ഷേപം വേണ്ടെതെന്ന് നിശ്ചയിക്കാൻ കിഫ്ബിക്ക് പ്രത്യേക സമിതിയുണ്ട്. ഈ സമിതിയുടെ ഇടപെടലാണ് യെസ് ബാങ്ക് പ്രതിസന്ധിയിൽ രക്ഷയായതെന്ന് കെ.എം.എബ്രഹാം പറഞ്ഞു.
കിഫ്ബിയുടെ 268 കോടി രൂപ യെസ് ബാങ്കിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. 9.72 ശതമാനം പലിശയ്ക്ക് എടുത്ത മസാല ബോണ്ട് 7.5 ശതമാനത്തിന് യെസ് ബാങ്കിൽ നിക്ഷേപിച്ചത്. ഈ 268 കോടി രൂപ ഇപ്പോൾ നഷ്ടപെട്ട അവസ്ഥയാണെന്നും ഇതിനുത്തരവാദി ധനമന്ത്രി തോമസ് ഐസക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നിരവധി ന്യൂജനറേഷൻ ബാങ്കുകളിലായി കിഫ്ബിയുടെ 675 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു
ഇതിന് പിന്നാലെയാണ് പണം നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കി കിഫ്ബി സി.ഇ.ഒയുടെ പ്രതികരണം.