തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടോ രക്തസ്രാവമുണ്ടായോ സംഭവിക്കുന്നതാണ് മസ്തിഷ്കാഘാതം. പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളരുക , മുഖം കോടിപ്പോവുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, പെട്ടെന്ന് നിൽക്കുമ്പോഴും നടക്കുമ്പോഴും ശരീരം ആടിപ്പോവുക, പെട്ടെന്ന് കാഴ്ചയോ ബോധമോ നഷ്ടപ്പെടുക, ഭക്ഷണവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ.രക്തക്കുഴലുകളുടെ തകരാറാണ് കാരണം. രക്തക്കുഴലുകൾ തകരാറിലാകാൻ കാരണം അമിത രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, രക്തത്തിലെ അമിത കൊഴുപ്പ് , വ്യായാമമില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ, വാർദ്ധക്യം (65 വയസിന് മുകളിൽ ), പാരമ്പര്യ ഘടകങ്ങൾ എന്നിവയിലേതുമാകാം. രക്തക്കുഴൽ പൊട്ടിയുണ്ടാകുന്ന മസ്തിഷ്കാഘാതത്തിന് പ്രധാന കാരണം അമിത രക്തസമ്മർദ്ദമാണ്. ചെറുപ്രായത്തിലുള്ള മസ്തിഷ്ക്കാഘാതത്തിന്റെ കാരണങ്ങൾ അറിയാൻ വിദഗ്ദ്ധ പരിശോധന വേണ്ടിവരും. രോഗിയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചാൽ ധമനിയിലെ തടസം നീക്കാൻ മരുന്ന് കൊടുക്കാം. ആദ്യലക്ഷണം തുടങ്ങിയശേഷം നാലര മണിക്കൂറിനുള്ളിൽ ചികിത്സ ചെയ്യേണ്ടതാണ്.