തിരുവനന്തപുരം: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും സംപ്രേഷണം പുനരാരംഭിച്ചു. ഇന്നലെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഇരു ചാനലുകൾക്കും 48 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു. ഡിജിറ്റൽ ഫ്ലാറ്റ്‌ഫോമുകളിൽ രാത്രി 7.30 മുതൽ ചാനലുകൾ ലഭ്യമായിരുന്നില്ല.
വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് തടയുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് രണ്ടു ചാനലുകൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വാർത്താ സംപ്രേക്ഷണത്തിൽ ജാഗ്രത പാലിച്ചെന്ന ചാനലുകളുടെ വിശദീകരണം മന്ത്രാലയം തള്ളി. മാർച്ച് എട്ട് രാത്രി ഏഴര വരെയാണ് സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വിലക്കിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു.