novel

അടുത്ത നിമിഷം സിദ്ധാർത്ഥ് അമ്മയുടെ ശവപ്പെട്ടിയിൽ ഒന്നു തൊട്ടു തൊഴുതു.

''ക്ഷമിക്കണം അമ്മേ.. എനിക്കിപ്പോൾ ഇങ്ങനെ ചെയ്യാനാണ് തോന്നുന്നത്."

മിന്നൽ വേഗത്തിൽ അവൻ കുഴിയിൽ നിന്നു ചാടിക്കയറി. വൈറസ് മാത്യുവിനെയും പിടിച്ചുകയറ്റി.

തുടർന്ന് സിദ്ധാർത്ഥ് ജെ.സി.ബിയുടെ ഡ്രൈവർ സീറ്റിലെത്തി.

റോങ് സൈഡുവഴി പോലീസിന്റെ ബൊലേറോ ഹെഡ് ലൈറ്റുകൾ തെളിച്ച് സൈറനിട്ടുകൊണ്ട് പാഞ്ഞുവരുന്നത് അവൻ കണ്ടു.

''എടാ... അവരെ തടയ്. ഞാൻ ഈ കുഴി മൂടുന്നതുവരെ അവർ ഇവിടെ എത്താൻ പാടില്ല."

കൂട്ടുകാരെ നോക്കി സിദ്ധാർത്ഥ് വിളിച്ചുപറഞ്ഞു.

''വാടാ..."

ചെമ്പല്ലി സുരേഷും പിന്നാലെ ബാക്കി ഡ്രൈവന്മാരും.

കുഴിയ്ക്ക് ഏതാണ്ട് ഇരുപത് മീറ്റർ അകലെ വച്ച് അവർ പോലീസ് വാഹനം തടഞ്ഞു.

''അങ്ങോട്ട് മാറെടാ..." എസ്.ഐ ബോബികുര്യൻ അലറിക്കൊണ്ട് ചാടിയിറങ്ങി.

പക്ഷേ ഡ്രൈവറന്മാർ അയാൾക്കു മുന്നിൽ ഒരു മനുഷ്യമതിൽ തീർത്തു.

''എങ്ങോട്ടാ സാറേ ഇത്ര ധൃതിയില്?" മീറ്റർ ചാണ്ടി ചിരിച്ചു. ''സാറ് വായുഗുളിക വാങ്ങാൻ വന്നതല്ലല്ലോ..."

''അവനെന്താ അവിടെ കാണിക്കുന്നത്?" അയാൾ പല്ലിറുമ്മി.

''ഓ അതോ..." ചെമ്പല്ലി സുരേഷ് നിസ്സാരവൽക്കരിച്ചു. ''വല്യവല്യ മഹാന്മാര് മരിച്ചു വീണ സ്ഥലം ഇന്നും പവിത്രമായി സൂക്ഷിക്കുന്നില്ലേ? അതുപോലെ ഒരു കർമ്മം. സിദ്ധാർത്ഥിന്റെ അമ്മ അവിടെവച്ചാ മരിച്ചത്. നിങ്ങളാരും ആ ആംബുലൻസ് കടന്നുപോകുവാൻ സമ്മതിക്കാത്തതുകൊണ്ട്. മരിക്കുന്നതിനു തൊട്ടുമുൻപ് ആ അമ്മ സിദ്ധാർത്ഥിനോടു പറയുന്നത് ഞങ്ങളും കേട്ടതാ."ഇവിടെത്തന്നെ അടക്കം ചെയ്യണേ"യെന്ന്. അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കേണ്ടത് ഒരു മകന്റെ കടമയല്ലേ? സാറായാലും ആ കടമ ചെയ്യത്തില്ലേ?"

ബോബികുര്യൻ ചെമ്പല്ലി സുരേഷിനെ ക്രുദ്ധമായി നോക്കി.

''സുരേഷേ... ഇത് തീക്കളിയാ..." ഒപ്പം അയാൾ ഓട്ടോക്കാരെ ശ്രദ്ധിച്ചു.

എല്ലാ മുഖത്തും നിശ്ചയദാർഢ്യത. തന്റെ കൂടെ അഞ്ചു പോലീസുകാരേയുള്ളു. ഇവർ തങ്ങളുടെ പത്തിരട്ടിയിൽ കൂടുതൽ വരും.

ബോബികുര്യൻ പെട്ടെന്ന് സെൽഫോൺ എടുത്തു.

''എസ്.പി സാറിനെ വിളിക്കാനാവും. പുള്ളിക്കാരൻ പത്തനംതിട്ടയിൽ നിന്നിങ്ങു വരുമ്പോഴേക്കും ഇവിടെ ശവമടക്കും പുലകുളിയും കഴിയും."

മീറ്റർ ചാണ്ടി പരിഹസിച്ചു.

അവന്റെ തോളിനു മുകളിലൂടെ ബോബികുര്യൻ കണ്ടു. സിദ്ധാർത്ഥ് ജെ.സി.ബി പിന്നോട്ടെടുക്കുന്നു. ശേഷം കോരിയുയർത്തിയ മണ്ണ് ജെ.സി.ബിയുടെ റ്റീത്ത് കൊണ്ട് മാറ്റുന്നു. ഓട്ടോക്കാരോട് ഏറ്റുമുട്ടിയാൽ അത് പിന്നെ വലിയ വിഷയമാകുമെന്ന് എസ്.ഐയ്ക്ക് അറിയാം. നിസ്സഹായനായി അയാൾ സി.പി.ഒ ഗുണശീലനെയും മറ്റ് പോലീസുകാരെയും നോക്കി.

അവരുടെ മുഖങ്ങളിലും അതേ ഭാവം!

കേബിൾ വിഷൻകാർ പോലീസും ഡ്രൈവറന്മാരുമായുള്ള വാഗ്വാദങ്ങളും ക്യാമറയിൽ ഒപ്പിയെടുത്തിട്ട് വീണ്ടും കുഴിക്കരുകിലേക്കു നീങ്ങി.

അഞ്ചു മിനിട്ട്.

സിദ്ധാർത്ഥ് ക്രൂരമായ ഒരാനന്ദത്തോടെ കുഴി മൂടിക്കഴിഞ്ഞു.

പിന്നെ ജെ.സി.ബി കൊണ്ടുതന്നെ അത് ഉറപ്പിച്ചു. തുടർന്ന് ചുറ്റും നോക്കി.

റോഡുപണിക്ക് ഇറക്കിയിട്ടിരിക്കുന്ന ചിപ്സിന്റെ കൂമ്പാരം കണ്ടു.

ജെ.സി.ബി ഉപയോഗിച്ച് അവൻ ചിപ്സുകോരി കുഴിക്കു പുറത്തു വിതറി. ഇപ്പോൾ അവിടെ അങ്ങനെയൊരു കുഴി ഉണ്ടായിരുന്നതായി ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. വാഹനങ്ങളിൽ വന്നവരും അല്ലാത്തവരുമായ അസംഖ്യം പേർ തങ്ങളുടെ സെൽഫോൺ വഴി ഈ രംഗങ്ങൾ പകർത്തുകയും ലൈവായി ഫെയ്സ്‌ബുക്ക്, യൂട്യൂബ് അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു...

വാഹനങ്ങൾ ഇരുവശത്തേക്കും പോകത്തക്കവിധത്തിൽ സിദ്ധാത്ഥ് ജെ.സി.ബി ഒതുക്കിനിർത്തി.

പിന്നെ അമ്മയുടെ ബോഡി കൊണ്ടുവന്ന ആംബുലൻസിന്റെ ഡ്രൈവറെ കൈയാട്ടി വിളിച്ചു.

''ഇനി പോരെ..."

കുഴിക്കു മുകളിലൂടെ ആംബുലൻസ് ഇപ്പുറം കടന്നു.

പിന്നിൽ നിരന്നു കിടന്നിരുന്ന വാഹനങ്ങൾ സാവധാനം ആംബുലൻസിനു പിന്നാലെ വന്നു.

ഡ്രൈവറന്മാർ ഇരുവശത്തേക്കും മാറിക്കൊടുത്തു. ആംബുലൻസിനു മുന്നിൽ നടന്നുവന്നിരുന്ന സിദ്ധാർത്ഥും എസ്. ഐ ബോബികുര്യനും മുഖാമുഖം!

നാലു കണ്ണുകളും പരസ്പരം കോർത്തു വലിച്ചു.

''കേറെടാ ജീപ്പില്."

''എന്തിനാ സാറേ.... ഞാൻ ഒരു ശവമടക്കു കഴിഞ്ഞു വരികയാ.... ആ കർമ്മം കഴിഞ്ഞാലുടൻ കുളിക്കണമെന്നാ. ഞാൻ പോയി ഒന്നു കുളിക്കട്ടെ... അത് കഴിയുമ്പം മേലാപ്പീസറന്മാരുമായിട്ട്
ആലോചിച്ചേച്ച് സാറങ്ങുവാ. ഞാൻ വീട്ടിൽത്തന്നെ കാണും."

അവന്റെ കൂസലില്ലായ്മ എസ്.ഐയെ അമ്പരപ്പിച്ചു.

അയാളെ തീർത്തും അവഗണിച്ച് സിദ്ധാർത്ഥ് ആംബുലൻസിന്റെ ഫ്രണ്ട് ഡോർ തുറന്നു കയറി.

സുരേഷും ചാണ്ടിയും മാത്യുവും പിന്നിലും മറ്റ് ഡ്രൈവറന്മാർ തങ്ങൾ വന്ന ഓട്ടോകളിലും.

സിദ്ധാർത്ഥ് തല പുറത്തേക്കു നീട്ടി.

''സാറേ... തൂക്കിക്കൊല്ലാനുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ... തൂക്കിക്കൊല്ലാൻ വിധിച്ചവരുതന്നെ ഹർജികൾ മാറിമാറി കൊടുത്ത് തിഹാർ ജയിലിൽ കിടക്കുന്നു! ഇത് ഇന്ത്യാ മഹാരാജ്യമാ സാറേ..."

ബൊലോറെയെ ഒഴിഞ്ഞ് ആംബുലൻസ് ചീറിപ്പാഞ്ഞുപോയി.

(തുടരും)