ന്യൂഡൽഹി: 31 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യം മുഴുവൻ ആശങ്കയിലാണ്. രോഗ വ്യാപനം തടയാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ആശുപത്രികളിലും വീടുകളിലുമായി നിരവധിയാളുകൾ നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, കൊറോണ ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ഒരാളെ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളിൽ ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ സാമ്പിളുകൾ ശേഖരിച്ച് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചു. ഫലം ഇന്ന് ലഭിക്കും.ജമ്മു കാശ്മീരിലും രണ്ട് പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. കൊറോണ ഭീതിയിൽ ജമ്മു, സാംബ ജില്ലകളിലെ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചതായി സർക്കാർ അറിയിച്ചു.
തായ്‌ലാൻഡിൽ നിന്ന് തിരിച്ചെത്തിയ ഡൽഹി സ്വദേശിയ്ക്കാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 28 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.