antony-perumbavoor

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ സൂപ്പർ ഹിറ്റായിരുന്നു. 2019ലെ മികച്ച ചിത്രങ്ങളിലൊന്ന്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ അദ്ദേഹത്തിന്റെ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയും,​മോഹൻലാലും മഞ്ജുവാര്യരുമുൾപ്പെടെയുള്ള താരങ്ങളുടെ സാന്നിദ്ധ്യവും മലയാള സിനിമാ പ്രേക്ഷകരും ആകാംക്ഷയ്ക്ക് ആക്കം കൂട്ടി.

ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല. അതുവരെ നടനായി കണ്ടിരുന്ന വ്യക്തിക്ക് സംവിധായകന്റെ വേഷവും നന്നായി ഇണങ്ങുമെന്ന് മലയാള സിനിമാ ലോകവും തിരിച്ചറിഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വേളയിൽ പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ.

'എമ്പുരാൻ ചെയ്യാൻ അഞ്ച് ചിത്രങ്ങളെങ്കിലും രാജുവിന് വേണ്ടെന്നുവയ്‌ക്കേണ്ടിവരും. ഇത്രയ്ക്കും ആത്‌മാർത്ഥതയുള്ള ഒരു സംവിധായകനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യൻ സിനിമയിലെ ഹിറ്റ്‌ മേക്കറുടെ ആദ്യ നിരയിൽ അധികം വൈകാതെ പൃഥ്വിരാജ് സ്ഥാനം പിടിക്കും. ലൂസിഫർ കണ്ട് രജനീകാന്തും ഷാരൂഖ് ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവർ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ'- ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.