kaumudy-news-headlines

1. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ മാന നഷ്ട കേസില്‍ പുന പരിശോധനാ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം അഡിഷണല്‍ സബ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, ചാരക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കരുത് എന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട് ഇരിക്കുന്നത്. കോടതി പരിഗണനയിലുള്ള വിഷയം അല്ല അതെന്നാണ് ഹര്‍ജിയിലെ പരാമര്‍ശം. നിയമ വിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ നേരത്തെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് ഒത്തുതീര്‍പ്പ് ആക്കാന്‍ 1.3 കോടി രൂപ നല്‍കണം എന്ന ശുപാര്‍ശ മന്ത്രിസഭാ യോഗം നേരത്തെ തത്വത്തില്‍ അംഗീകരിച്ച് ഇരുന്നു


2. കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 31 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിലയിരുത്തി. കരസേന 1500 പേര്‍ക്കുള്ള കരുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. സൈനികരും സൈനിക കേന്ദ്രങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. സേനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ഡല്‍ഹി സര്‍ക്കാരിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് ഒരു മാസത്തേക്ക് ഒഴിവാക്കി. അടിയന്തിര മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിര്‍ദ്ദേശം നല്‍കി.
3. അതേസമയം, കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് രാവിലെ പുറപ്പെടേണ്ട കുവൈറ്റ് വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. ഇന്ത്യയെ കൂടാതെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന ഉത്തരവ് കഴിഞ്ഞ ദിവസം കുവൈറ്റ് റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈറ്റില്‍ 59 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഇരിക്കുന്നത്
4. ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 മരണങ്ങള്‍ കൂടുകയാണ്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയില്‍ ഒരാഴ്ചയ്ക്കിടെ 4,600 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ചൈനയില്‍ മാത്രം 3,015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 124 പേരാണ് രോഗം ബാധിച്ച് ഇറാനില്‍ മരിച്ചത്
5. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തില്‍ അധികം പേര്‍ രോഗ ബാധിതരായി ചികിത്സയിലാണ്. അതിനിടെ വത്തിക്കാനിലും, സെര്‍ബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ 80 വയസ്സുകാരന്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി 8.3 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ടുള്ള അടിയന്തിര ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. വെള്ളിയാഴ്ച മാത്രം 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി.
6. മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകള്‍ ഉണ്ട്. അതിനുള്ളില്‍ നിന്ന് കൊണ്ടാണ് അത് ചെയ്യേണ്ടത്. നിയമത്തിന് അതീതമായി ഇടപെടാന്‍ ആര്‍ക്കും അവകാശം ഇല്ല. നിയമം ലംഘിച്ചു കൊണ്ടാകാരുത് ആളുകളുടെ പരാതികള്‍ പരിഹരിക്കേണ്ടത്. എല്ലാ സര്‍വകലാശാലകളും നിയമം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകള്‍ നല്ല് മികവ് പുലര്‍ത്തണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്ല പ്രതിച്ഛായ ആണുള്ളത്. സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലെ റിപ്പോര്‍ട്ട് ആര്‍ക്കും എതിരല്ല എന്നും എല്ലാവരും നിയമം അനുസരിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രമുള്ളതാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
7. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വാങ്ങാന്‍ താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ആഗോള തലത്തില്‍ താല്‍പര്യ പത്രം ക്ഷണിച്ചു. 10 ബില്യണ്‍ ഡോളര്‍ അറ്റദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. 52.98 ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ ആകില്ല. മെയ് 2ന് അകം താല്‍പര്യമുള്ളവര്‍ അപേക്ഷ നല്‍കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണ് ബി.പി.സി.എല്‍. കേരള സര്‍ക്കാര്‍ ബി.പി.സി.എല്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.