msk-pradeep

ന്യൂഡൽഹി: ബി.സി.സി.ഐയുടെ മുഖ്യ ടീംസെലക്ടറായുള്ള എം.സ്.കെ പ്രസാദിന്റെ കാലാവധി രണ്ടു ദിവസത്തിനുള്ളിൽ അവസാനിക്കും. മുൻ ഇന്ത്യൻ സ്പിന്നർ സുനിൽ ജോഷിയാകും അദ്ദേഹത്തിന്റെ പകരക്കാരനാവുക. 2019 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. സ്ഥാനമാറ്റത്തോടുകൂടി ടീംസെലക്ടർമാർക്കെതിരെയുണ്ടായിരുന്ന വിമർശൻങ്ങൾക്ക് അറുതിവരുമെന്നാണ് ബി.സി.സി.ഐ കരുതുന്നത്. മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള ടീമാണ് ഇന്ത്യയുടെതെന്നും ചെറിയചില മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ മെച്ചപ്പെടുമെന്നും പ്രസാദ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന പ്രസാദിനോട് ടീംസെലക്റ്റിഗ് കമ്മിറ്റിയിലുണ്ടായിരുന്നപ്പോൾ കൈവരിച്ച വലിയ നേട്ടമെന്ത് എന്ന ചോദ്യത്തിന് 'ധോണിയുടെ പകരക്കാരനായി കോലിയെ തിരഞ്ഞെടുത്തത് ' എന്ന മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടു.

ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്ന പടനായകൻ എന്ന നിലയിൽ ധോണിയും,​ കോലിയും സമർദ്ധരാണെന്നാണ് പ്രസാദിന്റെ വാദം. ധോണി കൈവരിച്ച ടീമിന്റെ ശക്തി ചോരാതെ തന്നെ കോലി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതും ആ പരിവർത്തന സമയവും വ്യക്തിപരമായി വിലയിരുത്തിയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

2015ൽ റോജർ ബിന്നിയുടെ കാലാവധി തീർന്നപ്പോൾ അദ്ദേഹത്തിന്റെ പകരക്കാരനായാണ് എം.സ്.കെ പ്രസാദ് രംഗത്തെത്തിയത്. തന്റെ കരിയറിലെ പ്രധാന നേട്ടമായി പ്രസാദ് പറയുന്നത് ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി വിരാടിനെ കൊണ്ടുവന്നതാണ്. ഇതിലിത്ര ആശ്ചര്യമെന്തെന്ന് ചോദിച്ചാൽ മികച്ച ക്യാപ്റ്റനും കൗശലക്കാരനും,​ മാച്ച് ഫിനിഷറുമായ ധോണിക്ക് പട്ടെന്ന് ഒരു പകരക്കാരനെ കണ്ടുപിടിക്കുക അത്ര നിസാരമല്ല. 2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ധോണി വിരമിച്ചപ്പോൾ അദ്ദേഹത്തിന് പകരക്കാരനായി പരീക്ഷിച്ചത് വിരാടിനെയാണ്, അദ്ദേഹം അത് ഭംഗിയായി ചെയ്തു. 2017ൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ നിന്ന് ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞപ്പോൾ ടെസ്റ്റ് ടീമിന്റെ നായകനായിരുന്ന കോലി ബാക്കി ഫോർമാറ്റിലേക്കും പരീക്ഷിക്കപ്പെടുകയും,​ നായകനെന്ന നിലയിൽ തിളങ്ങുകയും ചെയ്തു. മൂന്ന് ഫോർമാറ്റിലെയും ലോകോത്തര ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോലി ഒന്നാമതാണെന്നുള്ളതും നായകസ്ഥാനമേൽക്കാൻ കോലിക്ക് കൂട്ടായതായും പ്രസാദ് പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ തോറ്റതോടെ ധോണിയുടെ ഭാവി തുലാസിലായിരുന്നു. ഇതിനെതിരെ ആരാധകരുടെ വിമർശനങ്ങൾ ടീംസെലക്ടർമാർക്കെതിരെയെത്തി. നിലവിലെ സാഹചര്യത്തിൽ ധോണിയുടെ ഭാവിയെപ്പറ്റി ധോണിക്ക് നല്ല ധാരണയുണ്ടെന്നും അത് അദ്ദേഹം മാനേജ്മെന്റിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ടീംസെലക്ടർ പറഞ്ഞു. ഹാർദിക്ക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും ടെസ്റ്റ് ടീമിലേക്ക് പരീക്ഷിച്ചത് എം.സ്.കെയാണ്.