കോഴിക്കോട്: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കൊടിയത്തൂര്‍, വേങ്ങേരി പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ തീരുമാനം. ഇതിനായി മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പത്തുകിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മുൻകരുതലുകളെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. രോഗം പടരുന്ന സാഹചര്യമില്ലെന്നും നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.