എന്തേ പെണ്ണുങ്ങള്‍ക്ക് കള്ള് ചെത്തിക്കൂടെ? ചോദിക്കുന്നത് പന്നിയൂരിലെ ഷീജേച്ചിയാണ്. കണ്ണൂര്‍ കണ്ണവം സ്വദേശിയായ ഇവര്‍ പെണ്ണിന് കൈവളകള്‍ മാത്രമല്ല കാലില്‍ തളയിട്ട് തെങ്ങു കയറാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെ ആദ്യ പെണ്‍ കള്ള് ചെത്ത് തൊഴിലാളിയാണ് ഷീജ. പ്രാരാബ്ദം കൊണ്ട് ജീവിതം വഴിമുട്ടിയപ്പോള്‍ ഉരച്ച് മൂര്‍ച്ചകൂട്ടിയ വാള്‍കത്തിയും കുടവും, അരയില്‍ ഉറപ്പിച്ചുകെട്ടി നിശ്ചയദാര്‍ഢ്യത്തോടെ ഷീജ ചെന്ന് കയറിയത് കള്ള് ചെത്ത് തൊഴിലിലേക്കാണ്. അൽപം അഭിമാനത്തോടെത്തന്നെ ഷീജ പറയുന്നു.
കയ്പേറിയ അനുഭവങ്ങള്‍ ഒന്നൊന്നായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഭർത്താവിന്‍റെ തൊഴിൽ തന്നെ സ്വീകരിക്കേണ്ടി വന്നു ഷീജയ്ക്കും. ഭര്‍ത്താവ് ജയകുമാറിന് അപകടം പറ്റിയപ്പോഴാണ് ഷീജ കത്തിയും കുടവുമെടുത്തിറങ്ങിയത്. രണ്ടു കുട്ടികളുടെ പഠനവും, കുടുംബത്തിന്‍റെ നിത്യ ചെലവുമൊക്കെ എങ്ങിനെ മുമ്പോട്ട് കൊണ്ടുപോകാനാവുമെന്ന് വലിയൊരു ചോദ്യചിഹ്നമായി ഉയർന്നപ്പോൾ മറുത്തൊന്നും ഷീജ ചിന്തിച്ചില്ല. മധുരക്കള്ളുപോലെ മധുരം നുണയുന്ന ജീവിതത്തിനായി പോരാടുകയാണിന്നിവള്‍.
ചുരിദാറിനൊപ്പം ഷർട്ടും ഒരു തോർത്തുമുണ്ടുമായി നേരം പുലരുമ്പോള്‍ വീട്ടിൽ നിന്നിറങ്ങും. അരയിൽ പണിയായുധങ്ങളായ കത്തിയും കുടവും കൂടെകരുതും. കയറുകൊണ്ട് വലിച്ചു മുറുക്കി കെട്ടിയ തേങ്ങാചകിരിയില്‍ ചവിട്ടി നേരെ തെങ്ങിന് മുകളിലിലേക്ക്. ചകിരി കെട്ടുന്നതിനും അതിന്റേതായ ക്രമം ഉണ്ട്. ചകിരി കമഴ്ത്തിവച്ച് കയറുകൊണ്ട് മുറുക്കെ കെട്ടണം. പടിപടിയായി തെങ്ങറ്റം വരെ അങ്ങിനെ കെട്ടും. അതാണ് തെങ്ങിന് മുകളില്‍ എത്താനുള്ള ചവിട്ട് പടി.
ഷീജയുടെ വാക്കുകള്‍...
കഴിഞ്ഞ മേയിലാണ് കള്ള് ചെത്ത് തൊഴിലിലേക്കെത്തിയത്. സ്വന്തം വീട് ചെറുവാഞ്ചേരിയാണ്. ഏഴാം ക്ലാസുവരെ പഠിച്ചിട്ടുണ്ട് ഞാന്‍. എട്ടാം ക്ലാസിലേക്ക് ജയിച്ച് കുറച്ചു ദിവസം പോയി പിന്നെ തുടര്‍ന്നു പഠിച്ചില്ല. കല്യാണം കഴിച്ച് കൊണ്ടുവന്നതാണ് കണ്ണവത്തെ പന്നിയൂരിലേക്ക്. ഭർത്താവിന് കള്ളു ചെത്തായിരുന്നു ജോലി. ഒരു ദിവസം കള്ള് ചെത്ത് കഴിഞ്ഞ് ഷാപ്പിലേക്ക് പോകുന്ന വഴി വണ്ടി ആക്സിഡൻറായി. കയ്യുടെ എല്ല് പൊട്ടി. പണിക്ക് പോകാന്‍ കഴിയാത്ത സ്ഥിതി വന്നു.
ജീവിതം മുന്നോട്ട് പോകണ്ടേ? ഒരു വഴിയും കണ്ടില്ല. സ്കൂൾ തുറക്കുന്ന സമയമായിരുന്നു. മക്കളായ വിഷ്ണു എട്ടാം ക്ലാസിലും വിസ്മയ അഞ്ചിലും പഠിക്കുന്നു. അപ്പോൾ കുടുംബം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെയും അഞ്ചാറ് മാസം കഴിഞ്ഞാണ് ഭര്‍ത്താവിന്‍റെ തൊഴില്‍ തന്നെ ഉപജീവത്തിനായി സ്വീകരിച്ചത്.
ഒരു മാസം തെങ്ങുകയറി പഠിച്ചു. ഭർത്താവ് പറഞ്ഞു തന്നു. അങ്ങനെ പഠിച്ചു. അതിനുമുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. അത് രണ്ടു മൂന്ന് മാസം കഴിഞ്ഞാലേ പൈസ കിട്ടൂ. അതിനേക്കാള്‍ ഭേദപ്പെട്ടത് കള്ള് ചെത്തായിത്തോന്നി. അത് കൊണ്ട് സ്ഥിരമായി ഈ തൊഴിലിലേക്ക് തിരിഞ്ഞു. ആദ്യം തെങ്ങ് കയറിത്തുടങ്ങിപ്പോൾ തലകറങ്ങലും ചർദ്ദിയും വന്നതായി ഷീജ പറയുന്നു. ഇന്ന് കള്ള് ശേഖരിക്കാനായി ഒട്ടും പരിഭ്രമമില്ലാതെ എത്ര ഉയരമുള്ള തെങ്ങിൽ പോലും ഷീജ നിത്യേന കയറിയിറങ്ങുന്നു.
അധികം ഉയരമില്ലാത്ത തെങ്ങിലാണ് കയറിപ്പഠിച്ചതെന്നും ഷീജ പറയുന്നു. രാവില അഞ്ച് മണിയാകുമ്പോള്‍ എഴുന്നേല്‍ക്കും. ആറ് മണിയാകുമ്പോള്‍ കള്ളുചെത്താനായി ഇറങ്ങും. ഇന്നിപ്പോള്‍ ജയകുമാറും കള്ള് ചെത്തുന്നുണ്ട്. പരിക്കുകളൊക്കെ ഭേദമായി. രണ്ട്പേരുംഒരുമിച്ച് കള്ള് ചെത്താന്‍ പോകുന്നു. പന്നിയൂര്‍ പ്രദേശങ്ങളിലായിത്തന്നെയാണ് പോകാറെന്ന് ഇവര്‍ പറയുന്നു. മൂന്ന് നേരമാണ് കള്ള് ചെത്താന്‍ പോകാറ്. രാവിലെ, വൈകന്നേരം പിന്നെ ഉച്ചയ്ക്കും. ഒരു ദിവസം എട്ട് തെങ്ങുവരെ ഷീജ കെട്ടും. ആദ്യമൊക്കെ അഞ്ചാറ് ലിറ്റർ കിട്ടി, പിന്നീട് പത്ത് ലിറ്റര്‍ വരെ ലഭിച്ചിട്ടുണ്ടെന്നും ഷീജ പറയുന്നു. ഇപ്പോള്‍ ചൂട് കാലാവസ്ഥയായതുകൊണ്ട് കള്ള് കുറവാണ് ലഭിക്കുന്നത്.
ആദ്യം രണ്ട് മൂന്ന് വീട്ടുകാർ മാത്രമേ ഷീജ കള്ളുചെത്തുന്നത് കാണാറുള്ളൂ. അന്നൊക്കെ ആരും കാണാതിരിക്കാന്‍ ഷീജ തെങ്ങിന്‍റെ മുകളില്‍ത്തന്നെ ഒളിച്ചിരിക്കുമായിരുന്നു. വണ്ടിയൊക്കൊ പോകുമ്പോൾ ഓലയ്ക്കിടയില്‍ കാണാതിരിക്കാന്‍ മറഞ്ഞിരിക്കും. നാട്ടുകാര്‍ എന്ത് പറയും എന്ന് ആലോചിച്ചിട്ടായിരുന്നു അപ്പോള്‍ ഷീജയുടെ ടെൻഷൻ. എന്നാൽ ഇന്ന് അഭിമാനമാണ് തോന്നുന്നതെന്നും മറ്റ് സ്ത്രീകൾക്ക് കള്ള് ചെത്ത് തൊഴില്‍ പഠിപ്പിച്ച് കൊടുക്കാന്‍ തയ്യാറാണെന്നും ഷീജ ഉറച്ച ശബ്ദത്തോടെ പറയുന്നു.