agnimithra

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം. മനുഷ്യന്റെ ഉത്ഭവം എന്നുമുതലെന്ന് നിശ്ചയമില്ല,​ പക്ഷെ വേട്ടയാടി ആഹാരം കണ്ടെത്തിയ കാലം മുതൽക്ക് സ്ത്രീ പുരുഷന് സമാനമായി രംഗത്തുണ്ട്. പിന്നീട് പുരുഷമേൽകോയ്മയുടെ തേരോട്ടം അവളെ പിടിച്ചുകെട്ടി. നൂറ്റാണ്ടുകളുടെ വർഗസമരത്തിലൂടെ,​ ചെറുത്തുനില്പുകളിലൂടെ,​ പോരാട്ടത്തിലൂടെ മുറിഞ്ഞുവീണ ചിറകുകൾ അവൾ കൂട്ടിക്കെട്ടി. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യത്തിന്റെ അനന്തതയിൽ അവൾക്ക് യഥേഷ്ടം വിഹരിക്കാം,​ ചങ്ങലക്കണ്ണികൾക്കും മുകളിലൂടെ. ഏവർക്കും വനിതാദിനാശംസകൾ.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളികണ്ണെറിയാനും ദോഷം പറയാനും മനുഷ്യനുള്ള വാസന നിസാരമല്ല. അത്തരത്തിൽ സമൂഹം കൗതുകത്തോടെ നോക്കുന്നതാണ് ഉയരക്കൂടുതലും ഉയരക്കുറവും. ചിലപ്പോഴൊക്കെ കൗതുകം അതിരുകടന്ന് അത്തരക്കാരെ മാനസികമായി വേദനിപ്പിക്കാറുണ്ട്. ശാരീരികമായ വ്യത്യാസം അവർക്ക് കടുത്ത വെല്ലുവിളിക‍ൾ ഉയർത്തുന്നതിനിടെയാണ് മനുഷ്യന്റെ ദോഷൈകദൃഷ്ടിയും അവരെ വേട്ടയാടാനെത്തുന്നത്. തന്റെ ഉയരക്കൂടുതൽ കാരണം ആദ്യം സമൂഹത്തിൽ നിന്ന് ഉൾവലിയുകയും പിന്നീട് പൂർവാധികം ശക്തിയോടെ മുഖ്യധാരയിലേക്ക് കടന്ന് വരികയും ചെയ്ത അഗ്നിമിത്രകൃഷ്ണനും കൂടി അവകാശപ്പെട്ടതാണ് ഈ വനിതാദിനം.

agnimithra

ആൾ കേരള ടാൾ മെൻ അസോസിയേഷൻ ആന്റ് വുമൻസ് വിംഗിന്റെ 2018ലെ ഉയരം കൂടിയ വനിത എന്ന ബഹുമതിയ്ക്കർഹയായ വ്യക്തിത്വമാണ് അഗ്നിമിത്ര. അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഇരുമ്പയാണ് സ്വദേശം. അച്ഛൻ,​ അമ്മ,​ സഹോദരൻ എന്നിവരടങ്ങുന്നതാണ് കുടുംബം. ആറടി അഞ്ചിഞ്ച് ഉയരമാണ് അഗ്നിമിത്രയുടെ പ്രത്യേകത. തന്റെ ഉയരക്കൂടുതൽ അഭിമാനമാണെന്ന് പറയുമ്പോൾ ആത്മാഭിമാനം ആ മുഖത്ത് മിന്നുന്നുണ്ടായിരുന്നു. ഉയരക്കൂടുതൽ കാരണം കുഞ്ഞുനാൾ മുതൽക്കുതന്നെ പലവിധ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അഗ്നിമിത്ര തുറന്ന് പറയുന്നു. സ്കൂളിൽ വിദ്യാഭ്യാസകാലത്ത് സഹപാഠികളാരും തന്നെ കൂടെ കൂട്ടിയുരുന്നില്ല,​ മറ്റുള്ളവരുടെ പരിഹാസം കാരണം തുടർന്ന് സ്കൂളിൽ പോയില്ല പക്ഷെ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ വീട്ടിലിരുന്ന് പഠിച്ചാണ് പരീക്ഷയെഴുതിയത്. ഹയർസെക്കന്ററിവരെ അങ്ങനെ തുടർന്നു. പഠനം കഴിഞ്ഞും വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങിയില്ല ,​ കാരണം കളിയാക്കലുകളുടെ കുന്തമുനയാണ് പുറത്തുകാത്തിരിക്കുന്നത് എന്നതുകൊണ്ടുതന്നെ. പലരുടെയും കാഴ്ചപാടിൽ സ്ത്രീക്ക് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. ഉയരക്കൂടുതൽ കാരണം താൻ സ്ത്രീയാണോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു. ചിലർ അത് തുറന്ന് ചോദിച്ചു,​ ആ ചോദ്യം തനിക്കുണ്ടാക്കിയ വേദനയെക്കുറിച്ച് ഓർക്കുമ്പോൾ മനസിൽ ഇന്നും കണ്ണുനീർ ഇറ്റ് വീഴും. നൃത്തത്തോട് അഭിരുചിയുണ്ടായിരുന്നിട്ടും പരിഹാസം ഭയന്ന് പഠിക്കാൻ തുനിഞ്ഞില്ല. സ്വയം പഠിച്ച നൃത്തം കൈമുതലായുണ്ട്.

കല്ല്യാണമോ അതുപോലെയുള്ള ചടങ്ങുകൾക്കോ പങ്കെടുക്കാൻ പോയാൽ അന്യഗ്രഹജീവിയെ കാണുന്ന കൗതുകത്തോടെയാണ് എല്ലാരും തന്നെ നോക്കുന്നതെന്ന് അഗ്നിമിത്ര പറയുന്നു.​ പലരും ആ അവസരത്തിൽ തന്നോട് വന്ന് സംസാരിക്കും,​ ശബ്ദം എങ്ങനെയിരിക്കും ശരീരഭാഷയെന്താണ് എന്നൊക്കെ അറിയാനുള്ള ആകാംഷകൊണ്ടാണ് അവർ സംസാരിക്കാനെത്തുന്നത്. വലിയ കമ്മലിട്ടാൽ എന്തിനങ്ങനെ ചെയ്യുന്നു എന്ന് പലരും ചോദിക്കാറുണ്ട്. "ഒരുങ്ങി നടക്കാൻ മറ്റുസ്ത്രീകളെപ്പോലെ എനിക്കും ഇഷ്ടമാണ്,​ എന്നാൽ അതിനെക്കുറിച്ചുള്ള പലരുടെയും വിലയിരുത്തലുകൾ എനിക്കനുകൂലമാകാറില്ല. ഞാൻ പെണ്ണാണെന്ന് തെളിയിക്കാൻ നെറ്റിയിലെഴുതിയൊട്ടിച്ച് നടക്കണോ"- അഗ്നിമിത്രയുടെ വാക്കുകൾ.

agnimithra

എ.കെ.റ്റി.എം.എ യുടെ വിമൻസ് വിംഗിനെ കുറിച്ച് അറിഞ്ഞത് മുതലാണ് ജീവിതത്തിൽ മാറ്റങ്ങൾ വന്നതെന്ന് അഗ്നിമിത്ര പറയുന്നു. അവിടെ എത്തിയപ്പോൾ ഉയരമുള്ള സ്തീകളെയും പുരുഷൻമാരെയും കണ്ടു. അവരിൽ പലരുടെയും വാക്കുകൾ നൽകിയ അത്മവിശ്വാസം ചെറുതല്ല. സ്വയം തിരിച്ചറിഞ്ഞത് പോലും അവിടെ വച്ചാണ് മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് തനിക്കറിയേണ്ട കാര്യമില്ലെന്നും തന്റെ ജീവിതം ഇനിമുതൽ താൻ തീരുമാനിക്കുന്നത് പോലെയാണെന്നും അവിടെവച്ച് ഉറപ്പിച്ചു. ഉയരമുള്ള സ്ത്രീകൾക്കായുള്ള മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനത്തെത്തി,​ ഉയരമാണ് തന്റെ വ്യക്തിത്വമെന്ന് മനസിലാക്കി. അസോസിയേഷനിൽ അംഗത്വമെടുത്ത് അവരോട് അടുത്ത് ഇടപഴകി. പല വേദികളിലും മുഖ്യാതിഥിയായെത്തി അതിനൊക്കെ കാരണം തന്റെ ഉയരമാണെന്നോർത്തുള്ള സന്തോഷവും ചാരുതാർഥ്യവും ആത്മവിശ്വാസം വർദ്ധിപ്പിചു. ആ ആത്മവിശ്വാസം നൽകിയ പ്രചോദനത്തിൽ മോഡലിഗ് രംഗത്തേക്കെത്തി,​ ഉയരക്കൂടുതൽ അവിടെ അനുഗ്രഹമായി. ഇന്ന് സ്ത്രീശാക്തീകരണ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസജീവമാണ് അഗ്നിമിത്ര. മുടങ്ങിയ ബിരുദപഠനവും അവർ പുനരാരംഭിച്ചു.


തന്നെ കളിയാക്കിയവരോടും കുറ്രം പറഞ്ഞവരോടും അഗ്നിമിത്രയ്ക്ക് പറയാനുള്ളത് നന്ദി മാത്രമാണ്,​ കാരണം അവരുടെ ആക്ഷേപങ്ങളാണ് ചാരത്തിൽ നിന്ന് പറന്നുയരാനുള്ള കരുത്ത് നൽകിയത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി ഒരിക്കലും സ്വന്തം സ്വപ്നങ്ങളെ നഷ്ടപ്പെടുത്തരുത്,​ സ്വപ്നങ്ങൾക്കുവേണ്ടി പ്രയത്നിക്കുക അപ്പോൾ നിങ്ങളുടെ സ്വപ്നം നിങ്ങളെ തേടി വരും. സ്ത്രീയുടെ ആഗ്രഹങ്ങൾക്ക് പരിധികളുണ്ടെന്ന് മിഥ്യാധാരണയുള്ളവരുണ്ട്,​ അവരുടെ മുൻപിൽ ജയിച്ച് കാണിക്കുക. ഇതാണ് അഗ്നിമിത്രയ്ക്ക് വനിതാദിനത്തിൽ പറയാനുള്ള സന്ദേശം.

സ്വപ്നങ്ങൾക്ക് നേരെ പറന്നുയരുമ്പോൾ ഈയ്യാംമ്പാറ്റകളെന്ന് പറഞ്ഞ് കളിയാക്കുന്നവരുടെ മുമ്പിൽ ഫീനിക്സ് പക്ഷിയെപ്പോലെ അഗ്നിമിത്ര പറന്നുയർന്നത് ഒരായിരംപേർക്ക് പ്രചോദനമായാണ്. മറ്റുള്ളവരുടെ കുറവുകളിൽ സന്തോഷം കണ്ടെത്തുന്ന പ്രവണത മനുഷ്യന് ഇല്ലാതെയാകട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം. കാരണം വാക്കുകളുടെ മൂർച്ച വാളിനെക്കാളേറെയല്ലേ.