ജന്മദിനാഘോഷത്തിൽ പിറന്നാളുകാരനെ ചെറുതായിട്ടൊന്ന് ഉപദ്രവിക്കുന്ന രീതി ഇന്ന് സർവ്വസാധാരണമാണ്. തലയിൽ മുട്ട പൊട്ടിച്ചൊഴിക്കുന്നതും കേക്ക് ദേഹത്താകെ തേയ്ക്കുന്നതും തലയിലൂടെ മാവ് വിതറുന്നതുമെല്ലാം ഇതിൽപെടും. ചിലപ്പോഴൊക്കെ ഇത്തരം വിനോദങ്ങൾ അതിരുവിട്ട് പോകാറുണ്ട്. അങ്ങനെ അതിരുവിട്ട് പോയ ഒരാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
പിറന്നാളുകാരന് നാലോ അഞ്ചോ വയസ് പ്രായം കാണും. ആ കുഞ്ഞിന്റെ മുൻപിൽ പിറന്നാളിന് മുറിക്കാനുള്ള കേക്കുണ്ട്, ചിരിച്ചുകൊണ്ട് തന്റെ കേക്ക് മുറിക്കാൻ തുടങ്ങിയതും സമീപത്ത് നിൽക്കുന്നവർ അവന്റെമേൽ കുസൃതി കാണിക്കുകയാണ്. പക്ഷെ ആ കുസൃതി അതിരുവിട്ട് പോയി. കുട്ടിയുടെ തലയിൽ ആദ്യം മുട്ടകൾ പൊട്ടിച്ചൊഴിച്ചു പിന്നീട് ഒരു ദ്രാവകവും ഒഴിച്ചു. അതിനിടയിലും പണിപ്പെട്ട് കേക്ക് മുറിക്കാൻ നോക്കിയപ്പോൾ കേക്ക് വാരി ദേഹത്തും മുഖത്തും തേച്ചു. ആ കുഞ്ഞുമനസ്സ് എത്ര ആഗ്രഹിച്ചിരിക്കാം തന്റെ പിറന്നാൾ കേക്ക് മുറിക്കാൻ. ഇത്തരത്തിലുള്ള ക്രൂരവിനോദങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ വരെ തകർത്തേക്കാം.