koonkreett

മുടപുരം: കാട്ടുമുറാക്കലിലെ ഇടുങ്ങിയ പാലവും ഗതാഗത കുരുക്കിനും ഇനി പരിഹാരം. കാട്ടുമുറാക്കലിൽ പുതിയ പാലം ഉടൻ വരും. നാട്ടുകാരുടെ എക്കാലത്തെയും സ്വപ്ന പദ്ധതി അഞ്ചുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

ചിറയിൻകീഴ് കോരാണി റോഡിൽ കിഴുവിലം കാട്ടുമുറാക്കലിൽ നിലവിലുള്ള പാലം പൊളിച്ചാണ് 2 കോടി രൂപ ചെലവിൽ പുതിയ പാലം നിർമ്മിക്കുന്നത്. കോരാണി, പുളിമൂട്, ചെറുവള്ളിമുക്ക്, ചിറയിൻകീഴ്, നിലയ്ക്കാമുക്ക് തുടങ്ങിയ റോഡുകളുടെ റീടാറിങ്‌ ഉൾപ്പടെയുള്ള പുനഃർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ് പുതിയ പാലത്തിന്റെ നിർമ്മാണവും. സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ശ്രമഫലമായിട്ടാണ് പുതിയ പാലത്തിനും റോഡ് പുനഃർനിർമ്മാണത്തിനുമായി 19.63 കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചത്. ഇതിൽ നിന്നാണ് 2 കോടി രൂപ പാലം നിർമ്മാണത്തിന് ചെലവഴിക്കുന്നത്. റോഡുകളുടെ റീടാറിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പുതിയ പാലത്തിന്റെ നിർമ്മാണവും ആഴ്ചകൾക്ക് മുൻപ് ആരംഭിച്ചു. പഴയ പാലത്തിലൂടെ കടന്നു പോകുന്ന ബി.എസ്.എൻ.എല്ലിന്റെ ഉൾപ്പടെയുള്ള കേബിളുകളും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്നതിനായി പഴയ പാലത്തിനു സമാന്തരമായി പുതിയ ഇരുമ്പ് പാലം ഉടൻ നിർമ്മിക്കും. പുതിയ താല്കാലിക പാലം നിർമ്മിക്കുന്നതിനായി കോൺക്രീറ്റ് പണികൾ ഇന്നലെ ആരംഭിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ വാരമോ പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ പണികൾ ആരംഭിക്കും. മഴയ്ക്ക് മുൻപ് പാലത്തിന്റെ അടിസ്ഥാന ജോലികൾ തീർത്ത് നാല് മാസത്തിനകം പാലം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പഴയപാലം പൊളിക്കുന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. ഇതോടെ കിഴുവിലം പി.ടി.പി റോഡിൽ നടന്നു വരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതത്തിനായി ഉപയോഗപ്രധമാക്കും.

-- --------------------------------------------------------------------------------------------------------

പ്രതികരണം

"നാട്ടുകരുടെ ചിരകാല സ്വപ്നമായിരുന്ന പുതിയ കട്ടുമുറാക്കൽ പാലവും റോഡിന്റെ പുനർനിർമ്മാണവും ഇപ്പോൾ യാഥാർഥ്യമാകുകയാണ്. ഇതിനായി നിരന്തര പരിശ്രമം നടത്തി നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ച സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർക്ക് നന്ദിയും അഭിനന്ദനവും അർപ്പിക്കുന്നു."
-- എ.അൻവർഷാ, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി

ചെലവ് ......... 2 കോടി രൂപ

പുതിയ പാലം

9.5 മീറ്റർ വീതിയും 18 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിൽ 7.5 മീറ്റർ ഗതാഗതത്തിനും ഇരുവശവും ഓരോ മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.

നിലവിലെ പാലം

3.5 മീറ്റർ വീതിയുള്ള പാലവും 5.5 മീറ്റർ വീതിയുള്ള റോഡുമാണ് നിലവിൽ കാട്ടുമുറക്കൽ ഉള്ളത്.രണ്ട് വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത പാലം വർഷങ്ങളായി ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. ഇത് കാല്നട യാത്രക്കാർക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.