kerala-police

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് വനിതാ ഓഫീസര്‍മാർ. ഈ ദിവസം കഴിയുന്നത്ര പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്നത് വനിതകളായ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പൊലീസ് ഗാര്‍ഡുകളെയും നിയോഗിക്കും. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാർച്ച് 8 ലോക വനിതാദിനം:
നാളെയുടെ സുരക്ഷ പെൺകരങ്ങളിൽ

അന്താരാഷ്ട്ര വനിതാദിനമായ നാളെ സംസ്‌ഥാനത്തെ പരമാവധി പോലീസ്‌ സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറുടെ ചുമതല വഹിക്കുന്നത്‌ വനിതാ ഓഫീസര്‍മാരായിരിക്കും.

നാളെ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും വനിതാ കമാന്‍ഡോകളാകും ഡ്യൂട്ടിയിലുണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍ വനിതാ കമാന്‍ഡോകളെയും മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്‌ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ്‌ നോര്‍ത്ത്‌ ബ്ലോക്കില്‍ വനിതാ പോലീസ്‌ ഗാര്‍ഡുകളെയും നിയോഗിക്കും.

വനിതാ ഇന്‍സ്‌പെക്‌ടര്‍മാരും സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരും ഉള്ള സ്‌റ്റേഷനുകളില്‍ അവര്‍ സ്‌റ്റേഷന്‍ ചുമതല വഹിക്കും. സ്‌റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപ സ്‌റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ഇല്ലാത്ത സ്‌ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരെയും സിവില്‍ പോലീസ്‌ ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി നടപടി സ്വീകരിക്കും. ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്‌ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ നടപടികള്‍.
#keralapolice #Internationalwomensday #march8