ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനും ഡി.എം.കെ സ്ഥാപകരിലൊരാളും ജനറൽ സെക്രട്ടറിയുമായിരുന്ന കല്യാണ സുന്ദരം അൻപഴകൻ (97) അന്തരിച്ചു. ശ്വാസതടസത്തിന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വാർദ്ധക്യരോഗങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നില വഷളായതോടെ വെന്റിലേറ്ററിലാക്കി. ആരോഗ്യ പ്രശ്നങ്ങളാൽ ഒരു വർഷമായി പാർട്ടിയിൽ സജീവമായിരുന്നില്ല.
ചെന്നൈ കീഴ്പാകത്തെ വസതിയിലും ഡി.എം. കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലും പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് 4ന് സംസ്‌കരിച്ചു.
നാൽപ്പത്തി മൂന്ന് വർഷമായി ഡി.എം.കെ ജനറൽ സെക്രട്ടറിയായിരുന്നു അൻപഴകൻ. തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, രണ്ട് തവണ വിദ്യാഭ്യാസ മന്ത്രി, ഒൻപത് തവണ തുടർച്ചയായി എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രിയനേതാവിന്റെ വിയോഗത്തിൽ ഡി.എം.കെ ഓഫീസുകളിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉപ മുഖ്യമന്ത്രി ഒ. പനീർശെൽവം, സിനിമാതാരങ്ങളായ രജനീകാന്ത്, കമലഹാസൻ, കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, കെ.എസ്. അഴഗിരി തുടങ്ങിയവർ അനുശോചിച്ചു.
പരേതയായ ശാന്തകുമാരിയാണ് ഭാര്യ.
തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിലെ മുന്നണിപോരാളി
1922 ഡിസംബർ 19ന് തഞ്ചാവൂരിലെ കാട്ടൂരിൽ ജനനം
വിദ്യാർത്ഥിയായിരിക്കെ പെരിയാർ ഇ. വി. രാമസ്വാമിയുടെ അനുയായിയും ആരാധകനുമായി ദ്രാവിഡ രാഷ്‌ട്രീയത്തിൽ
പിന്നീട് സി.എൻ അണ്ണാദുരൈയ്ക്കൊപ്പം ഡി.എം.കെ സ്ഥാപിച്ചു
തമിഴിൽ എം.എ നേടിയ അദ്ദേഹം പേരാസിരിയർ (പ്രൊഫസർ) എന്നാണ് അറിയപ്പെട്ടിരുന്നത്.
ചെന്നൈ പച്ചയപ്പാസ് കോളജിലെ തമിഴ് അദ്ധ്യാപകനായിരുന്നു.
അന്തരിച്ച ഡി.എം.കെ മുൻ അദ്ധ്യക്ഷൻ കരുണാനിധിയുടെ ഉറ്റ സുഹൃത്തായിരുന്നു.
1967- 71ൽ ലോക്‌സഭാംഗം
1971 സാമൂഹ്യക്ഷേമ മന്ത്രി
1977ൽ ഡി.എം.കെയുടെ ജനറൽ സെക്രട്ടറിയായി. നെടുംചെഴിയാൻ എ.ഐ.ഡി.എം.കെയിലേക്ക് പോയതിന് പിന്നാലെയാണിത്.
ഡി.എം.കെയുടെ നേതൃത്വത്തിൽ തൊഴിലാളി പ്രസ്ഥാനം സ്ഥാപിച്ചു.
ഒമ്പത് തവണ എം.എൽ.എയായി, ഒരു തവണ എം.പിയുമായി
ദ്രാവിഡകൊടുമുടി വീണു
'അപ്പ (അച്ഛൻ) മരിച്ചപ്പോൾ, എന്നെ നയിക്കാൻ പെരിയപ്പ ഉണ്ടെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു. ഇപ്പോൾ, പെരിയപ്പയുടെ നിര്യാണത്തിനു ശേഷം, ആരോടാണ് ഞാൻ ഉപദേശം തേടുക. ഞാൻ എങ്ങനെ എന്നെ ആശ്വസിപ്പിക്കും?.
-എം.കെ. സ്റ്റാലിൻ, ഡി.എം.കെ അദ്ധ്യക്ഷൻ