മുംബയ്: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഒരു കോടി രൂപ നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
'മഹാരാഷ്ട്ര സർക്കാരോ ശിവസേനയോ അല്ല ഒരു കോടി സംഭാവന ചെയ്യുന്നത്. മറിച്ച് 'ഒരു ഭക്തനെന്ന' നിലയിൽ എന്റെ വ്യക്തിപരമായ വിഹിതമാണത്'.- മഹാരാഷ്ട്ര സർക്കാർ നൂറുദിവസം പിന്നിട്ടതിന്റെ ഭാഗമായി അയോദ്ധ്യ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകനും മന്ത്രിയുമായ ആദിത്യതാക്കറെയും ഒപ്പമുണ്ടായിരുന്നു. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോദ്ധ്യയിലെത്തുന്നത്.
'ബി.ജെ.പിയുമായിട്ടാണ് വഴി പിരിഞ്ഞത്. അല്ലാതെ ഹിന്ദുത്വവുമായിട്ടല്ല. ഹിന്ദുത്വമെന്നാൽ ബി.ജെ.പി എന്നല്ല. കോൺഗ്രസും എൻ.സി.പിയും ആയി അധികാരം പങ്കിടുന്ന സഖ്യ സർക്കാരാണെങ്കിലും എന്റെ ഹിന്ദുത്വ നിലപാടിൽ മാറ്റമില്ല'.- താക്കറെ വ്യക്തമാക്കി.
ക്ഷേത്ര സന്ദർശനത്തിനിടെ ആരതി ഉഴിയാൻ തീരുമാനിച്ചെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അത് മാറ്റി. രാമക്ഷേത്ര നിർമ്മാണം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.