ദുബായ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അടക്കം മൂന്ന് മുതിർന്ന രാജകുടുംബാംഗങ്ങളെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തു. കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
സൽമാൻ രാജാവിന്റെ ഇളയ സഹോദരൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ്, മുൻ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നയിഫ്, രാജകുടുംബാംഗം നവാഫ് ബിൻ നയിഫ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിൻ സൽമാനെതിരെയുള്ള അട്ടിമറി നീക്കത്തെ തുടർന്നാണ് അറസ്റ്റെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു
സൽമാൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 2017-ൽ നടത്തിയ കൊട്ടാര വിപ്ലവത്തിൽ അർദ്ധ സഹോദരനായ മുഹമ്മദ് ബിൻ നയിഫിനെ പുറത്താക്കിയിരുന്നു.
2017ൽ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരം അഴിമതി ആരോപിച്ച് 11 രാജകുടുംബാംഗങ്ങളേയും നാലു മന്ത്രിമാരേയും അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഉന്നതരെ അറസ്റ്റ് ചെയ്യുന്നത്.
സൗദി ഉദ്യോഗസ്ഥർ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
മുഹമ്മദ് ബിൻ രാജകുമാരൻ അധികാരത്തിൽ പിടിമുറുക്കുന്നതിൽ രാജകുടുംബത്തിലെ പ്രമുഖർക്ക് അതൃപ്തിയുണ്ട്. കൂടാതെ മാദ്ധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗിയുടെ വധം, എണ്ണക്കിണറുകളുടെ നേർക്കുണ്ടായ ഭീകരാക്രമണം എന്നിവ മുഹമ്മദിന്റെ കഴിവുകേടായി വിലയിരുത്തപ്പെടുന്നു.
സൽമാന്റെ പിന്തുടർച്ചാവകാശികളിൽ മാറ്റം വരുത്തണമെന്ന് രാജ കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായമുണ്ട്.