media-ban

ന്യൂഡൽഹി: രണ്ട് മലയാള മാദ്ധ്യമങ്ങളെ കേന്ദ്ര വാർത്താ വിതരണ വിക്ഷേപണ മന്ത്രാലയം വിലക്കിയ സംഭവത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചതായി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും തെറ്റ് സംഭവിച്ചതായി കണ്ടെത്തിയാൽ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റേത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണെന്നും വിഷയത്തിൽ കേന്ദ്രം ഉടൻതന്നെ ഇടപെട്ട് വിലക്ക് പിൻവലിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ അറിയാതെയാണ് ഈ ഉത്തരവ് പുറത്തിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കേരള ടെലിവിഷൻ ഫെഡറേഷൻ രംഗത്ത് വന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും സത്യസന്ധമായ വാർത്തകൾ പുറത്തുവരുന്നത് തടയാനുള്ള ശ്രമമാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് കെ.ടി.എഫിന്റെ പ്രതിഷേധം.

മലയാളത്തിലെ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും ഇന്നലെ വൈകുന്നേരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടുദിവസത്തെ സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടാണ് നടപടി വന്നത്. എന്നാൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഏഷ്യാനെറ്റ് ന്യൂസും ശേഷം മീഡിയ വണ്ണും സംപ്രേക്ഷണം പുനരാരംഭിച്ചിരുന്നു.

വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് ചാനലുകൾക്കെതിരെ കേന്ദ്രം നടപടി കൈക്കൊണ്ടത്. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.