ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി ഹസ്‌തദാനം ഒഴിവാക്കി പരസ്‌പരം നമസ്‌തേ പറയുന്നത് ശീലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊറോണയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും വ്യാജപ്രചരണങ്ങളിലും ജനങ്ങൾ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ ചികിത്സയെക്കുറിച്ച് പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഡോക്‌ടറെ നിർദ്ദേശങ്ങൾ അനുസരിക്കുക. രോഗബാധ സംശയിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ പറ്റിയ സ്ഥലങ്ങൾ ഉടൻ കണ്ടെത്താനും ഇന്നലെ ഡൽഹിയിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി. രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് തടയാൻ ആവശ്യമായ ബോധവത്‌ക്കരണവും നടപടികളും വ്യക്തമായ ആസൂത്രണത്തോടെ അടിയന്തരമായി നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനും യോഗത്തിൽ പങ്കെടുത്തു.
ഭൂട്ടാനിൽ കൊറോണ
വടക്കുകിഴക്കൻ ഇന്ത്യയിലൂടെ ഭൂട്ടാനിലെത്തിയ ഒരു അമേരിക്കൻ വിനോദസഞ്ചാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഭൂട്ടാൻ അറിയിച്ചു. തുടർന്ന് അസാമിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബ്രഹ്മപുത്ര നദിയിൽ മൂന്നുദിവസം യാത്ര നടത്തിയ സഞ്ചാരി ഗുവാഹത്തിയിലെ ഹോട്ടലിലും ദിവസങ്ങളോളം താമസിച്ചിരുന്നു.
പഞ്ചാബിൽ 2 പേർക്ക്
ഇറ്റലിയിൽ നിന്ന് പഞ്ചാബിൽ തിരിച്ചെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ അമൃത്സറിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോളി ആഘോഷങ്ങൾ റദ്ദാക്കി
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ 9ന് നടത്താനിരുന്ന ഹോളി ആഘോഷ പരിപാടികൾ റദ്ദാക്കിയതായി ഗവർണർ ആനന്ദിബെൻ പട്ടേൽ അറിയിച്ചു.
കൊറോണ വാർഡിന് 60 കോടി
ഇതുവരെ ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊറോണ രോഗികൾക്ക് പ്രത്യേക വാർഡുകൾ നിർമ്മിക്കാനായി 60 കോടി നീക്കിവച്ചതായി ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി 200 കോടിയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കൊറോണ ബോധവത്കണം ശക്തമാക്കി.