covid-


റിയാദ്: കൊറോണ ( കൊവിഡ് 19)​ ഭീതിയെതുടർന്ന് സൗദിയിൽ പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. സൗദി അറേബ്യയിലേക്ക് റീഎൻട്രി ഉൾപ്പെടെ ഏത് വിസയിൽ വരുന്നവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.. കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് വരുന്നവർക്കാണ് നിയമം ബാധകമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

സൗദി കോൺസുലേറ്റിന്‍റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് യാത്രയുടെ 24 മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്തം അതത് വിമാന കമ്പനികൾക്കായിരിക്കുമെന്നും അധികൃതർഅറിയിച്ചു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽല്‍ സൗദിയിലേക്ക് യു.എ.ഇ, ബഹ്‌റിൻ,​ കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും റോഡ്മാർഗം യാത്രക്കാർക്ക് ഇനി പ്രവേശിക്കാനാവില്ല. ചരക്കുഗതാഗതം മാത്രമേ അനുവദിക്കൂ.

അതേസമയം കോവിഡ് ഭീതിയെ തുടർന്ന് 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കുള്ള വിമാനസർവീസും കുവൈറ്റ് നിറുത്തിവച്ചു. 6 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തിയെന്ന് പുലർച്ചെയാണ് അറിയിപ്പ് ലഭിച്ചത്. കുവൈറ്റിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 170 യാത്രക്കാർക്ക് മടങ്ങേണ്ടി വന്നു. ഇതോടെ വിസ കാലാവധി തീരുന്നതടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.