തിരുവനന്തപുരം: ലോക രാജ്യങ്ങളിൽ കൊറോണ (കോവിഡ് 19 ) രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇവരിൽ 574പേർ വീടുകളിലും 63 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 20 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.
സംശയാസ്പദമായവരുടെ 682 സാമ്പിളുകൾ എൻ.ഐ.വിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 34 ആയി. പുതുതായി മൂന്നുപേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലഡാക്കിൽ രണ്ടുപേർക്കും തമിഴ്‌നാട്ടിൽ ഒരാൾക്കുമാണ് വൈറസ് ബാധ. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്ന് നാട്ടിലെത്തിയ രണ്ടുപേർക്കാണ് ലഡാക്കിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ജമ്മുകാശ്മീരിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്.ഒമാനിൽ നിന്ന് വന്നയാളാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് തമിഴ്‌നാട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി.
ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് 3515 പേരാണ് മരിച്ചത്. ചൈനയിൽ മാത്രം പുതുതായി 28 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 90 രാജ്യങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.