തിരുവനന്തപുരം: തങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതിന്റെ പശ്ചാത്തലം വിശദീകരിച്ച് മലയാള വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും. കേന്ദ്ര വാർത്താ വിതരണ വിക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുന്നതിനായി ചാനൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും മന്ത്രാലയത്തെ ചാനലിന്റെ നിലപാട് ബോദ്ധ്യപ്പെടുത്തിയതിനാലാണ് വിലക്ക് നീങ്ങിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായ എം.ജി രാധാകൃഷ്ണൻ പ്രതികരിച്ചു.
ഇതിനായി ചാനലിന്റെ മാനേജ്മെന്റ് ഇന്നലെ രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിലക്ക് നീക്കുന്ന കാര്യത്തിൽ മാനേജ്മെന്റ് വിജയിച്ചു എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് അപേക്ഷ നൽകാൻ കഴിയുമായിരുന്നില്ലെന്നും ബന്ധപ്പെട്ട ആളുകളുമായി തങ്ങൾ സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കലാപം സംബന്ധിച്ചുള്ള ചാനലിന്റെ വാർത്തകൾ വസ്തുതാപരമായിരുന്നു എന്നും എം.ജി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
അതേസമയം വിലക്ക് നീങ്ങാനായി തങ്ങൾ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സർക്കാർ സ്വമേധയാ ആണ് ചാനലിനെതിരെയുള്ള വിലക്ക് നീക്കിയതെന്നും വിശദമാക്കികൊണ്ട് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് ആയ സി.എൽ തോമസും രംഗത്തെത്തി. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോഴാണ് വിലക്ക് നീക്കികൊണ്ടുള്ള അറിയിപ്പ് വന്നതെന്നും അതിനാൽ തുടർന്നുള്ള നടപടികൾ വേണ്ടായെന്നു വച്ചെന്നും അദ്ദേഹം വിശദീകരിച്ചു. വിലക്ക് താനേ തന്നെ നീങ്ങിയതിൽ സന്തോഷം ഉണ്ടെന്നും സി.എൽ തോമസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും ഇന്നലെ വൈകുന്നേരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടുദിവസത്തെ സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടാണ് നടപടി വന്നത്. എന്നാൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഏഷ്യാനെറ്റ് ന്യൂസും ശേഷം മീഡിയ വണ്ണും സംപ്രേക്ഷണം പുനരാരംഭിച്ചിരുന്നു.
വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് ചാനലുകൾക്കെതിരെ കേന്ദ്രം നടപടി കൈക്കൊണ്ടത്. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.