yes-banl

മുംബയ്: സാമ്പത്തിക ഞെരുക്കത്തിൽ നട്ടംതിരിയുന്ന യെസ് ബാങ്കിന് റിസർവ് ബാങ്ക് അടിയന്തര സഹായമായി 8,000 കോടി മുതൽ 10,000 കോടി രൂപവരെ നൽകിയേക്കും. നിക്ഷേപകർ പണം പിൻവലിക്കാൻ കൂട്ടത്തോടെ ബാങ്കിലെത്തുന്ന സാഹചര്യത്തിലാണിത്. യെസ് ബാങ്കിന്റെ എ.ടി.എമ്മുകളിൽ മിക്കതും കാലിയായി സ്ഥിതിയിലാണ്.

യെസ് ബാങ്കിനുമേൽ കഴിഞ്ഞദിവസം റിസർവ് ബാങ്ക് ഒരുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം, പരമാവധി ഒരു ഉപഭോക്താവിന് ഒരുദിവസം 50,000 രൂപയേ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനാകൂ. ബാങ്കിന്റെ ഡയറക്‌ടർ ബോർഡിന്റെ നിയന്ത്രണവും റിസർവ് ബാങ്ക് ഏറ്റെടുത്തിരുന്നു.

അതിനിടെ, യെസ് ബാങ്കിൽ 2,450 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് എസ്.ബി.ഐയും സൂചിപ്പിച്ചു. ഓഹരിയൊന്നിന് പത്തുരൂപ വച്ച് 245 കോടി ഓഹരികൾ വാങ്ങാൻ ആദ്യഘട്ടത്തിൽ എസ്.ബി.ഐക്ക് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചേക്കും. യെസ് ബാങ്കിന്റെ ഓഹരി പുനഃക്രമീകരണത്തിന് ശേഷം, എസ്.ബി.ഐയുടെ ഓഹരിപങ്കാളിത്തം 49 ശതമാനമായി ഉയർത്തും.

യു.പി.ഐ താളംതെറ്രി

യെസ് ബാങ്കിനുമേൽ മൊറട്ടോറിയം ഏർപ്പെടുത്തിയത് യു.പി.ഐ ഇടപാടുകളെ ബാധിച്ചു. ഇന്നലെ മാത്രം ഇടപാടുകളിൽ 40 ശതമാനം കുറവുണ്ടായി. പ്രതിദിനം രണ്ടുകോടി ഇടപാട് നടക്കുന്ന ഫോൺപേ ആപ്പിന്റെ പ്രവർത്തനം താളംതെറ്രിയതാണ് തിരിച്ചടിയായത്. യെസ് ബാങ്കുമായി ചേർന്നായിരുന്നു ഫോൺപേയുടെ മുഖ്യ ഇടപാടുകൾ.