sudha-radhika

ഒരു സ്ത്രീക്ക് സിനിമാ മേഖലയിൽ ശോഭിക്കുക എന്ന് പറയുന്നത് ഇന്നത്തെ കാലത്തുപോലും അത്രയും എളുപ്പമായ ഒരു സംഗതിയല്ല. ആക്രമിക്കപ്പെട്ട ഒരു നടിയോടൊപ്പം നിലകൊള്ളാൻ പോലും അമാന്തിക്കുന്ന ഏതാനും സിനിമാ പ്രവർത്തകർ വിരാജിക്കുന്ന മലയാളം സിനിമാ ഇൻഡസ്ട്രിയിൽ സ്വന്തം നിലപാടിൽ ഉറച്ച്, അഭിപ്രായങ്ങൾ വ്യക്തമാക്കിക്കൊണ്ട് നിലനിൽക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ശ്രമകരമായ കാര്യമാണ്. 'കോംപ്രമൈസ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 'കാസ്‌റ്റിംഗ്‌ കൗച്ച്' പോലെയുള്ള അങ്ങേയറ്റം ജീർണ്ണിച്ച ഏർപ്പെടുകളോട് ശക്തമായി 'നോ' പറഞ്ഞുകൊണ്ട് സിനിമാ മേഖലയിൽ നിലനിൽക്കുക എന്നത് തന്നെയാണ് മിക്കപ്പോഴും സിനിമാ പ്രവർത്തകയായ ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് സുധ രാധിക എന്ന വനിതാ സംവിധായകയ്ക്ക് പറയാനുള്ളത്. സിനിമയിലെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സുധയ്ക്ക് ഇൻഡസ്ട്രിയിൽ വ്യക്തമായ ഒരു ചുവടുവയ്പ്പ് സാദ്ധ്യമായത് ഈ അടുത്ത കാലത്ത് മാത്രമാണ്. സ്ത്രീകളെ കുറിച്ച് ഈ മേഖലയിൽ നിലനിൽക്കുന്ന പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ തന്നെയായിരുന്നു ഇതിനുള്ള കാരണം. എന്നാൽ ഈ സംവിധായിക ഒരു സന്യാസിനി കൂടിയാണെന്ന വസ്തുത ആരെയും ഒന്ന് ഞെട്ടിക്കും. ഇരുപത്തഞ്ചാമത്തെ വയസിൽ സന്യാസത്തിലേക്ക് ആകൃഷ്ടയായ സുധ തന്റെ ഒൻപതാം വയസിലാണ് സിനിമയെ ഹൃദയത്തിലേറ്റിയത്. സുധ രാധിക എന്ന സന്യാസിനി കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുകയാണ്. തന്റെ ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ആ രണ്ടു കാര്യങ്ങളെക്കുറിച്ച്.

നാലാം ക്ലാസിൽ നോക്കിക്കണ്ട സിനിമാ സെറ്റ്

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ അച്ഛന്റെ സഹോദരനോടൊപ്പം സുധ ആദ്യമായി ഒരു സിനിമാ സെറ്റിൽ പോകുന്നത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം ഇരിക്കുകയായിരുന്ന സുധയെ സിനിമയിൽ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന അമ്മാവൻ ക്ഷണിക്കുകയായിരുന്നു. ആ സന്ദർശനമായിരുന്നു അതുവരെ വെറും കാണിയായി മാത്രം സിനിമയെ കണ്ടിരുന്ന സുധ എന്ന പെൺകുട്ടിയെ, സിനിമയുടെ പിന്നാമ്പുറ കാഴ്ചകളിലേക്ക് കൂട്ടികൊണ്ടുപോയത്. സോമനും ജയഭാരതിയുമൊക്കെയുള്ള സെറ്റിൽ വച്ചാണ്, അമ്മാവൻ പറഞ്ഞതനുസരിച്ച്, സുധ ആദ്യമായി ഒരു ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുന്നത്.

ഈ കാഴ്ച ആ കൊച്ചു പെൺകുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കാരണമാകുകയായിരുന്നു. സിനിമയ്ക്ക് പിന്നിലെ മാജിക്ക് അവളുടെ മുൻപിൽ വെളിപെട്ടു. ക്രമേണ സിനിമ ഒരു സ്വപ്നമായി ആ പെൺകുട്ടിയുടെ മനസ്സിൽ കയറി കൂടുകയും ആ സ്വപ്നം അവളെ വളർത്തുകയും ചെയ്തു. അന്നത്തെ ആ കൗതുകം ഒരിക്കലും ആ കുട്ടിയുടെ മനസ്സിൽ നിന്നും മായാതെ നിന്നു. പിന്നീട് താൻ കണ്ട ഓരോ സിനിമയും എങ്ങനെ ഉണ്ടായിവന്നു എന്ന് മാത്രമാണ് ആ കുട്ടി ചിന്തിച്ചത്. യാഥാസ്ഥിതികരെങ്കിലും, സിനിമാ ആസ്വാദകരുടെ കുടുംബത്തിൽ നിന്നും വരുന്ന, കലയോട് എന്നും ഒരു അഭിരുചി വച്ചു പുലർത്തിയിരുന്ന സുധയ്ക്ക്, സിനിമ എന്നത് ജീവവായു തന്നെയായി മാറുകയായിരുന്നു.

സിനിമയ്ക്കൊപ്പം സന്യാസവും

തന്റെ കോളേജ് ജീവിതത്തിനിടയിലാണ് സുധ ആദ്യമായി സന്യാസത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. അതിനുള്ള കാരണമായതോ? തന്റെ അമ്മയുടെ അകാലത്തിലുള്ള മരണവും. തന്നെ വിട്ടുപിരിഞ്ഞ കടുത്ത ഭക്തയായിരുന്ന അമ്മയുടെ സാന്നിദ്ധ്യം സുധ തിരിച്ചറിഞ്ഞത് ഭക്തിയിലൂടെ തന്നെയായിരുന്നു. അതുവരെ ഈശ്വര വിശ്വാസി അല്ലാതിരുന്ന സുധ, സുഗന്ധ പുക പരത്തുന്ന സാമ്പ്രാണി തിരിയിലൂടെയും, കത്തുന്ന നിലവിളക്കിലൂടെയും തന്നെ വിട്ടുപോയ തന്റെ അമ്മയെ കണ്ടെത്തുകയായിരുന്നു. ക്രമേണ സുധ സന്യാസത്തിലേക്ക് വഴിമാറി സഞ്ചരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഹാരിദ്ധ്വാർ തുടങ്ങിയ പുണ്യസ്ഥലങ്ങളും മറ്റും ഈ പെൺകുട്ടി സന്ദർശിച്ചു. തന്റെ യാത്രകളിൽ തന്നെ തേടിയെത്തിയചില മാർഗ്ഗദീപങ്ങൾ വഴി അവർ സന്യാസത്തിന്റെയും ആത്മീയതയുടെയും മാർഗത്തിലേക്ക് തന്റെ ജീവിതത്തെ വഴി തിരിച്ചുവിട്ടു.ഒപ്പം സിനിമയുടെയും.

സന്യാസം വിവാഹത്തിന് തടസ്സമോ?

വിവാഹിത കൂടിയായ ഈ സന്യാസിനി വിവാഹ ജീവിതം ഒരിക്കലും സന്യാസജീവിതത്തിന് ഒരു തടസമായി കണ്ടിട്ടില്ല. തനിക്ക് ഒരു സാന്ത്വനവും അഭയവുമായാണ് സുധ വിവാഹ ജീവിതത്തെ കണ്ടത്. സന്യാസത്തിന് പല ശ്രേണികൾ ഉണ്ടെന്നും സന്യാസത്തെ ഒരൊറ്റ കാഴ്ചപ്പാടിലൂടെ മാത്രം നോക്കിക്കാണാൻ ആകില്ലെന്നും സുധ വിശ്വാസിക്കുന്നു. അവരുടെ വാക്കുകളിലേക്ക്.

'സന്യാസത്തെ കുറിച്ചുള്ള അജ്ഞതയാണ് ആളുകളുടെ തെറ്റിധാരണകൾക്കുള്ള പ്രധാന കാരണം. സന്യാസിയെന്നാൽ കാട്ടിലോ ഗുഹയിലോ പോയിരുന്ന് തപസ് ചെയ്യുന്ന ആൾക്കാരാണെന്നാണ് ചിലർ വിചാരിക്കുക. ആ സമ്പ്രദായത്തിൽ വിശ്വസിക്കുന്ന സന്യാസിമാർ ഉണ്ടായിരിക്കാം. സന്യാസത്തിന് സാമ്പ്രദായികമായി പലതരം ശ്രേണികളുണ്ട് ഇന്ത്യയിൽ. 'പാഷൻ' എന്ന വാക്കിനുള്ള മറ്റൊരു പദമാണ് സന്യാസം. എന്നെ സംബന്ധിച്ച് ആത്മീയതയും ആദ്ധാത്മികതയുമൊക്കെയാണ് സന്യാസം.' സുധ പറയുന്നു.

കർമ്മത്തിന് സന്യാസത്തിലുള സ്ഥാനത്തെ കുറിച്ച് തനിക്ക് ബോധ്യപ്പെടുത്തിത്തന്ന, തന്റെ മാർഗദർശിയായ സ്വാമി നിർമലാനന്ദ ഗിരിയെ കുറിച്ചും സുധ സംസാരിക്കുന്നു. സന്യാസമെന്നാൽ ധ്യാനമോ തപസോ മാത്രമല്ലെന്നും അത് കർമ്മത്തിൽ കൂടി അധിഷ്ഠിതമായിരിക്കണം എന്ന് തനിക്ക് ബോദ്ധ്യപ്പെടുത്തി തന്നത് അദ്ദേഹമാണെന്ന് സുധ വ്യക്തമാക്കുന്നു. ഒരു ആയുർവേദ ഡോക്ടർ കൂടിയായ അദ്ദേഹമാണ്, സിനിമയെന്ന കർമ്മ മണ്ഡലത്തെ കുറിച്ചുള്ള സുധയുടെ ബോദ്ധ്യങ്ങൾ ഊട്ടിയുറപ്പിക്കാൻ കൂടി കാരണമായത്.

സിനിമ പെണ്ണിനെ കഴിവുകെട്ടവളായി കാണുന്നുവോ?

സിനിമ പുരുഷന് പലവിധമുള്ള സൗകര്യങ്ങളും പ്രത്യേക അധികാരങ്ങളും നൽകുമ്പോഴും ഒരു സ്ത്രീ സിനിമാ പ്രവർത്തകയെ സിനിമ അവഗണിക്കുകയാണെന്നും സുധ അഭിപ്രായപ്പെടുന്നു. പുറം രാജ്യങ്ങളിൽ വനിതാ ടെക്‌നീഷ്യന്മാർക്ക് ബഹുമാനം ലഭിക്കുമ്പോൾ ഇവിടെ അവരെ കഴിവ് കുറഞ്ഞവരായാണ് സിനിമാ പ്രവർത്തകർ കാണുന്നതെന്ന് സുധ തുറന്നടിക്കുന്നു. സിനിമയിൽ അഭിനയിക്കുന്നതിനായി ആർട്ടിസ്റ്റുകളെ തേടുമ്പോഴും അവരും സ്ത്രീ സിനിമാ പ്രവർത്തകരുടെ കഴിവിലും പ്രാപ്തിയിലും വിശ്വാസം അർപ്പിക്കാൻ വിമുഖത കാട്ടുകയാണെന്നും സുധ പറയുന്നു. അതോടൊപ്പം സിനിമാ നടിമാർക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീ ടെക്‌നീഷ്യന്മാർക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ടെന്നും ഈ സംവിധായിക വ്യക്തമാക്കി.

'നടികൾക്ക് കാസ്റ്റിംഗ് കൗച്ച് ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കാൻ യാതൊരു മടിയുമില്ലാത്ത ആർട്ടിസ്റ്റുകൾ, പുരുഷന്മാർ നിരവധിയുണ്ട്. നിർമാതാക്കൾ ആണെങ്കിൽ കൂടി ഇതായിരിക്കും നമ്മുടെ മുൻപിലേക്ക് ആദ്യം വയ്ക്കുന്ന കണ്ടീഷൻസ്. അതുകൊണ്ട് ഇതിനെ അതിജീവിക്കുകയാണ് വേണ്ടത്, സിനിമ ഒറ്റയ്ക്ക് ചെയാനാകുന്ന ഒരു കാര്യം അല്ലല്ലോ. ഒരുപാട് പേര് സഹകരിച്ചാൽ മാത്രമേ സിനിമ നിർമ്മിക്കാൻ പറ്റുകയുള്ളൂ. ഞാൻ എ ടു സെഡ്, ഈ പറഞ്ഞ എല്ലാ കഷ്ടപ്പാട്ടുകളിലൂടെയും കടന്നുവന്ന ഒരാളാണ്'. സുധ പറയുന്നു.

ഇതുകൂടാതെ സിനിമ നിർമിച്ച് കഴിഞ്ഞ് അത് പ്രദർശിപ്പിക്കാനും ഈ സംവിധായകയ്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. സുധയുടെ മകൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'പക്ഷികൾക്ക് പറയാനുള്ളത്' എന്ന തന്റെ ചലച്ചിത്രം 'ഐ.എഫ്.എഫ്.കെ', 'ഐ.എഫ്.എഫ്.ഐ' പോലുള്ള ചലച്ചിത്രമേളകളിൽ അന്യായമായി തഴയപ്പെട്ട കാര്യവും സുധ പറയുന്നു. ഈ രണ്ട് മേളകളിലും ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും പക്ഷപാതിത്വപരമായാണ് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടതെന്നും സംവിധായിക ആരോപിക്കുന്നു. ഒമാനിന്റെ തലസ്ഥാനമായ മസ്കറ്റിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ സുധ രാധിക 'ഇന്റർനാഷണൽ ഫിലിം ഫ്രറ്റേർണിറ്റി ഒഫ് ഒമാൻ' എന്ന സംഘടനയുടെ സ്ഥാപകയും സജീവ പ്രവർത്തകയുമാണ്.