കോഴിക്കോട് : പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും മുട്ട വില്പന കേന്ദ്രങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അലങ്കാര പക്ഷികളെ വിൽക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം. കോർപ്പറേഷൻ പരിധിയിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വിൽപ്പന നടത്തരുതെന്നും ഉത്തരവിൽ പറയുന്നു. അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴി ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൊടിയത്തൂരിലെ കോഴി ഫാമിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം കോഴികൾ ചത്തതിനെത്തുടർന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ പരിശോധനയ്ക്കയച്ചത്. കണ്ണൂർ റീജിയണൽ ലാബിൽ നിന്നുളള ഫലത്തിൽ പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഭോപ്പാലിലെ ലാബിൽ വീണ്ടും പരിശോധന നടത്തി രോഗം പക്ഷിപ്പനിയെന്ന് ഉറപ്പിച്ചു.
രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നല്‍കി. രോഗം വ്യാപിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുളള മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലാനാണ് തീരുമാനം. കോഴിക്കോട് കോർപ്പറേഷൻ, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തുകളിലായി 12000ത്തിലധികം പക്ഷികളെയാണ് കൊല്ലേണ്ടി വരിക .ഇതിനായി അഞ്ച് പേരടങ്ങുന്ന 35 സംഘങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകിക്കഴിഞ്ഞു.