മഡ്ഗാവ് : രണ്ടാംപാദ സെമിയിൽ 4-2ന് ജയിച്ചെങ്കിലും എഫ്.സി ഗോവ ഐ.എസ്.എൽ ഫൈനൽ കാണാതെ പുറത്തായി. ആദ്യപാദ സെമിയിൽ 4-1ന് ജയിച്ചിരുന്ന ചെന്നൈയിൻ 6-5 എന്ന ഗോൾ മാർജിനിലാണ് ഫൈനലിലെത്തിയത്.
ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാംപാദ സെമിയിൽ എ.ടി.കെ. ബംഗളുരുവിനെ നേരിടും. ആദ്യപാദത്തിൽ ബംഗളുരു 1-0 ത്തിന് ജയിച്ചിരുന്നു. ഇന്ന് എ.ടി.കെയുടെ തട്ടകത്തിലാണ് മത്സരം.
രഞ്ജി ഫൈനലിന്
പുജാരയും
രാജ്കോട്ട് : നാളെ ബംഗാളിനെതിരെ തുടങ്ങുന്ന രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പുജാരയും കളിക്കാനിറങ്ങും . ന്യൂസിലൻഡ് പര്യടനത്തിൽ നിരാശപ്പെടുത്തിയിരുന്ന പുജാര ഫോം വീണ്ടെടുക്കാനാണ് രഞ്ജി ട്രോഫിക്കിറങ്ങുന്നത്.
അമിത് ക്വാർട്ടറിൽ
അമ്മാൻ : ഇന്ത്യൻ സ്റ്റാർ ബോക്സർ അമിത് പംഗൽ ഏഷ്യൻ ക്വാളിഫിക്കേഷൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
പ്ളേയിംഗ് ഇലവൻ നിശ്ചയിക്കാനും സെലക്ടർക്ക്
അധികാരം നൽകണം: എം.എസ്.കെ പ്രസാദ്
മുംബയ് : 15 അംഗ ടീമിനെ തിരഞ്ഞെടുക്കാൻ മാത്രമല്ല പ്ളേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിൽകൂടി സെലക്ടർമാർക്ക് അധികാരം നൽകണമെന്ന് സ്ഥാനമൊഴിഞ്ഞ ബി.സി.സി.ഐ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞു. തങ്ങൾ തിരഞ്ഞെടുത്തുനൽകുന്നവരെ വാട്ടർ ബോട്ടിൽ ചുമപ്പിക്കാനായി ഡ്രെസിംഗ് റൂമിൽ ഇരുത്തുന്നത് ശരിയല്ലെന്നും പ്രസാദ് പറഞ്ഞു. ഇപ്പോൾ പ്ളേയിംഗ് ഇലവനെ തീരുമാനിക്കുന്നത് ക്യാപ്ടനും കോച്ചും ചേർന്നാണ്.
ധോണിക്കും യുവ്രാജ് സിംഗിനും പകരക്കാരെ കണ്ടെത്തുകയായിരുന്നു ചീഫ് സെലക്ടർ എന്ന നിലയിൽ തങ്ങളുടെ വലിയ വെല്ലുവിളിയെന്നും സത്യത്തിൽ ഇരുവരുടെയും യഥാർത്ഥ പകരക്കാരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും പ്രസാദ് പറഞ്ഞു.
വനിതാ ഫൈനലിന് വനിതാ അമ്പയർ
ഇന്ന് മെൽബണിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് വനിതാ അമ്പയറാണ്. ന്യൂസിലൻഡുകാരിയായ കിം കോട്ടണെ തേടിയാണ് ഇൗ അംഗീകാരം എത്തിയിരിക്കുന്നത്. ഐ.സി.സിയുടെ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ വനിതാ അമ്പയർ ഇറങ്ങുന്നത് ആദ്യമായാണ്.