കണ്ണൂർ: സ്ത്രീശാക്തീകരണത്തിന്റെ കല്യാശേരി സ്റ്റൈലിൽ അടവുകളും 'അടിതട'യും പഠിച്ച് പ്രതിരോധത്തിന് റെഡിയാകുന്നത് രണ്ടായിരത്തിലധികം വനിതകൾ. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ സ്വയം ചെറുത്തു തോല്പിക്കാൻ അവരെ പരിശീലിപ്പിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്തും കല്യാശേരി ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ജന്റിൽ വുമൺ പദ്ധതി. കളി ഇനി കല്യാശേരിയിലെ പെണ്ണുങ്ങളോടു വേണ്ട.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിക്രമങ്ങളോട് മാനസികമായും ശാരീരികമായും സ്വയം പ്രതികരിക്കാനുള്ള മാർഗങ്ങളിലാണ് പരിശീലനം. എഴുപതിലെത്തിയ റിട്ട. അദ്ധ്യാപിക മീനാക്ഷി മുതൽ ആറു വയസുകാരി ഗ്രീഷ്മ വരെ ഇവിടെ പരിശീലനം നേടുന്നു. പത്തു മുതൽ അറുപതു വയസു വരെയുള്ളവർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രായം നോക്കാതെ പലരുമെത്തിയതോടെ പരിശീലനം ഉഷാർ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച വനിതാ സെല്ലിലെ പൊലീസുകാരാണ് ടീച്ചർമാർ.
മാലപൊട്ടിക്കൽ, പിടിച്ചുപറി, ശാരീരിക ആക്രമണം തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളിൽ അക്രമിയെ പ്രതിരോധിച്ച് സ്വയരക്ഷ ഉറപ്പാക്കാനുള്ള നുറുങ്ങു വിദ്യകളും അത്യാവശ്യം അടിയും തടയുമൊക്കെയാണ് പരിശീലന സിലബസിൽ. ആകെയുള്ള 18 വാർഡുകളിൽ രണ്ടിടത്തു കൂടിയേ ക്ളാസ് ബാക്കിയുണ്ടായിരുന്നുള്ളൂ. ആ രണ്ടിടത്തെയും ക്ളാസ് ഇന്നലെ പൂർത്തിയായതോടെ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. കുടുംബശ്രീ വഴി അപേക്ഷ സ്വീകരിച്ചാണ് പരിശീലനത്തിന് സ്ത്രീകളെ തിരഞ്ഞെടുക്കുന്നത്. കല്യാശേരിയിലേക്ക് കാലെടുത്തു കുത്തുമ്പോൾ ഇനി കേൾക്കുന്നത് കൈവള കിലുക്കം മാത്രമാകില്ല.
സ്ത്രീകൾ സ്വന്തം വീട്ടിൽപ്പോലും സുരക്ഷിതരല്ല. ബസ്സിലും ട്രെയിനിലും ഓഫീസിലും വരെ നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ വേറെ. ഇത്തരം ഘട്ടങ്ങളെ കരുത്തോടെ നേരിടാൻ മാനസികമായും കായികമായും അവരെ പ്രാപ്തരാക്കാനാണ് ജന്റിൽ വുമൺ പദ്ധതി ആരംഭിച്ചത്.
ഇ.പി. ഓമന, പഞ്ചായത്ത് പ്രസിഡന്റ്, കല്ല്യാശ്ശേരി