ഭോപ്പാൽ: കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് തിരിച്ചടി നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. രാഷ്ട്രീയ നാടകങ്ങൾ അരങ്ങു തകർക്കുന്ന മദ്ധ്യപ്രദേശിൽ ബി.ജെ.പി എം.എൽ.എ സഞ്ജയ് പാഠക്കിന്റെ റിസോർട്ട് കമൽനാഥ് സർക്കാർ പൊളിച്ചു നീക്കി. സർക്കാർ ഭൂമി കൈയേറിയെന്ന് കാട്ടിയാണ് ഈ നടപടി. ഉമാരിയ ജില്ലാ ഭരണകൂടമാണ് റിസോർട്ട് പൊളിച്ചത്. ഒപ്പം സഞ്ജയ് കുടുംബത്തിന്റെ രണ്ടു ഖനികളും സർക്കാർ പൂട്ടിച്ചിട്ടുണ്ട്.
മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതു മുതൽ അവിടെ ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ സംഘർഷങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ നേരിയ ഭൂരിപക്ഷത്തിലാണ് കമൽനാഥ് സർക്കാർ നിലനിൽക്കുന്നത്. എം.എൽ.എമാരെ അടർത്തിമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ "ഓപ്പറേഷൻ താമര’യും ബി.ജെ.പി ആസൂത്രണം ചെയ്തിരുന്നു. ഈ നീക്കത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് പറയപ്പെടുന്ന സഞ്ജയ് പാഠകിനാണ് കമൽനാഥ് 'പണി' നൽകിയിരിക്കുന്നത്.
കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നാല് കോൺഗ്രസ് എം.എൽ.എമാരടക്കം എട്ട് എം.എൽ.എമാരെ ഹരിയാനയിലെ ഒരു റിസോർട്ടിലേയ്ക്ക് ബി.ജെ.പി മാറ്റിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിൽ ആറുപേർ ബുധനാഴ്ച ഭോപ്പാലിൽ തിരിച്ചെത്തിയിരുന്നു. ഒരു കോൺഗ്രസ് എം.എൽ.എ രാജിവയ്ക്കുകയും ചെയ്തു. അതേസമയം കോൺഗ്രസ് സർക്കാരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് സഞ്ജയ് പാഠക് ആരോപിച്ചു. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരാൻ തനിക്കുമേൽ സമ്മർദമുണ്ടെന്നും എന്നാൽ ബി.ജെ.പിക്കൊപ്പം ഉറച്ചു നിൽക്കുമെന്നും സഞ്ജയ പാഠക് പറഞ്ഞു.