ന്യൂഡൽഹി: സ്വന്തമായി ഒരു മോട്ടോർ ബൈക്ക് പോലും ഇല്ലാത്തിന് കാമുകിയുടെ ശകാരം ഏറ്റുവാങ്ങേണ്ടിവന്ന യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. ബൈക്ക് ഇല്ലാത്തതിന്റെ പരിഭവം തീർക്കാൻ എട്ടുബൈക്കുകളാണ് യുവാവ് മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ..
വാലന്റെൻസ് ദിനത്തിലാണ് സ്വന്തമായി ഒരു മോട്ടോർ ബൈക്ക് ഇല്ലാത്തതിന് ലളിത് എന്ന യുവാവിനെ കാമുകി അധിക്ഷേപിച്ചത്. തുടർന്ന് യുവതിയെ പ്രീതിപ്പെടുത്താനായി പിന്നീടുളള ദിവസങ്ങളിൽ ഒന്നിലധികം ബൈക്കുകൾ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മോഷണക്കേസില്‍ ലളിതിന്റെ സുഹൃത്ത് ഷഹീദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹിയിലാണ് സംഭവം.. ബൈക്ക് മോഷണ പദ്ധതി ലളിത് ഷഹീദിനോട് പങ്കുവെയ്ക്കുകയായിരുന്നു. നഗരത്തിൽ നിരവധി ബൈക്ക് മോഷണങ്ങൾ അരങ്ങേറിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നഗരത്തിൽ ദ്വാരക പ്രദേശത്ത് രണ്ട് ക്രിമിനലുകൾ എത്തിയതായുളള വിവരത്തിന്റെ അടിസ്ഥാനത്തിൽ വിരിച്ച വലയിൽ പ്രതികൾ വീഴുകയായിരുന്നു. 1.8 ലക്ഷം രൂപ മൂല്യമുളള ബൈക്കുമായാണ് പ്രതികൾ പിടിയിലായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചു. അടുത്തിടെയായി ഏഴ് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചതായും ഇവർ മൊഴി നൽകി.