അക്ഷരങ്ങൾ പ്രസരിപ്പിക്കുന്ന വെളിച്ചമായിരുന്നു ആ മുറിയിൽ നിറയെ. ഒരുപാട് പുസ്തകങ്ങൾ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു, അലമാരയ്ക്കകത്തും പുറത്തും. കാഴ്ച പരിമിതി കാരണം വായനയുടെ മാധുര്യം അകലെയായവർക്ക് വേണ്ടിയുള്ള ഒരു മഹാധ്യാനമാണത്. മുന്നിലിരിക്കുന്ന ബ്രെയിലി ടൈപ്പ് റൈറ്റിൽ തൊട്ടടുത്തിരിക്കുന്ന നബീസത്ത് ഉച്ചത്തിൽ വായിക്കുന്നത് കേട്ട് ടൈപ്പ് ചെയ്യുകയാണ് കണ്ണുകളിൽ നിന്നും പ്രകാശം എന്നോ മറഞ്ഞു പോയ ബേബി ഗിരിജ ടീച്ചർ. തന്റെ 58ാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ടീച്ചറിപ്പോൾ. ഏറെ കുറേ പൂർത്തിയായി. ഇനി അക്ഷരത്തെറ്റുകൾ തിരുത്തണം. അത് കഴിഞ്ഞാൽ സ്പൈറൽ ബൈൻഡിംഗ് ചെയ്യണം. ഒക്കെയും ടീച്ചർ തന്നെ സ്വന്തമായി ബ്രെയിൽ ലിപിയിലേക്ക് മാറ്റിയവയാണ്. മികച്ച ഭിന്നശേഷി അദ്ധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വഴുതക്കാട് ഗവ.അന്ധ വിദ്യാലയത്തിലെ ബേബി ഗിരിജ ടീച്ചർ ഒരു വലിയ പ്രചോദനമാണ്. പരിമിതികളെയെല്ലാം കാറ്റിൽ പറത്തിയ ദൃഢനിശ്ചയത്തിന്റെ പ്രതീകം. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ടീച്ചറുടെ പുസ്തകമെഴുത്ത് ഇന്ന് ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാഴ്ചയുടെ ലോകം അന്യമായ കുട്ടികൾക്ക് ബ്രെയിൽ ഭാഷയിൽ പുസ്തകങ്ങൾ തയ്യാറാക്കിയാണ് ടീച്ചർ വ്യത്യസ്തയാകുന്നത്. ഏൽപ്പിക്കുന്ന ജോലി അതെന്തായാലും ഭംഗിയായി ചെയ്യുക എന്നത് ബേബി ഗിരിജ ടീച്ചറുടെ ജീവിതവ്രതമാണ്. അത്തരത്തിലൊരു ദൗത്യത്തിലാണ് ടീച്ചറിപ്പോൾ. അകക്കണ്ണിന്റെ വെളിച്ചം പാഠപുസ്തകത്തിന് പുറത്തേക്ക് എത്തിക്കാനുള്ള ഒരു ശ്രമം എന്നു പറയാം. സാഹിത്യപുസ്തകങ്ങൾക്കൊപ്പം വൈജ്ഞാനിക ഗ്രന്ഥങ്ങളും ബ്രെയിലി ഭാഷയിലേക്ക് മാറ്റിയെഴുതുകയാണ് ടീച്ചർ.
''ചെറുപ്പം മുതലേ പുസ്തകങ്ങളാണ് എന്റെ കൂട്ടുകാർ. കഥകൾ വായിച്ച് കേൾക്കാൻ ഇഷ്ടമാണ്. ബ്രെയിൽ ലിപിയിൽ ഇത്തരം സാഹിത്യ പുസ്തകങ്ങൾ കിട്ടില്ല. പഠിക്കാനുള്ള പുസ്തകങ്ങളാണ് കൂടുതലും. അങ്ങനെയായിരുന്നു ഈ തീരുമാനത്തിലേക്ക് എത്തിയത്."" ടീച്ചർ തന്റെ ലൈബ്രറിയെ കുറിച്ച് സംസാരിക്കുന്നു. ഇവിടെ ആർക്കും വന്നിരുന്ന് വായിക്കാം, ഒറ്റ നിബന്ധന മാത്രം. പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ ചോദിക്കരുത്. ഐതിഹ്യമാലയും ഈസോപ്പ് കഥയും കെ.ഇ. ആറും ഉൾപ്പെടെ പല ശ്രേണികളിലുള്ള പുസ്തകങ്ങൾ ഇതിനകം തയ്യാറായി കഴിഞ്ഞു.
ആദ്യം വെറും കൗതുകം പിന്നെ സ്വപ്നനേട്ടം
2007 ലാണ് ലൈബ്രറിയുടെ പണി തുടങ്ങുന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ തുളസീധരൻ സാറാണ് ഇത്തരമൊരു ആശയം പങ്കുവച്ചത്. അന്ന് ആ ജോലിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു ചിന്ത. ഓരോ കാരണങ്ങൾ പറഞ്ഞ് രക്ഷപ്പെടാനും നോക്കി. പുസ്തകങ്ങൾ വയ്ക്കാൻ സ്ഥലമില്ല എന്നതായിരുന്നു അങ്ങനെ കണ്ടെത്തിയ ഒരു കാരണം. പക്ഷേ, അന്ന് സാർ തിരിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. പുസ്തകങ്ങൾ വരുമ്പോൾ സ്ഥലവും അലമാരയുമൊക്കെ തനിയേ വരുമെന്ന്. അത് സത്യമാണെന്ന് ഇവിടെ വരുന്ന ആർക്കും മനസിലാകും. ഇതൊക്കെ പലരും സ്പോൺസർ ചെയ്തതാണ്. പേപ്പറിനൊക്കെ നല്ല ചെലവുണ്ട്. പുസ്തകങ്ങൾ വായിക്കാൻ വരുന്നവരും സ്കൂളിലെ ജീവനക്കാരുമൊക്കെ വാങ്ങിത്തരും. പിന്നീട് അതൊരു ദൗത്യം പോലെ തന്നെ ഞാനെടുത്തു. ഇന്നിപ്പോൾ മികച്ചൊരു ലൈബ്രറി ആക്കി മാറ്റണമെന്ന സ്വപ്നവും കൂടെയുണ്ട്. 2014 ൽ മികച്ച ഭിന്നശേഷി അദ്ധ്യാപികയ്ക്കുള്ള സ്റ്റേറ്റ് അവാർഡും കിട്ടിയിട്ടുണ്ട്. ഇതുവരെ ചെയ്ത പുസ്തകങ്ങൾ 58 ആണെങ്കിലും 60 പുസ്തകങ്ങളുടെ പണി ടീച്ചർ ചെയ്തിട്ടുണ്ട്. രണ്ട് പുസ്തകങ്ങൾ ചിതലരിച്ചു പോയതു കൊണ്ടാണത്. നഷ്ടപ്പെട്ടത് തിരിച്ചുപിടിച്ചാലേ പൂർണത വരൂവെന്ന് വിശ്വസിക്കുന്ന ആളാണ്. അങ്ങനെ ആ പുസ്തകങ്ങൾ വീണ്ടും എഴുതിയുണ്ടാക്കി. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയിരുന്ന് നാൽപത് പേജോളം ചെയ്യും. ഒരിക്കലും മുപ്പത്തിയഞ്ചിൽ കുറഞ്ഞിട്ടില്ല. പുസ്തകത്തിന് ഒരൊഴുക്കുണ്ടെങ്കിൽ പേജിന്റെ എണ്ണവും കൂടുമെന്ന് ബേബിടീച്ചർ പറയുന്നു. ഞായറാഴ്ചകൾ ഉൾപ്പെടെ ലൈബ്രറിക്ക് വേണ്ടി സമയം ചെലവഴിക്കാറുണ്ട്.
പാട്ടും ഓട്ടവും പ്രസംഗവും
ടീച്ചർക്ക് വീട് പോലെയാണ് സ്കൂളും. പ്രിയപ്പെട്ടവരെല്ലാം ഇവിടെയുണ്ട്. അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ടീച്ചറിന് സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ്. 1993 ലാണ് ഈ സ്കൂളിലേക്ക് എത്തുന്നത്. അന്നതൊരു താത്കാലിക പോസ്റ്റായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം സ്ഥിരനിയമനമായി. ഒരു ക്ലാസിൽ അഞ്ചു കുട്ടികളാണ് വേണ്ടത്. ബോർഡിൽ എഴുതി പഠിപ്പിക്കലില്ല. പകരം കൈ കൊണ്ട് തൊട്ടുമനസിലാക്കിപ്പിച്ചാണ് പഠിപ്പിക്കുക. 14 കുട്ടികളായാൽ രണ്ട് ഡിവിഷനാക്കും. ഇവിടെ ഏഴാം ക്ലാസ് വരെയുണ്ട്. കൊല്ലം പരവൂരാണ് ടീച്ചറിന്റെ സ്വദേശം. ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഹോസ്റ്റലിലാണ് താമസം. എങ്ങനെ അദ്ധ്യാപികയായെന്ന് ചോദിച്ചാൽ ടീച്ചർ ചിരിക്കും.
''ജോലി വേണമെന്ന് പോലും തീരുമാനിച്ചിരുന്നില്ല. പഠിക്കുന്ന സമയത്ത് പഠിച്ചു. ടി.ടി.സിക്ക് അഡ്മിഷൻ കിട്ടി. അതുകഴിഞ്ഞ് മലയാളം ഐശ്ചികവിഷയമായെടുത്ത് ഡിഗ്രിക്ക് ചേർന്നു. പിന്നീട് ബ്രെയിലിയിൽ ഒരു ഡിപ്ലോമ കോഴ്സും ചെയ്തു. ആ സമയത്താണ് ഇവിടെ ചേരുന്നത്. ആർട്സിനോടും സ്പോർട്സിനോടും ചെറുപ്പത്തിൽ നല്ല താത്പര്യമുണ്ടായിരുന്നു. പാട്ടു പാടും. പ്രസംഗമത്സരത്തിൽ എപ്പോഴും ഒന്നാം സ്ഥാനമായിരിക്കും. ഓട്ടമത്സരത്തിന് ഒരിക്കൽ സമ്മാനം കിട്ടാതെ കരഞ്ഞിട്ടുണ്ട്. ഇപ്പോഴും പഴയ ആൾക്കാർ അതൊക്കെ ഓർമ്മിപ്പിക്കും. ആ കാലമല്ലേ... ഞാനതൊക്കെ എന്നേ മറന്നു.""
പോരാട്ടം തുടങ്ങുന്നു
ടി.ടി.സിക്ക് ചേരാൻ തീരുമാനിച്ച കാലം. അന്നെനിക്ക് അഡ്മിഷൻ നിരസിച്ചു. ഒരുപാട് വിഷമം തോന്നി. പലതവണ കയറിയിറങ്ങി. മെമ്മോ കിട്ടിയിട്ടും അവരെനിക്ക് കാഴ്ചയില്ലാത്തതിന്റെ പേരിൽ മാത്രം സീറ്റ് നിഷേധിച്ചു. പഠിച്ച് മാർക്ക് വാങ്ങിയെങ്കിൽ എനിക്ക് സീറ്റും വേണമെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. അന്ന് മുതൽ തുടങ്ങിയ പോരാട്ടമാണ് ഇപ്പോൾ ലൈബ്രറി വരെ എത്തി നിൽക്കുന്നത്. ഇത്ര കഷ്ടപ്പെട്ട് തയ്യാറാക്കിയ പുസ്തകങ്ങളൊക്കെ ആർക്കും വേണ്ടാത്ത അവസ്ഥ വരെയുണ്ടായിട്ടുണ്ട്. എന്റെ മാത്രം ലക്ഷ്യത്തിന് വേണ്ടിയാണെന്ന് പോലും കേൾക്കേണ്ടി വന്നു. ഒരുപാട് പ്രതിസന്ധികൾ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം വാശിയായി. മുന്നോട്ട് വച്ച കാൽ മുന്നോട്ട് മതിയെന്ന് ഉറപ്പിച്ചു. ചിലപ്പോൾ പരാജയപ്പെട്ടേക്കാം. എന്നാലും ഞാനത് ഉൾക്കൊള്ളും എന്ന് മനസിലുറപ്പിച്ചാണ് ഓരോ ചുവടും വച്ചത്. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ എന്തുവഴിയും തുറന്നു കിട്ടുമെന്ന് സ്വന്തം ജീവിതം കൊണ്ട് എനിക്ക് മനസിലാക്കാൻ പറ്റി. കാഴ്ചയില്ലാത്തതിനെക്കുറിച്ചും ടീച്ചർക്ക് സ്വന്തമായ നിർവചനമുണ്ട്. പ്രശ്നമില്ലാത്ത മനുഷ്യരുണ്ടോ? ഒരു ജീവി വലയിൽ കുടുങ്ങിപ്പോയാൽ അതൊരു വിഷമം തന്നെയല്ലേ. ഓരോ മനുഷ്യർക്കും ഓരോ തരത്തിലാണ് വിഷമം. പ്രശ്നമായി മാത്രം കണ്ടാൽ മുന്നോട്ട് പോകാൻ പറ്റില്ല. ഓരോ പ്രശ്നത്തെയും അതിജീവിച്ച് മുന്നേറുമ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥമുണ്ടാകുന്നത്. പഴയ കാലം പോലെയല്ല പുതിയ തലമുറ. അവരൊക്കെ ഈ പ്രായത്തിൽ പോലും ഇത്തരം ചിന്തകളുള്ളവരാണ്. കുട്ടികളുടെ മുന്നിൽ സ്നേഹമുള്ള അമ്മയായും കണിശക്കാരിയായ അദ്ധ്യാപികയുമാണ് ഞാൻ. പഠിപ്പിക്കുമ്പോൾ നല്ല കാർക്കശ്യക്കാരിയാണ്. അതു കഴിഞ്ഞാൽ നല്ല കൂട്ടാണ്. പഠിപ്പിക്കുന്ന സമയത്ത് എല്ലാവർക്കും എന്നോട് വെറുപ്പാണ്. പക്ഷേ അത് കഴിയുമ്പോൾ അവർക്കെന്നോട് വലിയ സ്നേഹമാണ്.
കൂടെ നിന്ന സ്നേഹം
സ്നേഹത്തിന് നടുവിലായിരുന്നു കുട്ടിക്കാലം. അച്ഛനും അമ്മയും ചേട്ടനും മാമന്മാരും നൽകിയ സ്നേഹമാണ് ഇന്ന് ഞാനെന്റെ കുട്ടികൾക്ക് പകർന്ന് കൊടുക്കുന്നത്. എന്നെ പോലെ അനിയൻ രാജുവും കാഴ്ചപരിമിതി നേരിടുന്ന ആളായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ആഹാരം കഴിച്ചിരുന്നതും കളിച്ചിരുന്നതുമെല്ലാം. അവന്റെ നഷ്ടം ഇന്നും തീർത്താൽ തീരാത്ത വേദനയാണ്. ചേട്ടനായിരുന്നു പൊന്നുപോലെ നോക്കിയത്. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തു തരും. അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായി ചേട്ടത്തിയമ്മ എത്തിയപ്പോഴും എന്നെ മാറ്റി നിറുത്തിയില്ല. ഇന്നും അവരുടെയെല്ലാം ആദ്യ പരിഗണന എനിക്കാണ് കിട്ടുന്നതെന്ന് തോന്നാറുണ്ട്. അവരുടെ മക്കൾക്കും അങ്ങനെ തന്നെ. ചേട്ടൻ വിജയനും അനിയത്തി ശോഭനയ്ക്കും കൂടി നാലു മക്കൾ. അവരെല്ലാം എനിക്കെന്റെ മക്കളാണ്. അവരുടെ അച്ഛനമ്മമാർ പറഞ്ഞാൽ കേൾക്കില്ലായിരുക്കും, പക്ഷേ ഞാൻ പറഞ്ഞാൽ കേൾക്കും. അതാണ് അവരുടെ സ്നേഹം. വേമ്മ (വല്യമ്മ) യെന്നും അപ്പൈ (അപ്പച്ചി) എന്നുമാണ് അവരെന്നെ വിളിക്കുന്നത്. രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. പക്ഷേ എന്റെ മനസിൽ ഇപ്പോഴും കൈനിറയെ മധുരപ്പൊതികളുമായി ഞാൻ ചെല്ലുന്നതും കാത്തിരിക്കുന്ന കുഞ്ഞു മുഖമാണുള്ളത്. പിന്നെ ഞാനെന്തിനാണ് വിഷമിക്കേണ്ടത്. വിവാഹജീവിതം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
തീയേറ്ററും അമ്പലവും പ്രിയ ഇടങ്ങൾ
ഒഴിവ് സമയം കിട്ടാറില്ല. എപ്പോഴും തിരക്കിലാണ്. റേഡിയോ ആണ് പ്രധാന ഹോബി. രാവിലെ എഴുന്നേൽക്കുന്നത് മുതൽ റേഡിയോയുടെ ശബ്ദം കേൾക്കണം. പത്രത്തിലെ വാർത്തയൊക്കെ ആരെങ്കിലും വായിച്ച് കേൾപ്പിക്കും. അമ്പലത്തിലോ പള്ളിയിലോ ഒക്കെ പോകുന്നത് ഞായറാഴ്ചകളിലാണ്. ആരെങ്കിലും വിളിച്ചാൽ സന്തോഷമാണ്. ചിലപ്പോൾ പോകണമെന്ന് തോന്നിയാലും ആരും കൂടെയുണ്ടാകില്ല. ദൈവവിശ്വാസിയാണ്. അതില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. നിന്റെ വാക്കും ചിന്തയും പ്രവൃത്തിയും മറ്റൊരാൾക്ക് ദോഷമല്ലെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ കുട്ടികളോടും അത് തന്നെയാണ് പറയാറുള്ളത്. സിനിമകളൊക്കെ കാണാൻ ഇഷ്ടമാണ്. അതും തീയേറ്ററിൽ പോയി തന്നെ കാണണം. അവിടെയിരുന്ന് കേൾക്കുന്നതിന് ഒരു പ്രത്യേക രസമുണ്ടെന്നാണ് ടീച്ചർ പറയുന്നത്. അതുപോലെ, യാത്ര ചെയ്യാനും ഇഷ്ടമാണ്. അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോയതാണ് ഒടുവിലത്തെ യാത്ര. ബാംഗ്ലൂർ, മൈസൂർ ഒക്കെ പോയിട്ടുണ്ട്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ടീച്ചർ റിട്ടയേർഡാകും. അതുകഴിഞ്ഞാലും വെറുതേയിരിക്കാൻ ടീച്ചർ തയ്യാറല്ല. ഇപ്പോഴത്തെ പോലെ ലൈബ്രറിയുടെ ജോലികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പിന്നെ ഇതുവരെ മാറ്റി വച്ചിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് കൂടി ശ്രദ്ധ പതിപ്പിക്കണം. വാട്സ് ആപ്പും ഫേസ്ബുക്കുമൊക്കെ ഉപയോഗിക്കണം.
സമയം മറ്റൊന്നിന് വേണ്ടിയും മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഇതിൽ നിന്നെല്ലാം ടീച്ചർ മാറി നിന്നത്. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനവും ആത്മാർത്ഥത വേണമെന്നാണ് ടീച്ചറുടെ പക്ഷം. പ്രശ്നങ്ങളെയൊക്കെ നിസാരമായി കാണുന്നതുകൊണ്ടാകാം ഒന്നിനെയും ഓർത്ത് വിഷമിക്കാറില്ല. വേദനിപ്പിച്ച ഒത്തിരി സംഭവങ്ങൾ പലപ്പോഴും പല സാഹചര്യങ്ങളിലും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. പറ്റാത്ത കാര്യങ്ങൾ ചെയ്യാൻ ബോധപൂർവം ശ്രമിക്കാറില്ല. മറ്റുള്ളവരെ പോലെ ആശ്രയമില്ലാതെ വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ നഷ്ടമായതെല്ലാം ഇനി ചെയ്തു തീർക്കണം എന്നാണ് ആഗ്രഹം. എന്റെ കുട്ടിക്കാലം ഓർമ്മയുള്ളതു കൊണ്ടു തന്നെ മുന്നിൽ വരുന്ന ഓരോ കുട്ടിയെയും അവരുടെ പരിമിതിയെയും കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. അവരുടെ മനസും എന്നെക്കാൾ നന്നായി മറ്റാർക്കാണ് മനസിലാക്കാൻ കഴിയുക.ജീവിതത്തോടും സകലതിനോടും സ്നേഹം മാത്രമാണ് ടീച്ചർക്ക്. നിറഞ്ഞ ചിരിയോടെയല്ലാതെ അവരെ കാണാൻ കഴിയില്ല. പരിമിതികളിൽ തളർന്നിരിക്കാതെ, മനക്കരുത്ത് കൊണ്ട് ചുറ്റിലുമുള്ളതിനെയെല്ലാം കാണുന്ന ആ മനസിന് പൊൻവെളിച്ചമാണ്.