മഞ്ജുവാര്യർ, മലയാളികൾ മനസിൽ അടയാളപ്പെടുത്തിയ പേര്. ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തിയ അവർ ഹൃദയപൂർവമുള്ള യാത്ര വിജയകരമായി തുടരുകയാണ്. സോഷ്യൽ മീഡിയയ്ക്കപ്പുറം, തന്റെ സാന്നിദ്ധ്യം എവിടെ വേണോ അവിടെ മഞ്ജുവുണ്ടായിരിക്കും. സിനിമകൾ, കാഴ്ചപ്പാടുകൾ. എക്കാലത്തെയും പ്രിയ നടിയുടെ മനസിലൂടെ...
ഇന്ത്യൻ ചലച്ചിത്ര ലോകം ഉറ്റുനോക്കുന്ന സിനിമയാണ് 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം" ?
'മരയ്ക്കാറി"ൽ അതിഥി വേഷമാണ്. എന്നാൽ ആ കഥാപാത്രത്തിന്റെ പ്രാധാന്യം എന്നെ സന്തോഷിപ്പിക്കുന്നു. ഒരു വലിയ സിനിമയുടെ പ്രത്യേകിച്ച് പ്രിയദർശൻ, മോഹൻലാൽ കോമ്പിനേഷന്റെ ഭാഗമാവാൻ ഇങ്ങനെയെങ്കിലും സാധിച്ചതിൽ സന്തോഷമുണ്ട്. പ്രിയൻ സാറിന്റെ സിനിമയിൽ ഞാൻ ആദ്യമാണ് അഭിനയിക്കുന്നത്. ഒപ്പം ജോലി ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അത് സാധിച്ചതിൽ സന്തോഷമുണ്ട്.
'ചതുർമുഖം" എന്ന ഹൊറർ ചിത്രത്തിൽ അഭിനയിച്ചല്ലോ?
ഒരു ഹൊറർ ത്രില്ലർ സിനിമയുടെ ഭാഗമാവുന്നത് ആദ്യമാണ്. അതിന്റെ ആകാംക്ഷയുണ്ട്. ആ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഇതിൽ സാധാരണ പോലെ മറഞ്ഞു നിന്ന് പേടിപ്പിക്കുന്ന പ്രേതമല്ല. അതിന്റെ പുതുമയുണ്ട്. അത് ഞാൻ ആസ്വദിക്കുന്നു.
ചേട്ടന്റെ സിനിമയിൽ അഭിനയിക്കുകയാണല്ലോ ഇപ്പോൾ?
ചേട്ടൻ (മധു വാര്യർ) ഒരുപാട് വർഷമായി 'ലളിതം സുന്ദരം" എന്നു പേരിട്ട ഈ സിനിമയ്ക്ക് പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാൽ എങ്ങും എത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ ഞാൻ നേരിട്ട് കണ്ടു. ചേട്ടന്റെ പല പ്രോജക്ടും അവസാനഘട്ടത്തിൽ എത്തിയശേഷം നഷ്ടപ്പെടുന്നതും കണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാം ഒത്തുവന്നു. അതിന്റെ സന്തോഷമുണ്ട്. ചേട്ടൻ നന്നായി ചെയ്യണേ എന്ന ആഗ്രഹമുണ്ട്. ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോട് പറയുന്നതെന്ന് തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞശേഷമാണ് ഞാൻ കഥ കേൾക്കുന്നത്.
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുകയാണല്ലോ?
ഒരുപാട് വർഷമായുള്ള ആഗ്രഹമായിരുന്നു. അഭിനയം തുടങ്ങിയ സമയത്തും ആഗ്രഹിച്ചു. രണ്ടാം വരവിൽ ഇപ്പോഴാണ് യാഥാർത്ഥ്യമാകുന്നത്. മമ്മുക്കയോടൊപ്പം അഭിനയിക്കാൻ കഴിയാതെയിരുന്നതിന് പല കാരണങ്ങൾ ഉണ്ടാവാം. പല പ്രോജക്ടും ഇപ്പോൾ സംഭവിക്കുമെന്ന് തോന്നുകയും അവസാന നിമിഷം മാറിപോവുകയും ചെയ്യാറുണ്ട്. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. ഭയങ്കര സന്തോഷമുണ്ട്.
സാധാരണക്കാരുടെ ഓരം ചേർന്ന് നിൽക്കുന്ന കഥാപാത്രമായി മഞ്ജു എത്തുമ്പോൾ ഹൃദ്യത അനുഭവപ്പെടുന്നു?
ആണോ?...അത് ഞാനാണോ പറയേണ്ടത്. ഓരോ കഥാപാത്രവുമായി പ്രേക്ഷകർക്കുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണത്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും പ്രേക്ഷർക്ക് ഇഷ്ടപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ലൂസിഫറിലെ കഥാപാത്രത്തിന് ഒരു സാധാരണക്കാരിയുടെ ജീവിതമല്ല. എന്നാൽ വലിയ രീതിയിൽ അത് സ്വീകരിക്കപ്പെട്ടു. അസുരനിലെ കഥാപാത്രം ഏറ്റവും സാധാരണക്കാരിയായിരുന്നു. പ്രതി പൂവൻ കോഴിയിലെ മാധുരിയും വളരെ സാധാരണക്കാരി. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. രണ്ടും ഒരേ രീതിയിൽ സ്വീകരിക്കപ്പെടുക എന്നതാണ് ഒരു നടി എന്ന നിലയിൽ എന്റെ മുന്നിലെ വെല്ലുവിളി. മറ്റൊരു അർത്ഥത്തിൽ അത് ആകാംക്ഷ കൂടിയാണ്. ഏതു കഥാപാത്രം കൂടുതൽ ഇഷ്ടപ്പെട്ടു എന്നത് ഓരോ പ്രേക്ഷകന്റെയും അഭിരുചി അനുസരിച്ചാണ്. വളരെ രസമുള്ളതാണ് ആ പ്രക്രിയ.
രണ്ടാം വരവിൽ അധികവും പുതുതലമുറയോടൊപ്പമാണല്ലേ ?
രണ്ടും ഒരേ അളവിൽ ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. സത്യൻ അങ്കിൾ, കമൽ സാർ, പ്രിയൻ സാർ, റോഷൻ അങ്ങനെയും ചെയ്തു. ആഷിക് അബു, രാജേഷ് പിള്ള എന്നിവരുടെ സിനിമയുടെയും ഭാഗമായി.പുതിയ കുട്ടികളുടെ സിനിമകളാണ് ജോ ആൻഡ് ദ ബോയ്, കെയർ ഒഫ് സൈറബാനു, ഉദാഹരണം സുജാത.ഇതിനിടയിൽ ഒരു സിനിമ വിട്ടു പോയി... ലൂസിഫർ. ലൂസിഫർ ചെയ്തത് പുതുമുഖ സംവിധായകനാണല്ലോ. ഇപ്പോൾ ചെയ്യുന്ന സിനിമയുടെ സംവിധായകർ രണ്ടും നവാഗതരാണ്. എണ്ണം നോക്കുമ്പോൾ രണ്ട് ശ്രേണിയിലെയും സംവിധായകരുടെ സിനിമകളിൽ ഒരേപോലെ ഭാഗമാവുന്നു.അത് ബോധപൂർവം ചെയ്യുന്നതല്ല, സംഭവിക്കുന്നതാണ്. ഇപ്പോൾ ചോദിച്ചപ്പോഴാണ് ഞാൻ പോലും അതേപ്പറ്റി ആലോചിക്കുന്നത്. പുതുമുഖ സംവിധായകൻ, അനുഭവസമ്പത്തുള്ള സംവിധായകൻ എന്നത് മാനദണ്ഡമായി നോക്കാറില്ല. തിരക്കഥ ഇഷ്ടപ്പെടുകയും വിശ്വാസമുള്ള സംവിധായകനാണെന്ന് തോന്നുകയും ചെയ്താൽ തീർച്ചയായും അതിന്റെ ഭാഗമാവും. അതേ ഞാൻ നോക്കാറുള്ളൂ.
'അസുര" ന്റെ വിജയം കണ്ടപ്പോൾ തമിഴ് സിനിമ നേരത്തെ ചെയ്യേണ്ടതായിരുന്നെന്ന് തോന്നിയോ?
അങ്ങനെയൊന്നും തോന്നിയില്ല. അസുരന് മുമ്പേ തമിഴിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു. അവസാന നിമിഷമാണ് മാറി പോയത്. അതിൽ നഷ്ടബോധം തോന്നിയിട്ടില്ല. എല്ലാം സംഭവിക്കുന്നത് അതിന്റെ ഒഴുക്കിലാണ്. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നുന്നു. അസുരനല്ലാതെ മറ്റൊരു തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോൾ സങ്കല്പിക്കാൻ പോലും കഴിയില്ല. ശക്തമായ ഒരു പ്രവേശം തമിഴ് സിനിമയിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്.
മഞ്ജുവിനെ മലയാളികൾ ഇത്രമാത്രം സ്നേഹിക്കാൻ കാരണമെന്താണ്?
കാരണമൊന്നും എനിക്കും അറിയില്ല. അതിന്റെ കാരണം അന്വേഷിച്ചു പോവാനുള്ള ധൈര്യമില്ല. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാവാം. ഒരു സിനിമാതാരമായി പ്രേക്ഷകർ എന്നെ കാണാറില്ലെന്ന് തോന്നിയിട്ടുണ്ട് . അവരുടെ വീട്ടിലെ സ്വന്തം ആള്. ആ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എവിടെ ചെന്നാലും അവരുടെ സ്നേഹം കിട്ടുന്നു.അത് വലിയ അനുഗ്രഹമാണെന്ന് എനിക്ക് അറിയാം.
ആ സ്നേഹം തുടരുകയാണ്?
തുടരട്ടെ. എന്നും അത് അങ്ങനെ തന്നെയാവണമെന്നാണ് പ്രാർത്ഥന.
സിനിമാ നിർമ്മാണത്തിലും ഇറങ്ങുകയാണല്ലോ?
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം ( അഹർ) സിനിമയുടെ മൂന്നു നിർമ്മാതാക്കളിൽ ഒരാളാണ് ഞാൻ. വളരെ ചെറിയ ഒരു ചുവടുവയ്പ്പാണ്. നോക്കാം എങ്ങനെയുണ്ടെന്ന്. വലിയ പ്ലാനൊന്നും തത്കാലമില്ല. മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്ന ബാനറിലാണ് 'ശാകുന്തളം"നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചത്.
നാട്ടിൻപുറത്തുകാരിയുമാണ്, അതേ സമയം മോഡേണുമാണ്. എവിടെയാണ് മഞ്ജു സ്വന്തം സ്ഥാനം കണ്ടെത്തുന്നത്?
ഒരേ സമയം രണ്ടും ആവുന്നത് നല്ലല്ലേ? ഒരാൾ നാടനാണെങ്കിൽ മോഡേൺ ആവരുതെന്നും മോഡേണാണെങ്കിൽ നാടൻ ആവാൻ പാടില്ലെന്നും എവിടെയും നിയമമൊന്നുമില്ലല്ലോ. കഥാപാത്രം എന്ത് ആവശ്യപ്പെടുന്നു അതാണ് സിനിമയിൽ കാണുന്ന രൂപം. ചില ദിവസം സാരി ഉടുക്കാൻ തോന്നും. ചില ദിവസം ചുരിദാറോ ജീൻസോ ഇടാൻ തോന്നും. ഏതിലാണോ കംഫർട്ട് ആ വേഷം ധരിക്കാറാണ് പതിവ്.
ഒരു സിനിമയുടെ ഭാഗമാവുമ്പോൾ എത്രമാത്രം സന്തോഷവും പ്രതീക്ഷയും ലഭിക്കുന്നു?
അതിന് അങ്ങനെയൊരു അളവൊന്നുമില്ല.നല്ല സിനിമയായിരിക്കണമെന്ന ചിന്തയോടെയാണ് ചെയ്യുക.എല്ലാം നന്നാവണമെന്ന് ആഗ്രഹിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. ആ ചിന്തയും ആഗ്രഹവും തുടരുന്നു.
നൃത്തപ്രാധാന്യമുള്ള കഥാപാത്രം ചെയ്യണമെന്നുണ്ടോ?
അങ്ങനെയൊന്നുമില്ല. കഥയ്ക്കും സ്ക്രിപ്ടിനുമാണ് പ്രാധാന്യം. കഥാപാത്രം നർത്തകിയെങ്കിൽ സന്തോഷം. നൃത്തം മാത്രം ഒരു സിനിമയിൽ കാണിക്കുന്നത് കൊണ്ട് കാര്യമില്ല. അങ്ങനെയെങ്കിൽ ഒരു നൃത്ത പ്രോഗ്രാം ചെയ്താൽ പോരേ? അതിനനുസരിച്ച് കഥയും തിരക്കഥയും ഒത്തുവരണം. എങ്കിൽ മാത്രമേ കാര്യമുള്ളൂ.
ജീവിതത്തിൽ അമ്മയുടെ സ്വാധീനം?
അത് വാക്കുകളിലൊന്നും ഒതുക്കാൻ കഴിയില്ല. എല്ലാവർക്കും അങ്ങനെ തന്നെയാണ്. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളതും അവരെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളതും അമ്മയാണ്. ഇത് ഫിലോസഫിയായി പറയേണ്ട കാര്യവുമില്ല. അത് പ്രകൃതിയുടെ ഒരു രീതിയാണ്. സാധാരണ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതുപോലെ തന്നെ എന്നിലും അമ്മയുടെ സ്വാധീനമുണ്ട്.