സ്ത്രീ എന്ന വാക്കിനെ പല അർത്ഥത്തിലാണ് സമൂഹം മനസിലാക്കിയിട്ടുള്ളത്. മകൾ, പ്രണയിനി, ഭാര്യ, അമ്മ എന്നിങ്ങനെ പലതാണ് അവളുടെ ഭാവങ്ങളും. ജനനം തൊട്ട് വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ ഭാവങ്ങളിലേക്ക് അവളിറങ്ങി ഇഴുകിച്ചേരും. എന്നാൽ, വളരുമ്പോൾ സ്ത്രീയോ പുരുഷനോ ഇതിൽ തങ്ങളെന്താണെന്ന് തിരിച്ചറിയാനാകാതെ, സ്വത്വത്തിനുള്ളിൽ കുടുങ്ങിപ്പോവുന്ന നിരവധിപ്പേരുണ്ട്. ആ തിരിച്ചറിവിലേക്ക് അവർ എത്തുന്നതും തങ്ങൾ ആഗ്രഹിക്കുന്ന ജീവിതം തിരഞ്ഞെടുക്കുന്നതും സമൂഹം ഇപ്പോഴും പൂർണമായി അംഗീകരിച്ചു തുടങ്ങിയിട്ടില്ല. ആ അംഗീകാരത്തിനായുള്ള പോരാട്ടത്തിലാണ് ഇന്നും ട്രാൻസ്ജെൻഡേഴ്സ് എന്ന ഒരു വിഭാഗം ജനത. അവരുടെ പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കുന്നതിൽ ഒരാളാണ് ശീതൾ ശ്യാം. തന്റെ ലൈംഗികസ്വത്വത്തിൽ സ്ത്രീത്വം കൂടുതലാണെന്ന് തിരിച്ചറിഞ്ഞ്, സമൂഹത്തിൽ തനിക്കു വേണ്ടിയും തന്നെ പോലുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടിയും ഇറങ്ങിത്തിരിക്കാൻ പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് ശീതൾ ശ്യാം പറയുന്നു.
തിരിച്ചറിവിലെ തുടക്കം
അഞ്ചോ ആറോ വയസുള്ളപ്പോഴാണ് സാധാരണ ആൺകുട്ടികളെ പോലെയല്ലല്ലോ ഞാനെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. എന്റെ കസിൻസെല്ലാം പെൺകുട്ടികളാണ്. അവരോടൊപ്പം കളിക്കുമ്പോഴാണ് എനിക്ക് ആ തോന്നലുണ്ടായത്. അവരുടെ കളികളിലാണ് എനിക്ക് താത്പര്യം. എന്റെ സഹോദരനാകട്ടെ ഇത്തരം കളികളൊന്നും ഇഷ്ടമായിരുന്നില്ല. പിന്നെ സ്കൂളിൽ ചേർന്നപ്പോൾ ആ തോന്നൽ ശക്തമായി. പക്ഷേ, അതിന്റെ കാരണം വേറെയായിരുന്നു. സ്കൂളിൽ സഹപാഠികളിൽ നിന്ന് പീഡനങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വന്നു. വാക്കു കൊണ്ടുള്ള വേദനകൾ മാത്രമല്ല, ശാരീരികമായും ലൈംഗികമായുമുള്ള ആക്രമണങ്ങൾ. അത് പിന്നീട് സ്കൂളിൽ നിന്ന് പുറത്തേക്ക് നീണ്ടു. ഇടവഴികൾ, ട്യൂഷൻ ക്ളാസുകൾ, പൊതുയിടങ്ങൾ അങ്ങനെയങ്ങനെ. സിനിമകൾ ഏറെ സ്വാധീനിക്കുന്ന സമയമാണല്ലോ അത്. സിനിമകളിലെല്ലാം സ്ത്രീകൾക്ക് നേരെയാണ് അത്തരം ആക്രമണങ്ങളുണ്ടായിരുന്നത്. ആ ആക്രമണങ്ങളാണ് ഞാനൊരു പുരുഷനല്ല എന്ന ചിന്ത എന്നിൽ കടത്തിവിട്ടത്. എന്നാൽ, സ്ത്രീ ആണോ എന്ന സംശയമായിരുന്നു ഉള്ളിലാകെ. ഒന്നിനും കൊള്ളാത്തവൻ എന്ന അഭിപ്രായമായിരുന്നു വീട്ടിലും. അങ്ങനെ ഒമ്പതാംക്ളാസിൽ പഠിക്കുമ്പോൾ പഠനം ഉപേക്ഷിച്ച് ജോലിയ്ക്ക് ചേർന്നു.
സ്വർണപ്പണിയായിരുന്നു ആദ്യം ചെയ്തത്. എന്നാൽ, ജോലിസ്ഥലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അങ്ങനെ പല ജോലികൾ മാറിമാറി ചെയ്തു. എല്ലായിടത്തും ചൂഷണത്തിന് ഇരയാവുകയായിരുന്നു. അങ്ങനെയാണ് അപ്പയുടെ സുഹൃത്ത് വഴി ബാംഗ്ളൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ശരിയാവുന്നത്. അവിടെ വച്ചാണ് ഞാനെന്റെ ഐഡന്റിറ്റി തിരിച്ചറിയുന്നത്. ട്രാൻസ്ജെൻഡേഴ്സിനായുള്ള കൂട്ടായ്മകളിലൂടെ എന്നിലെ സ്ത്രീത്വം ഞാൻ മനസിലാക്കി സ്വയം അംഗീകരിക്കുകയായിരുന്നു ആദ്യം. പതിയെ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഇത്തരം കൂട്ടായ്മകളുടെ ഭാഗമായി തുടങ്ങി. അങ്ങനെയിരിക്കെ എന്റെ വീട്ടുടമസ്ഥൻ വിവരം വീട്ടിലറിയിച്ചു. ബാംഗ്ലൂരിൽ ഞാൻ സാരി ഒക്കെ ഉടുത്ത് നടക്കുകയാണ്. എത്രയും പെട്ടെന്ന് തിരികെ കൊണ്ടുപോയി മാനസിക രോഗത്തിന് ചികിത്സിക്കാനാണ് അദ്ദേഹം നൽകിയ ഉപദേശം. വീട്ടുകാർ എന്നെ തിരികെ വിളിച്ചുകൊണ്ടുപോയി ധ്യാനത്തിന് ഒക്കെ വിട്ടു. അത്തരം ഒരു ജീവിതമല്ല ആഗ്രഹിക്കുന്നതെന്നും എന്നെ മനസിലാക്കുന്നവർ ആരുമില്ലെന്നും തിരിച്ചറിഞ്ഞതോടെ ഞാൻ വീടുവിട്ടു, തിരികെ ബാംഗ്ലൂരിലേക്ക്. ശരിക്കുമൊരു ഒളിച്ചോട്ടമായിരുന്നു അത്.
പുനർജന്മത്തിലെ ഞാൻ
എന്റെ രണ്ടാംജന്മമായിരുന്നു അത്. ട്രാൻസ്ജെൻഡർ എന്ന എന്റെ സ്വത്വം തിരിച്ചറിഞ്ഞുള്ള പ്രവർത്തനമായിരുന്നു പിന്നീട്. ഞാനെങ്ങനെ ആയിരിക്കണം, എങ്ങനെ എന്റെ ഐഡന്റിറ്റി ധൈര്യത്തോടെ തെളിയിക്കണം എന്നൊക്കെ മനസിലാക്കി. ബാംഗ്ളൂരിൽ സംഗമ എന്ന സംഘടനയിൽ വളണ്ടിയർ ആയി പ്രവർത്തിക്കാൻ തുടങ്ങി. നീതി, തുല്യത, അവകാശം എന്നൊക്കെയുള്ള കാര്യങ്ങൾ പഠിച്ചത് അവിടെ വച്ചാണ്. 2006ലാണ് ഞാൻ തിരികെ കേരളത്തിലേക്ക് എത്തുന്നത്. ഫേം ജ്വാല എന്ന സംഘടനയിൽ ജോലി നേടിയാണ് തിരിച്ചുവരവ്. ലൈംഗിക തൊഴിലാളികളായ സ്ത്രീകൾക്ക് വേണ്ടിയും എൽ.ജി.ബി.ടി കമ്മ്യൂണിറ്റിക്ക് വേണ്ടിയും പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ സംഘടനയായിരുന്നു അത്. എങ്ങനെ സാമൂഹ്യപ്രവർത്തനം നടത്താമെന്നും സ്വയം വളരാമെന്നുമെല്ലാം അവിടെ വച്ചു പഠിച്ചു. പൊലീസിനോടും ഗുണ്ടകളോടുമെല്ലാം സംസാരിക്കാനുള്ള ധൈര്യം വന്നു. കമ്മ്യൂണിറ്റി അവേർനസ് എന്നതിലേക്കായിരുന്നു അക്കാലത്ത് എന്റെ ശ്രദ്ധ മുഴുവൻ. 2012ൽ പെഹ്ചാൻ (തിരിച്ചറിവ്) എന്ന പേരിൽ ഒരു പദ്ധതി കേരളത്തിൽ വന്നു. അതിൽ കൗൺസിലറായും മാനേജരായും ജോലി ചെയ്തു. പിന്നീട്, 2014ൽ ഞാൻ സെക്രട്ടറി ആയിരുന്ന എസ്.എം.എഫ്.കെ (സെക്ഷ്വൽ മൈറോററ്റി ഫോറം)സംഘടനയുടെ കീഴിൽ ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി ഒരു സർവേയ്ക്ക് മുൻകൈയെടുത്തു. ആ സർവേയ്ക്ക് ശേഷമാണ് ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രശ്നങ്ങളെ പറ്റി സർക്കാർ മനസിലാക്കിയത്. അത്തരം പ്രവർത്തനങ്ങൾക്കിടെയാണ് എഴുത്തിലേക്കും നാടകത്തിലേക്കും സിനിമയിലേക്കുമെല്ലാം അവസരം വരുന്നത്. നൃത്തം, മോഡലിംഗ് അങ്ങനെ പല മേഖലകളിലേക്കും കഴിവുകൾ വളർത്താനുള്ള സാഹചര്യമൊരുങ്ങി.
പൂർണസ്ത്രീയല്ലെങ്കിലും...
ഹോർമോൺ ചികിത്സയാണ് ഞാൻ ചെയ്യുന്നത്. ശസ്ത്രക്രിയ ചെയ്ത് മുഴുവനായി ഒരു സ്ത്രീയായി ഞാൻ മാറിയിട്ടില്ല. പല ഐഡന്റിറ്റികളുള്ള വിഭാഗമാണ് ഞങ്ങളുടേത്. അതിൽ ട്രാൻസ്ജെൻഡർ പേഴ്സൺ എന്ന് തന്നെ അറിയപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് പൂർണമായും സ്ത്രീ ആയി ഞാൻ മാറാത്തത്. എന്നാൽ, എന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചതു കൊണ്ടാണ് പ്രതീക്ഷിക്കാത്തത്ര ഉയരങ്ങളിലെത്താൻ എനിക്ക് കഴിഞ്ഞത്.