വിക്രം സാരാഭായി ആരായിരുന്നു? നെയ്യാറ്റിൻകര ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപ്പർ സെക്കൻഡറി സ്കോളർഷിപ്പിലെ ചോദ്യങ്ങളിലൊന്ന്. കണക്കിൽ മിടുക്കിയായിരുന്ന പെൺകുട്ടി കണക്കിലെ എല്ലാ ചോദ്യങ്ങൾക്കും അതിനകം ശരിയുത്തരം എഴുതിക്കഴിഞ്ഞിരുന്നു. പൊതുവിജ്ഞാനം വലിയ പിടിയില്ലാത്ത കുട്ടി മാറ്റിവച്ച ആ ചോദ്യത്തിന് അവസാനം ഉത്തരം ഇങ്ങനെ എഴുതി, വിക്രം സാരാഭായി ഒരു സ്പേസ് സെന്റർ ആണ്. കണക്കിലെ ഉത്തരമെഴുത്ത് സാകൂതം ശ്രദ്ധിച്ചിരുന്ന ക്ലാസ് മുറിയിലെ അദ്ധ്യാപകൻ അടുത്തു വന്നു പറഞ്ഞു : മോളേ, വിക്രം സാരാഭായി ഇന്ത്യ കണ്ട മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനാണ്.
''ആ സ്കോളർഷിപ്പ് എനിക്കു കിട്ടി. ആ ഉത്തരവും ആ പരീക്ഷയിലെ വിജയവും എന്റെ ജീവിതത്തെ മാറ്റി. ഒരു റേഡിയോ പോലുമില്ലായിരുന്നു വീട്ടിൽ. സ്കൂൾ, വീട്... വീട്. സ്കൂൾ. ഇതിനിടയിലെ നടത്തത്തിനിടയിൽ കിട്ടുന്നത് മാത്രമായിരുന്നു പൊതുവിജ്ഞാനം. പഠനത്തിൽ ശരാശരിയിൽ താഴെയായിരുന്ന എന്നെ പിടിച്ചുനിർത്തിയത് മുഴുവൻ മാർക്കും ലഭിച്ചിരുന്ന കണക്കാണ്."" - സംസ്ഥാന വനിതാകമ്മീഷനിലെ ലാ ഓഫീസറായ ഗിരിജാപ്രദീപ് തന്റെ അനുഭവങ്ങൾ പറഞ്ഞു തുടങ്ങി.
ഏഴാം ക്ലാസിലെ ആ സ്കോളർഷിപ്പോടെ ഗിരിജ പഠനത്തെ ഗൗരവത്തിലെടുത്തു. അതുവരെയും ഉച്ചഭക്ഷണം എന്ന ലക്ഷ്യം മാത്രമായിരുന്നു സ്കൂളിലേക്ക് പോകുമ്പോൾ. ആറാലുംമൂട്ടിലെ കൃഷ്ണവിലാസത്തിൽ കൃഷ്ണന്റെയും പദ്മാവതിയുടെയും ഏഴുമക്കളിൽ ഇളയവൾ. വിവാഹശേഷം സഹോദരങ്ങളൊക്കെ വീട്ടിൽ നിന്നു മാറിപ്പോയതിനാൽ അച്ഛനുമമ്മയും മാത്രമായിരുന്നു വീട്ടിൽ. നെയ്ത്തു തൊഴിലാളിയായിരുന്ന അച്ഛൻ, ഗിരിജയുടെ കുഞ്ഞുന്നാളിലേ കിടപ്പിലാണ്. അമ്മയുടെ ചെറിയ വരുമാനത്തിലാണ് ജീവിതം. പത്താം ക്ലാസ് കഴിഞ്ഞ് ഐ.ടി.ഐയ്ക്കു പോയി. ഫസ്റ്റ് ക്ലാസിൽ പാസായ ആൾ, അതും ഒരു പെൺകുട്ടി, അക്കാലത്ത് ആ കോഴ്സിനുചേരുക അപൂർവമാണ്. എന്നിട്ടും ഗിരിജ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി.
കൊച്ചിൻ ഷിപ്പ് യാർഡ്, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിൽ നിന്നും ജോലി ഓഫറുകൾ വന്നു. എയർപോർട്ടിലായിരുന്ന മൂത്ത സഹോദരൻ പറഞ്ഞത് ബിരുദമെടുത്താൽ എയർപോർട്ടിൽ നല്ല ജോലി ലഭിക്കുമെന്നാണ്. അങ്ങനെ പ്രീഡിഗ്രിക്കു ചേർന്നു. അതിനു ശേഷം ബി.എസ്സി മാത്സ്. മൂന്നുനാലു കിലോ മീറ്ററുകൾ അകലെയുള്ള ബാലരാമപുരം സാഗർ കോളേജിൽ ട്യൂഷനു പോകുന്നത് രാവിലെ നടന്നാണ്. രാവിലെ ഏഴുമണിക്ക് ട്യൂഷനു പോയിരുന്നത് പത്താം ക്ലാസ് വരെയുള്ള ആൺകുട്ടികളെ അതിരാവിലെ പഠിപ്പിച്ചിട്ടാണ്. വീട്ടുജോലികളും സ്വന്തം പഠനവും തീർക്കുന്നതിനായി മൂന്നു മണിക്കെങ്കിലും ഉണരണം. കോളേജിൽ നിന്നും തിരിച്ചെത്തിയിട്ട് സന്ധ്യയ്ക്ക് പെൺകുട്ടികൾക്ക് ട്യൂഷൻ. ഉറക്കം രണ്ടോ മൂന്നോ മണിക്കൂർ. പഠിച്ചും പഠിപ്പിച്ചും വീട്ടുപണി ചെയ്തും ജീവിതം കഠിനവഴികളിലൂടെ പൊയ്ക്കൊണ്ടിരുന്നു.
''ബിരുദം കഴിഞ്ഞു. അപ്പോഴേക്കും എയർപോർട്ടിലെ നിയമനങ്ങൾ പുറമേ നിന്നുള്ള ഏജൻസിക്കു വിട്ടതിനാൽ ജോലി ലഭിച്ചില്ല. പിന്നെ ഗവൺമെന്റ് ലാ കോളേജിൽ എൽ.എൽ.ബിയ്ക്ക് ചേർന്നു. ഗണിതം പോലെ വഴങ്ങി നിയമവും. പാഠപുസ്തകങ്ങളില്ല, കമ്പ്യൂട്ടറോ മറ്റു സൗകര്യങ്ങളോ ഇല്ല. ലൈബ്രറികളിൽ നിന്ന് ലൈബ്രറികളിലേക്ക് ഓടി നടന്നുള്ള പുസ്തകവായനയും നോട്ടു തയ്യാറാക്കലും. അമ്മ ഉറങ്ങാതിരുന്ന രാത്രികൾ വീണ്ടും. എന്നിട്ടും എൽ.എൽ.ബിയ്ക്ക് യൂണിവേഴ്സിറ്റിയിൽ തന്നെ മികച്ച വിജയം. അക്കാഡമിയിലെ എൽ.എൽ.എം പഠന കാലത്ത് പൊരുതി നിൽക്കേണ്ടി വന്നു. സെമിനാറുകളൊക്കെ അവതരിപ്പിക്കാൻ തുടക്കത്തിൽ പാടുപെട്ടു. എൽ.എൽ.എമ്മിന് രണ്ടാം റാങ്ക് കിട്ടിയപ്പോൾ പത്രത്തിൽ ഫോട്ടോ വന്നു. നാട്ടുകാർ സ്വീകരണവും സമ്മാനമായി ഒരു നിലവിളക്കും തന്നു. കിടപ്പിലായിരുന്നെങ്കിലും അച്ഛൻ ചടങ്ങിനെത്തി. സമ്മാനവുമായി അടുത്തെത്തിയപ്പോൾ അച്ഛൻ കരഞ്ഞു, ഞാനും. നെയ്യാറ്റിൻകര എം.എൽ.എ ആയിരുന്ന എസ്.ആർ. തങ്കരാജ് സാറിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. തിരക്കുള്ള വക്കീലായിരുന്നു അദ്ദേഹം. ഞാൻ കുടുംബകോടതിയിൽ എത്തപ്പെട്ടു. സെക്രട്ടറിയേറ്റിൽ ജോലി ലഭിച്ചപ്പോൾ അങ്ങോട്ടേക്കു പോന്നു. അവിടെ കൂടുതൽ ജീവിതങ്ങൾ തേടി വന്നു. നിയമത്തിനിടയിൽ കുരുങ്ങിക്കിടന്ന ഒരു പാട് മനുഷ്യരെ ഒക്കുംവിധമൊക്കെ സഹായിച്ചു.
അണ്ടർ സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു അമ്മയുടെ മരണം. അമ്മയെ ഓർക്കുമ്പോഴെല്ലാം എന്റെ പഠനകാലയളവ് ഓർത്തു. ടാർപ്പാളിൻ മേഞ്ഞ കൂരകളുള്ള അയൽപക്കങ്ങളെ ഓർത്തു. അവിടെയൊക്കെ കാണില്ലേ അതിരാവിലെ ഉണർന്ന് വീട്ടുപണി തീർത്തതിനു ശേഷം ട്യൂഷനുമെടുത്തിട്ട് മാത്രം പഠിക്കാൻ പോകേണ്ടി വരുന്ന കുട്ടികൾ. ഒരു പഠനസഹായം കിട്ടിയാൽ ജീവിതത്തിൽ ഒരു പുതിയ തുടക്കമാകില്ലേ അവർക്ക്? അങ്ങനെ സ്വന്തം റെസിഡന്റ്സ് അസോസിയേഷൻ വഴി അതിന്റെ പരിധിയിൽ സ്റ്റേറ്റ് സിലബസിൽ പഠിച്ച് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിക്ക് സർക്കാരിന്റെ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്താമെന്നു തീരുമാനിച്ചു.
ഇറങ്ങിത്തിരിച്ചപ്പോൾ അതിത്രയും കടുപ്പമുള്ളതാകുമെന്ന് കരുതിയിരുന്നില്ല. സ്കൂളുകളോ, കോളേജുകളോ അല്ലാതെ ആരും ഇന്നേവരെ എൻഡോവ്മെന്റുകൾ നൽകിയിട്ടില്ല. റെസിഡന്റ്സ് അസോസിയേഷനുകളാകട്ടെ പ്രത്യേകിച്ച് ഒരു വകുപ്പിന്റെ കീഴിലുമല്ല. അതിനാൽ തന്നെ ടാക്സ്, രജിസ്ട്രേഷൻ, നിയമം, ഉന്നതവിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകളിൽ നിന്ന് വകുപ്പുകളിലേക്ക് ആ ഫയൽ സഞ്ചരിച്ചു. സി.ആർ.പി.എഫിൽ ഇൻസ്പെക്ടറായ ഭർത്താവ് പ്രദീപ് കുമാറും മകൾ മൂന്നാം ക്ലാസുകാരി പവിത്രയും തന്ന പിന്തുണ മാത്രമായിരുന്നു ഈ ഉത്തരവിന് പിറകേ നടക്കുമ്പോൾ ഉള്ള ഏക ആശ്വാസം. ഇത്തരത്തിലൊന്ന് സർക്കാർ വഴി നടപ്പാക്കാൻ കഴിയില്ലെന്ന് ഏറെക്കുറെ തീർച്ചയാക്കേണ്ടി വന്നു. ഒരുച്ചനേരം... അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം സാറിനെക്കണ്ട് ഞാൻ ഫയലിന് പിറകിലെ മുഴുവൻ പ്രയാസങ്ങളും പറഞ്ഞു.
ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ടിൽ ഇത്തരം കാര്യങ്ങൾ ഒരു റസിഡന്റ്സ് അസോസിയേഷൻ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല സാർ. ഇത് നടപ്പായാൽ ഒരാൾക്കു പോലും ഇതുമൂലം ദോഷം വരാനില്ലല്ലോ. മറിച്ച് എത്രയോ കുട്ടികൾക്ക് അതൊരു പ്രചോദനമായിത്തീരും. ക്ഷേമകാര്യങ്ങൾക്കുള്ള നിയമനിർമ്മാണങ്ങളിൽ ഇത്തരത്തിലുള്ള നൂലാമാലകൾ നോക്കരുതെന്നാണ് നിയമത്തിൽ പഠിച്ചിട്ടുള്ളത്... ഞാൻ പറഞ്ഞു കൊണ്ടിരുന്നു. എബ്രഹാം സാർ ഒന്നു ചിരിച്ചു. ഗിരിജയുടെ അമ്മ എത്ര വയസിലാണ് മരിച്ചത്? '90-ാം വയസിൽ" സാർ എന്തോ ആലോചിച്ചു. പിന്നെ പറഞ്ഞു: ഇത് ധനവകുപ്പ് ചെയ്യും. ഫയൽ ഞാൻ വിളിപ്പിക്കാം." എന്റെ കണ്ണു നിറഞ്ഞു.
ഒടുവിൽ 2017ആഗസ്റ്റ് 22 ന് എബ്രഹാം സാർ ഒപ്പിട്ട ഉത്തരവ് കേരളാഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോഴും അതിനുശേഷം പ്രാവച്ചമ്പലം സുഹൃദഗ്രാമം റസിഡന്റ്സ് അസോസിയേഷനിലെ അപർണ പദ്മാവതി മെമ്മോറിയൽ എൻഡോവ്മെന്റ് ഏറ്റുവാങ്ങുമ്പോഴും കേരളത്തിൽ അത് ഒരു അപൂർവചരിത്രമായി. അതിന് പിന്നിൽ ഭരണകേന്ദ്രങ്ങളിലെ ഇടനാഴികളിൽ വിയർത്തും കിതച്ചും ഒരു സ്ത്രീ നടത്തിയ ഏകാന്തമായ യാത്രകളുണ്ട്. അവഗണനകളോടുള്ള നിശബ്ദമായ സഹനമുണ്ട്. കേരളത്തിലെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളും ഈ പാത പിന്തുടർന്നാൽ അതൊരു വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഗിരിജാപ്രദീപ് കരുതുന്നു. വിദ്യാഭ്യാസ കാര്യത്തിനല്ലാതെ ചികിത്സാ സഹായത്തിനും ദാരിദ്ര്യ ലഘൂകരണത്തിനുമൊക്കെ ഈ മാതൃകയിൽ എൻഡോവ്മെന്റ് ഏർപ്പെടുത്താം.
'' ഈ എൻഡോവ്മെന്റിന് ഒരു പ്രത്യേകതയുണ്ട്. പണം നൽകുന്ന ആളല്ല ആർക്ക് ഇത് കൊടുക്കണമെന്നു തീരുമാനിക്കുന്നത്. തീരുമാനം റസിഡന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവിന്റേതാണ്. പണമാകട്ടേ സർക്കാരിന്റെ ഓഡിറ്റ് വകുപ്പിലും ആണ് ഡെപ്പോസിറ്റ് ചെയ്യേണ്ടത്. ചുരുക്കത്തിൽ, സർക്കാരിൽ നിന്നുള്ള ഒന്നായി ആരുടെയും ഔദാര്യമെന്ന നിലയ്ക്കല്ലാതെ ഏതൊരാൾക്കും അന്തസായി സ്വീകരിക്കാവുന്ന ഒരു എൻഡോവ്മെന്റാണ് ഗിരിജയുടെ പരിശ്രമത്തിൽ നടപ്പായിരിക്കുന്നത്. ഇത് ആൾക്കാർ ഏറ്റെടുക്കേണ്ടതാണ്."" സഹപാഠിയും മൂവാറ്റുപുഴ സബ്ജഡ്ജുമായ വി. ഉദയകുമാർ പറയുന്നു.
ജോലിയിൽ നിന്ന് ഇപ്പോൾ ലീവിലാണ് ഗിരിജാ പ്രദീപ്. കുറച്ചുനാളായി ആർ.സി.സിയിൽ ചികിത്സയിലാണ്. മൂന്നാമത്തെ കീമോ കഴിഞ്ഞു. വേദനകാരണം രാത്രികളിൽ ഉറക്കം തീരെക്കുറവാണ്. പക്ഷേ രോഗത്തേക്കാൾ വലിയ വേദന ഇത്ര മാത്രം പരിശ്രമിച്ച് പുറത്തിറക്കിയ സർക്കാർ ഉത്തരവിനെ ഏറ്റെടുക്കാൻ രണ്ടാമതൊരു സംഘടന വന്നില്ല എന്നോർക്കുമ്പോഴാണെന്ന് അവർ പറഞ്ഞു. ഓരോ ഫോൺ കോളിലും അവർക്ക് പ്രതീക്ഷയാണ്. 'മാഡം, ഞങ്ങളുടെ റസിഡന്റ്സ് അസോസിയേഷൻ വഴിയും ഇതേ പോലെ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്തണമെന്നുണ്ട്. അതിന് എന്ത് ചെയ്യണം?"ഇന്നേ വരെ അങ്ങനെ ഒരു കാൾ വന്നിട്ടില്ല. നന്മ ചെയ്യാൻ നമ്മൾ പ്രളയം വരാൻ വരെ കാത്തിരിക്കണോ? ചുറ്റും വെറുതെ നോക്കിയാൽ പോലും കാണാവുന്നതല്ലേ ഉള്ളൂ നമുക്കു സഹായിക്കാവുന്നവർ?
അവർ ചോദിക്കുന്നു. കേരളം പരിഗണിക്കേണ്ടതുണ്ട് ഈ ഓർമ്മപ്പെടുത്തൽ. കാതോർക്കണം ആത്മാർത്ഥതയുടെ ഈ വാക്കുകൾ. മനസിലാക്കുകയും മാറ്റപ്പെടുകയും തന്നെ വേണം നമ്മുടെ ശ്രദ്ധക്കുറവുകൾ.
(ലേഖകന്റെ ഫോൺ : 98463 95526)