മുംബയ്: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി.കഴിഞ്ഞ ദിവസം റാണ കപൂറിന്റെ മുംബയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു.
രാജ്യം വിടുന്നത് തടയാൻ കപൂറിനും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാർക്കുമെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡി.എച്ച്.എഫ്.എല്ലിന് അനധികൃതമായി വായ്‌പ നൽകിയതിന് പിന്നാലെ റാണ കപൂറിന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയതായി ആരോപണമുയർന്നിരുന്നു. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി വ്യാഴാഴ്ച നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനെതിരെ ഉപയോക്തക്കളുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങളുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കിടയിൽ എടിഎമ്മുകളിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാമെന്ന് ശനിയാഴ്ച രാത്രി യെസ് ബാങ്ക് ട്വീറ്റ് ചെയ്തിരുന്നു.
You can now make withdrawals using your YES BANK Debit Card both at YES BANK and other bank ATMs. Thanks for your patience. @RBI @FinMinIndia
— YES BANK (@YESBANK) March 7, 2020