vani-devi-

ഇന്ന് അന്താരാഷ്ട്ര വനിത ദിനമായി ലോകം കൊണ്ടാടുകയാണ്. ഈ സുദിനത്തില്‍ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ച് കരുത്താര്‍ജ്ജിച്ച ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനശാസ്ത്രജ്ഞയായ വാണി ദേവി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെട്ട നൂറുകണക്കിന് പേരെ കേള്‍ക്കുമ്പോഴും പത്തു വര്‍ഷം മുന്‍പ് മകളുടെ ആരോഗ്യ പ്രശ്നവുമായി കാണാനെത്തിയ വീട്ടമ്മയുടെ ജീവിതത്തെ കുറിച്ച് ഓര്‍ക്കുകയാണ് അവര്‍.

കുഞ്ഞിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടു തന്റെയടുക്കലെത്തിയ സാധാരണക്കാരിയായ വീട്ടമ്മയെ കാത്തു നിരവധി പ്രതിസന്ധികളാണ് ഒന്നിന് പുറകേ ഒന്നായി കടന്നുവന്നത്. കുടുംബത്തിലെ അസ്വാരസ്യങ്ങളും, സാമ്പത്തിക പ്രതിസന്ധിയും, കാന്‍സറിന്റെ രൂപത്തില്‍ ആരോഗ്യ പ്രശ്നങ്ങളും അവരെ വേട്ടയാടി. എന്നാല്‍ ഇതിനെയെല്ലാം സമചിത്തയോടെ നേരിട്ട ജീവിത കഥയാണ് ഇത്തവണത്തെ വനിത ദിനത്തില്‍ വാണി ദേവി പരിചയപ്പെടുത്തുന്നത്. മനശാസ്ത്രജ്ഞയുടെ വാക്കുകള്‍ :

ഏകദേശം പത്ത് വര്‍ഷം മുന്‍പ് ആയിരിക്കും ഞാന്‍ ആ അമ്മയെ കണ്ടത്. ഏതൊരമ്മയെയും മാനസികമായി തളര്‍ത്തുന്ന ഒരു അവസരത്തില്‍ . തന്റെ കുഞ്ഞിന് ബുദ്ധിവൈകല്യം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ദിവസം ആ അമ്മക്ക് സഹിക്കാനാവാത്ത സങ്കടം ഉണ്ടായിരുന്നു. എന്താണ് ഇനി ചെയ്യേണ്ടത് ,എന്തിന് എന്റെ കുഞ്ഞ് എന്ന് നൂറു ചോദ്യങ്ങള്‍ ഉണ്ടായിരുന്നപ്പോഴും അന്ന് ആ അമ്മയില്‍ ഒരു ശക്തി കാണാന്‍ കഴിഞ്ഞു. സൈക്കോ എഡ്യൂക്കേഷന്‍ നല്‍കി കാര്യങ്ങള്‍ മനസിലാക്കിച്ചപ്പോഴേക്കും ആ അമ്മ ഒരു ദ്യഢനിശ്ചയം എടുത്തിരുന്നു. എന്റെ മകള്‍ക്ക് വേണ്ടി ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്യും എന്ന്. കുട്ടിയെ പരിശീലിപ്പിക്കുന്നതിന് വേണ്ടി രാവും പകലും ആ അമ്മ മാറ്റിവച്ചു. പതിയെ കുട്ടിയില്‍ നേരിയ പുരോഗതി കണ്ടു തുടങ്ങി.

അപ്പോഴാണ് കുടുംബത്തിലെ ചില താളപ്പിഴകളും കുടുംബ ബിസിനസ്സിലെ ഭീമമായ നഷ്ടവും ആ അമ്മയെയും, കുടുംബത്തെയും തേടി വരുന്നത്. ഭര്‍ത്താവ് മാനസികമായും , സാമ്പത്തീകമായും തളര്‍ന്ന് ഇനി എന്ത് എന്ന ചോദ്യവുമായി നിരാശയിലേക്കാണ്ടു പോയത് , അന്നും ആ സ്ത്രീയിലെ ശക്തി തിരിച്ചറിയാന്‍ എനിക്കായി, കുഞ്ഞിന്റെ ചികിത്സയും, പരിശീലനവും, ഒപ്പം നഷ്ടത്തിലായ ബിസിനസ്സ് തിരിച്ച് പിടിക്കാനുള്ള ശ്രമം, സാമ്പത്തികമായ എല്ലാ ഇടപാടുകളും ക്രമീകരിക്കുക, സ്ഥാപനത്തിലെ ജീവനക്കാരെ നിയന്ത്രിക്കുക,അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കടം തിരിച്ച് വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക തുടങ്ങി ഒരു പൂര്‍ണ്ണ ബിസിനസ്സുകാരിയായിട്ട് അവര്‍ മാറുകയായിരുന്നു.

ഇതിനൊപ്പം ഭര്‍ത്താവിനെയും ഒരു കൊച്ചു കുഞ്ഞിനെ പോലെ പരിചരിക്കണം. മാനസികമായി തളര്‍ന്ന ഭര്‍ത്താവിന് ധൈര്യം കൊടുക്കാനും തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാനും അവര്‍ നന്നേ പരിശ്രമിച്ചിരുന്നു. പക്ഷെ എന്നും എന്നെ ആകര്‍ഷിച്ചിരുന്നത് ഈ പ്രശ്നങ്ങളുടെ നടുവിലും അവരുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്ന ചിരിയാണ്. സാവധാനം കടങ്ങളൊക്കെ തീര്‍ക്കുകയും, ബിസിനസ് വീണ്ടും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു' ഭര്‍ത്താവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തു. എന്നാല്‍ ആ സമാധാനവും അധികം നീണ്ടു നിന്നില്ല , ആ അമ്മയ്ക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ചികിത്സയും, വിശ്രമവും , ആയി പോകുന്ന കാലം. പക്ഷെ അവര്‍ നിരന്തരം പ്രയത്നിച്ചു കൊണ്ടിരുന്നു. തന്റെ മകളുടെ പുരോഗതിക്കായി . യാത്ര ചെയ്യാന്‍ പറ്റാതെ വിശ്രമത്തിലായിരുന്നപ്പോഴും, തന്റെ രോഗത്തിന്റെ വേദന അതിന്റെ മൂര്‍ധന്യത്തിലായിരുന്നപ്പോഴും വളരെ ഉത്സാഹത്തോടെ തന്റെ മകള്‍ക്ക് നല്‍കേണ്ടുന്ന പരിശീലനങ്ങളും പരിചരണങ്ങളും അവര്‍ നല്‍കി കൊണ്ടിരുന്നു. സ്ഥിരമായി ഫോണിലൂടെ കുട്ടിയുടെ പുരോഗതിയെക്കുറിച്ച് എന്നോട് പറയുകയും, ഓരോ ഏീമഹ ലെ േചെയ്യുമ്പോഴും അതിലേക്കെത്താന്‍ ഉത്സാഹത്തോടെ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ അവര്‍ ക്യാന്‍സറിനെ ധീരമായി പൊരുതി തോല്‍പ്പിക്കുകയും, അതിനൊപ്പം തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന എല്ലാ ദുരന്തങ്ങളെഅതി ജീവിക്കുകയും ചെയ്ത് ഒരു സന്തോഷവതിയായ അമ്മയായും, കുടുംബിനിയായും, അതിലുപരി ഒരു സംരഭകയായും തന്റെ ജീവിതത്തിലും തനിക്ക് ചുറ്റുമുള്ള വരിലേക്കും വെളിച്ചമേകുന്നു.

സ്ത്രീയുടെ ശക്തി തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെ ആണ്. സ്ത്രീ അബലയാണ് എന്ന് പറയുമ്പോഴും സ്ത്രീയുടെ ശക്തി പലതുണ്ട്. ശാരീരികമായും, വൈകാരികമായും, സാമൂഹിക പരമായും പല കാര്യങ്ങളും വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഒരു സ്ത്രീക്ക് സ്വന്തമാണ്. സ്വന്തം ശക്തി എന്തെന്ന് സ്വയം തിരിച്ചറിയുക, ഒരോ ദിവസവും ഇന്നലത്തേതിനെക്കാള്‍ മികച്ചതാക്കാന്‍ പരിശ്രമിക്കുക. താരതമ്യം ചെയ്യുന്നതും, പൊരുതുന്നതും അവനവനോട് തന്നെ ആകുക . ഏതൊരു കാര്യത്തെയും സന്തോഷത്തോടെ നേരിടുക. മറ്റുള്ളവരുടെ അംഗീകാരത്തിനായി കാത്തു നില്‍ക്കാതെ സ്വന്തം കഴിവുകളെ സ്വയം അംഗീകരിക്കുക. ആനക്കാനയുടെ ശക്തി അറിയില്ല എന്ന് പറയുന്നത്‌പോലെ സ്ത്രിയുടെ ശക്തി അറിയാതെ പോകരുത്.

( പ്രമുഖ മനശാസ്ത്രജ്ഞയാണ് ലേഖിക : ഫോൺ +91 94968 14274)