കൊല്ലം: വളർത്തുനായയുടെ വിരലിൽ കുടുങ്ങിയ മോതിരം ആശുപത്രിയെത്തിച്ച് ഡോക്ടർമാരുടെ സഹായത്തോടെ ഊരി മാറ്റി. ചന്ദനത്തോപ്പ് കോട്ടായിക്കോണത്ത് മായയുടെ വീട്ടിലെ ഏഴ് വയസുള്ള വളർത്തുനായയുടെ മുൻ വശത്തെ വലതുകാലിന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്. മായയുടെ മകൾ സഞ്ജനയാണ് സ്നേഹസമ്മാനമായി മോതിരം വാങ്ങി തങ്ങളുടെ പ്രിയപ്പെട്ട നായയുടെ വിരലിൽ അണിയിച്ചത്. എന്നാൽ നായ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടൻ തന്നെ നായയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ ഏറെനേരം പണിപ്പെട്ടെങ്കിലും മോതിരം ഊരിമാറ്റാൻ നായ സഹകരിച്ചില്ല. തുടർന്ന് മരുന്ന് നൽകി മയക്കിയ ശേഷം മോതിരം മുറിച്ച് മാറ്റുകയായിരുന്നുവിരലിൽ ചെറിയ മുറിവുണ്ടായെങ്കിലും ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെയാണ് നായ സഞ്ജനയോടൊപ്പം മടങ്ങിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാരായ നിജിൻ ജോസ്, അജിത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മോതിരം ഊരിമാറ്റിയത്.