നിപ്പയേയും, കൊറോണയേയും ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന കേരള ആരോഗ്യ വകുപ്പിനെ ലോകം ഒന്നടങ്കം മാതൃകയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച് ബി.ബി.സി ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നൊക്കെ എത്തുന്നവരെയും കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയുമൊക്കെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിന് വിധേയമാക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്.
കൊറോണ സംശയിക്കുന്ന ഒരാളെ ക്വാറന്റൈൻ ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലൂടെ സോളോ ബൈക്ക് ട്രിപ് കഴിഞ്ഞെത്തിയ ട്രാവലർ ഷക്കീറാണ് തന്റെ ട്രാവൽ ബ്ലോഗിലൂടെ കേരളം കൊറോണയെ എങ്ങനെ നേരിടുന്നെന്ന് കാണിച്ചുതരുന്നത്.
വിമാനത്താവളത്തിൽ അയാൾക്ക് വഴിയൊരുക്കി പത്ത് മീറ്റർ ഇടവിട്ട് മറ്റൊരാൾ മാസ്ക് ധരിച്ച് നടക്കുന്നുണ്ട്. അടുത്തേക്ക് വരുന്ന മറ്റാളുകളെ മാറ്റി വിടുകയാണ് അയാൾ ചെയ്യുന്നത്. വീഡിയോയിൽ വിമാനത്താവളത്തിന് പുറത്ത് സ്റ്റാർട്ട് ചെയ്ത് കാത്തിരിക്കുന്ന ആംബുലൻസ് കാണാം. പേടിക്കേണ്ടയെന്ന് നിർദ്ദേശങ്ങളും നൽകിയാണ് രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളെ വണ്ടിയിലേക്ക് കയറ്റുന്നത്. ശേഷം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക്. ഇവിടെയുള്ള സൗകര്യങ്ങളും വീഡിയോയിൽ കാണാം.