ന്യൂഡൽഹി: ഹൈദരാബാദില്‍ 26കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ ഒരു പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്‍റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയും മകളും പ്രാദേശിക സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. നാരായൺപേട്ട് ജില്ലയിലെ മക്തൽ മണ്ഡലമായ ഗുഡിഗണ്ട്ല ഗ്രാമമാണ് ചെന്നകേശവലുവുന്‍റെ സ്വദേശം. സംഭവം നടക്കുന്ന സമയം ചെന്നകേശവുലുവിന്‍റെ ഭാര്യ ഗർഭിണിയായിരുന്നു.
യുവതി നാരായൺപേട്ട് ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു. അതേസമയം, അമ്മയുടെയും നവജാത ശിശുവിന്റെയും ചിലവുകാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ഒരു എൻ.ജി.ഒ സംഘടന ആവശ്യപ്പെട്ടു. പോക്സോ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
ഇക്കഴിഞ്ഞ നവംബർ 26നാണ് വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതത്. ഷംഷാബാദിനടുത്തുള്ള തോഡപ്പള്ളി ടോൾ പ്ലാസയിലാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ നാല് പ്രതികളും പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആരോപണത്തെ തുടർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി)നിയോഗിച്ചു.