തിരുപ്പതി: സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന് മേൽ റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം ബാങ്കിൽ നിന്ന് 1300 കോടി രൂപ പിൻവലിച്ചിരുന്നു. തിരുമല തിരുപ്പതി ദേവസ്വം ഇത്രയും വലിയൊരു തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നത് മുൻകൂട്ടി അറിഞ്ഞതുകൊണ്ടാണോ എന്ന സംശയം ചിലരിൽ ഉടലെടുത്തിരുന്നു.
ഈ സാഹചര്യത്തിൽ വിശദീകരണവുമായി ഭാരവാഹികൾ രംഗത്തെത്തിയിരിക്കുകയാണ്. 'കഴിഞ്ഞ ഒക്ടോബറിലാണ് 1300 കോടി രൂപ പിൻവലിച്ചത്. ഇതിന് ബാങ്ക് പ്രതിസന്ധിയുമായി ഒരു ബന്ധവുമില്ല.നിക്ഷേപ കാലാവധി ഒക്ടോബറിൽ പൂർത്തിയായിരുന്നു. അതിനാലാണ് പണം പിൻവലിച്ചത്. അതിൽ അസ്വഭാവികതയൊന്നും ഇല്ല'-അധികൃതർ അറിയിച്ചു.
യെസ് ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിയന്ത്രിച്ചിരുന്നു. റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരം ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിക്ഷേപകരിൽ ഇത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.