murder

ഹൈദരാബാദ്: മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയായ പിതാവ് മരിച്ച നിലയിൽ. തെലങ്കാനയിൽ കോളിളക്കം സൃഷ്ടിച്ച പ്രണയ് കുമാർ ദുരഭിമാനക്കൊലയിലെ മുഖ്യപ്രതി മാരുതി റാവുവിനെ ഹൈദരാബാദിലെ ചിന്താൽബസ്തിയിലെ ആര്യ വൈശ്യ ഭവനിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.ആര്യ വൈശ്യ ഭവനിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു റാവു. ഡ്രൈവർ രാവിലെ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന്, ആര്യ ഭവൻ ജീവനക്കാരുടെ സഹായത്തോടെ മുറി കുത്തിത്തുറന്ന് നടത്തിയ പരിശോധനയിലാണ് റാവുവിനെ അബോധാവസ്ഥയിൽ കണ്ടത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് റാവു ജാമ്യത്തിലിറങ്ങിയത്.

.

അരുംകൊലയുടെ സൂത്രധാരൻ

റാവുവിന്റെ മകൾ അമൃതവർഷിണി നൽഗോണ്ട സ്വദേശി പ്രണയ് കുമാറിനെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാൽ, മുന്നാക്കജാതിക്കാരിയായ മകൾ ദളിത് ക്രിസ്ത്യൻ വിഭാഗക്കാരനെ വിവാഹം ചെയ്തത് റാവുവിന് സഹിക്കാനായില്ല. ഗർഭിണിയായിരുന്ന അമൃതവർഷിണിക്കും മാതാവിനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങുമ്പോൾ 2018 സെപ്തംബറിൽ മിരിയാൽഗുഡയിലെ ആശുപത്രിയ്ക്ക് മുന്നിൽ വെച്ച് പ്രണയിനെ അതിക്രൂരമായി മാരുതി റാവു നിയോഗിച്ച ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘം പിടിയിലായതോടെ മാരുതി റാവു, ബന്ധുക്കളായ ശരവണൻ, പ്രാദേശിക കോൺഗ്രസ് നേതാവ് അബ്ദുൾ കരീം എന്നിവരുടെ പങ്കും തെളിഞ്ഞു.

തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിലെ പശ്ചാത്താപം കൊണ്ടാകാം പിതാവ് ജീവനൊടുക്കിയതെന്നും പ്രണയിന്റെ മരണശേഷം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും മരണവിവരം മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും അമൃത വർഷിണി പറഞ്ഞു.