tour

ചെന്നൈ: കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ നടപ്പുവർഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിൽ 16 ശതമാനം വർദ്ധനയുണ്ടായെന്ന് കേരളാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പ്രദീപ് ചന്ദ്രൻ പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനായി ചെന്നൈയിൽ സംഘടിപ്പിച്ച ടൂറിസം മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് എക്കാലത്തെയും ഉയർന്ന നിരക്കിലാണുള്ളത്. തമിഴ്‌നാട്ടിൽ നിന്ന് പ്രതിവർഷം 17 ലക്ഷത്തോളം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കാറുണ്ട്. ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന കേരളാ ടൂറിസം മീറ്രിന്റെ ഭാഗമായിരുന്നു ചെന്നൈയിലെ പരിപാടി. കേരളത്തിൽ ഉത്സവകാലമെത്തുകയാണ്. വിഷു, ഓണം, പൂരങ്ങൾ തുടങ്ങിയവ കൂടുതൽ സഞ്ചാരികളെത്തുന്ന കാലമാണ്. ട്രാവൽ ഏജന്റുമാരുമായുള്ള ചർച്ചകൾക്ക് പുറമേ തനത് കേരളീയ കലകളുടെ അവതരണവും ചെന്നൈയിലെ ടൂറിസം മീറ്റിൽ നടന്നു.