
റോം: വത്തിക്കാൻ സിറ്റിയിൽ ആദ്യ കൊറോണ കേസ് (കൊവിഡ് -19) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച പ്രാർത്ഥന അടക്കമുള്ള ചടങ്ങുകൾ വീഡിയോ വഴിയാക്കി.
എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികൾ ഒന്നിച്ചുകൂടുമ്പോൾ കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനാലയ്‌ക്കരികിൽ നിന്നാണ് ആണ് പോപ്പ് പ്രാർത്ഥന നടത്തിയിരുന്നത്. വിശ്വാസികൾ ഒന്നിച്ചുകൂടുന്നത് കൊറോണ പരക്കാൻ കാരണമാകുമെന്നതിനാൽ ഞായറാഴ്‌ച പ്രാർത്ഥന ഉൾപ്പെടെയുള്ള പൊതുപരിപാടികൾ ഒഴിവാക്കാനാണ് മാർപാപ്പയുടെ തീരുമാനം.
പ്രാർത്ഥനകളും വിശുദ്ധകർമ്മങ്ങളും വീഡിയോ ആയി ചിത്രീകരിക്കും. പ്രാർത്ഥനകൾ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലടക്കം വലിയ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. 15വരെ നിത്യകുർബാനകളും ഒഴിവാക്കി. ജലദോഷം ബാധിച്ചതിനെത്തുടർന്ന് മാർപാപ്പയെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.